BREAKING NEWSKERALA

സില്‍വര്‍ ലൈന്‍: റെയില്‍വേ ഭൂമി സംബന്ധിച്ച റിപ്പോര്‍ട്ട് മൂന്നുമാസത്തിനുള്ളില്‍

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്രം ആവശ്യപ്പെട്ട വിശദവിവരങ്ങള്‍ മൂന്നുമാസത്തിനുള്ളില്‍ നല്‍കുമെന്ന് കെറെയില്‍. പദ്ധതിക്ക് റെയിവേ ഭൂമി ഉപയോഗിക്കുന്നതിനെപ്പറ്റിയുള്ള വിവരങ്ങളാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യത്തില്‍ വിശദ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് തീരുമാനം. സര്‍വേക്കല്ലുകള്‍ സ്ഥാപിക്കുന്നത് സാമൂഹികാഘാത പഠനത്തിനാണെന്നും കെറെയില്‍ വിശദീകരിക്കുന്നു.
റെയില്‍വേയുടെ സ്ഥലത്ത് കെറെയിലിന്റെ സര്‍വേക്കല്ലുകള്‍ സ്ഥാപിക്കാനാകില്ലെന്നാണ് കേന്ദ്ര നിലപാട്. റെയില്‍വേയുടെ എത്ര ഭൂമി പദ്ധതിക്ക് ഉപയോഗിക്കുന്നുവെന്നതു സംബന്ധിച്ച് വിശദീകരണവും ആവശ്യപ്പെട്ടിരുന്നു. പദ്ധതിയുടെ അനുമതിക്കുവേണ്ട നടപടികള്‍ കൈക്കൊള്ളുന്നതിനിടെയാണ് കേന്ദ്രം വിശദ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. പിന്നാലെ ഭൂമി ഏറ്റെടുക്കലിന് കോടതിയില്‍ എതിര്‍പ്പും അറിയിച്ചു.
പദ്ധതിക്ക് ഭൂമി ഇപ്പോള്‍ ഏറ്റെടുക്കുന്നില്ലെന്നാണ് കെറെയിലിന്റെ വിശദീകരണം. അന്തിമാനുമതി ലഭിച്ച ശേഷമേ ഭൂമി ഏറ്റെടുക്കലുണ്ടാവൂ എന്ന് സര്‍ക്കാര്‍ നേരത്തേ വ്യക്തമാക്കിയതാണെന്ന് കെറെയില്‍ എം.ഡി വി. അജിത് കുമാര്‍ പറഞ്ഞു.
കല്ലുകള്‍ സ്ഥാപിച്ചാലേ ഓരോ വ്യക്തിയുടെയും എത്ര ഭൂമി ഏറ്റെടുക്കേണ്ടിവരുമെന്നതു സംബന്ധിച്ച് വ്യക്തതയുണ്ടാകൂ. വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച അലൈന്‍മെന്റ് കൊണ്ടുമാത്രം സാമൂഹികാഘാതം കൃത്യമായി കണ്ടെത്താനാകില്ല.
ഈ പഠനം നടത്തുന്നതിനെ ആരും എതിര്‍ത്തിട്ടില്ല. പഠനം നടക്കുകയാണെന്ന് റെയില്‍വേ മന്ത്രി പാര്‍ലമെന്റിലും അറിയിച്ചിട്ടുണ്ട്. അതിനാല്‍ കല്ലിട്ടാല്‍ മാത്രമേ പഠനം പൂര്‍ത്തിയാക്കാനാകൂവെന്ന നിലപാട് ആവര്‍ത്തിക്കുകയാണ് സംസ്ഥാനസര്‍ക്കാര്‍.
സംസ്ഥാനം മുന്നോട്ടുവെക്കുന്ന ഒരു പദ്ധതിക്ക് കേന്ദ്രത്തിന് ഒറ്റയടിക്ക് അനുമതി നിഷേധിക്കാനാവില്ല. രാഷ്ട്രീയ സമ്മര്‍ദങ്ങളുടെ ഫലമായി കാലതാമസമുണ്ടായേക്കാം. അതിനാല്‍ കേന്ദ്രം മുന്നോട്ടുവെക്കുന്ന പദ്ധതികളുമായി യോജിച്ചുപോകുന്നതാണ് സില്‍വര്‍ ലൈന്‍ പദ്ധതിയെന്ന് ബോധ്യപ്പെടുത്തി അനുമതി നേടിയെടുക്കാനാണ് സംസ്ഥാനസര്‍ക്കാരിന്റെ ശ്രമം.
ദേശീയ റെയില്‍ പ്ലാനിലുള്ള എല്ലാ പദ്ധതികളും 2030നു മുമ്പ് പൂര്‍ത്തിയാക്കുമെന്ന് കേന്ദ്ര ധനമന്ത്രി പ്രഖ്യാപിച്ച സാഹചര്യത്തില്‍ സില്‍വര്‍ ലൈന്‍ അനുമതിക്ക് തടസ്സമുണ്ടാകില്ലെന്ന് സംസ്ഥാനസര്‍ക്കാര്‍ കരുതുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker