ന്യൂഡല്‍ഹി: എന്‍.ഡി.എ. സഖ്യത്തിനെതിരായ പോരാട്ടങ്ങള്‍ക്കായി പ്രതിപക്ഷ ഐക്യം ഉറപ്പാക്കുന്നതിന് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ഇന്ത്യ സഖ്യത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ കടുത്ത അതൃപ്തി അറിയിച്ച് സി.പി.ഐ. സഖ്യത്തിലെ വലിയ പാര്‍ട്ടികള്‍ ഇടത് പാര്‍ട്ടികളെ ഉള്‍ക്കൊള്ളുന്നില്ലെന്ന് സി.പി.ഐ. ജനറല്‍ സെക്രട്ടറി ഡി.രാജ പറഞ്ഞു.
സഖ്യത്തില്‍ സി.പി.ഐ. ഉള്‍പ്പെടെയുള്ള ഇടതുപാര്‍ട്ടികളെ ഉള്‍ക്കൊള്ളിക്കുന്നില്ലെന്നതാണ് പ്രധാന വിമര്‍ശനങ്ങളിലൊന്ന്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ സീറ്റ് വിഭജനം പോലും പ്രതീക്ഷിച്ചത് പോലെയായിരുന്നില്ലെന്നും അതൃപ്തി ഇതിനോടകം തന്നെ കോണ്‍ഗ്രസിനെ അറിയിച്ചിട്ടുണ്ടെന്നും ഡി.രാജ മാധ്യമങ്ങളോട് പറഞ്ഞു.
സി.പി.ഐക്കും ഇടതുപാര്‍ട്ടികള്‍ക്കും കലര്‍പ്പില്ലാത്ത മതേതര നിലപാടാണുള്ളത്. അവരെ തിരഞ്ഞെടുപ്പ് പോരാട്ടങ്ങളില്‍ നിന്ന് ഒഴിവാക്കാന്‍ സാധിക്കില്ല. വലിയ പാര്‍ട്ടികളുടെ തണുപ്പന്‍ നയങ്ങള്‍ ഇടതുപാര്‍ട്ടികളെ ദോഷകരമായി ബാധിച്ചേക്കും. ഈ പ്രവണതയെ സി.പി.ഐ. ശക്തമായി പ്രതിരോധിക്കുമെന്നും ഡി.രാജ അറിയിച്ചു.
ബി.ജെ.പി-ആര്‍.എസ്.എസ്. പ്രസ്ഥാനങ്ങളെ എതിര്‍ക്കാനും ഭരണഘടനാമൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനുമാണ് ഇന്ത്യ സഖ്യം രൂപീകരിച്ചതെങ്കിലും ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ സുഗമമായിരുന്നില്ല. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന ഘട്ടത്തില്‍ മാത്രമാണ് സീറ്റ് വിഭജനം സംബന്ധിച്ച ചര്‍ച്ചകള്‍ പോലും നടന്നത്. ചെറിയ പാര്‍ട്ടികള്‍ക്ക് ചോയ്സ് പോലും ഇല്ലാതാക്കുന്നതായിരുന്നു ഇതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
58 Less than a minute