ചെന്നൈ: രാജ്യത്തെ ഏറ്റവും പ്രധാന അന്വേഷണ ഏജന്‍സിയായ സി.ബി.ഐയെ നാണക്കേടിലാക്കി കസ്റ്റഡിയിലിരുന്ന സ്വര്‍ണം മോഷണം പോയി. 43 കോടി രൂപയിലധികം വില വരുന്ന 103 കിലോ സ്വര്‍ണാമാണ് സി.ബി.ഐ കസ്റ്റഡിയില്‍ നിന്നും കാണാതായത്. സംഭവത്തില്‍ അന്വേഷണച്ചുമതല കോടതി ലോക്കല്‍ പൊലീസിന് കൈമാറി. സ്വര്‍ണം കാണാതായതു സംബന്ധിച്ച് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യാന്‍ തമിഴ്നാട് സിബി-സിഐഡിയോട് കോടതി നിര്‍ദ്ദേശിച്ചു.അന്വേഷണം സിബിഐയെ സംബന്ധിച്ചിടത്തോളം നാണക്കേടുണ്ടാക്കുമെങ്കിലും കുറ്റക്കാരെങ്കില്‍ നിയമനടപടി നേരിടേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി.
പൊലീസിനു പകരം സി.ബി.ഐയോ ദേശീയ അന്വേഷണ ഏജന്‍സിയോ കേസ് അന്വേഷിക്കണമെന്ന് സിബിഐ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ടെങ്കിലും കോടതി അത് അംഗീകരിച്ചില്ല. പൊലീസുകാരെ വിശ്വാസത്തിലെടുത്തേ മാതിയാവുവെന്നും സി.ബി.ഐക്ക് കൊമ്പില്ലെന്നും ജസ്റ്റ്സ് പി.എന്‍ പ്രകാശ് പറഞ്ഞു.
2012ല്‍ സിബിഐ സുരാന കോര്പറേഷന് ലിമിറ്റഡില്‍നിന്ന് പിടിച്ചെടുത്ത 400.5 കിലോ സ്വര്‍ണത്തില്‍ നിന്നാണ് 103 കിലോ കാണാതായതത്. സുരാനയുടെ നിലവറയില്‍ സിബിഐ സീല്‍ ചെയ്ത് പൂട്ടിയ സ്ഥലത്തുനിന്നാണ് സ്വര്‍ണം കാണാതായത്. സ്വര്‍ണ സൂക്ഷിച്ച സ്ഥലത്തിന്റെ 72 താക്കോലുകള്‍ ചെന്നൈ പ്രിന്‍സിപ്പല്‍ സ്പെഷ്യല്‍ കോടതിയില്‍ കൈമാറിയെന്നാണ് സിബിഐ പറയുന്നത്. തൂക്കിയപ്പോള്‍ ഉണ്ടായ പിഴവാണ് കാരണമെന്നും സിബിഐ പറയുന്നു. സ്വര്‍ണം പിടിച്ചെടുത്തപ്പോള്‍ ഒരുമിച്ചാണ് തൂക്കിയത്. എന്നാല്‍, സുരാനയും എസ്ബിഐയും തമ്മിലുള്ള വായ്പ ഇടപാടുകള്‍ അവസാനിപ്പിക്കുന്നതിനായി ഓരോ ആഭരണവും പ്രത്യേകമായാണ് തൂക്കിയത്. അതുകൊണ്ടാണ് തൂക്കം തമ്മില്‍ പൊരുത്തക്കേടുണ്ടായതെന്നും സിബിഐ പറയുന്നു.