BREAKINGNATIONAL
Trending

സീതാറാം യെച്ചൂരി അന്തരിച്ചു

 

ന്യൂഡല്‍ഹി: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി(72) അന്തരിച്ചു. ദില്ലിയില്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) ചികിത്സയില്‍ തുടരവേയാണ് അന്ത്യം. ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്നായിരുന്നു അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
സിപിഎം ജനറല്‍ സെക്രട്ടറിയാകുന്ന അഞ്ചാമനാണ് സീതാറാം യെച്ചൂരി. 2015ലെ വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസിലാണ് സീതാറാം യെച്ചൂരി പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാകുന്നത്. ഉജ്ജ്വല പാര്‍ലമെന്റേറിയന്‍ കൂടിയായ യെച്ചൂരി തൊണ്ണൂറുകള്‍ തൊട്ട് ദേശീയ തലത്തില്‍ ജനാധിപത്യ മതേതര ചേരി കെട്ടിപ്പടുക്കുന്നതിന്റെ നെടുന്തൂണായിരുന്നു. ആധുനികകാലത്ത് ഇന്ത്യയില്‍ വിപ്ലവ പ്രസ്ഥാനത്തെ നയിക്കാന്‍ ഏറ്റവും ശക്തനും പ്രാപ്തനുമായ ഒരു നേതാവിനെയാണ് യെച്ചൂരി വിടവാങ്ങുമ്പോള്‍ നഷ്ടമാകുന്നത്.
1952 ഓഗസ്റ്റ് 12-നാണ് യെച്ചൂരി ജനിച്ചത്. അച്ഛന്‍ സര്‍വേശ്വര സോമയാജുല യെച്ചൂരിയും അമ്മ കല്‍പകം യെച്ചൂരിയും ആന്ധ്രാപ്രദേശിലെ കാക്കിനാഡ സ്വദേശികളാണ്. യെച്ചൂരിയുടെ പിതാവ് ആന്ധ്രാപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനില്‍ എഞ്ചിനീയറായിരുന്നു. അമ്മ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥയായിരുന്നു. ഹൈദരാബാദിലെ ഓള്‍ സെയിന്റ്‌സ് ഹൈസ്‌കൂളിലായിരുന്നു യെച്ചൂരിയുടെ സ്‌കൂള്‍ വിദ്യാഭ്യാസം.
പിന്നീട് ദില്ലിയിലെ പ്രസിഡന്റ്‌സ് എസ്റ്റേറ്റ് സ്‌കൂളില്‍ ചേര്‍ന്ന അദ്ദേഹം സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എഡ്യൂക്കേഷന്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ അഖിലേന്ത്യാ ഒന്നാം റാങ്ക് കരസ്ഥമാക്കി. തുടര്‍ന്ന് ദില്ലി സെന്റ് സ്റ്റീഫന്‍സ് കോളേജില്‍നിന്ന് ബി.എ ഇക്കണോമിക്‌സില്‍ (ഓണേഴ്സ്) ബിരുദം നേടി. ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയില്‍ (ജെഎന്‍യു) നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ എം.എ പൂര്‍ത്തിയാക്കി. പി.എച്ച്.ഡിയ്ക്കും ജെ.എന്‍.യുവില്‍ ചേര്‍ന്നെങ്കിലും അടിയന്തരാവസ്ഥക്കാലത്ത് അദ്ദേഹത്തിന്റെ അറസ്റ്റോടെ അത് പൂര്‍ത്തിയാക്കാനായിരുന്നില്ല.
എസ്എഫ്‌ഐയിലൂടെയാണ് സീതാറാം യെച്ചൂരി പൊതുപ്രവര്‍ത്തനരംഗത്തേക്ക് വരുന്നത്. അടിയന്തരാവസ്ഥ കാലത്ത് ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലയില്‍ (ജെഎന്‍യു) വിദ്യാര്‍ത്ഥിയായിരിക്കെ അറസ്റ്റ് ചെയ്യപ്പെട്ട് ജെയിലിലായിരുന്നു. 1977 നും 1988 നും ഇടയില്‍ മൂന്ന് തവണ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്റെ പ്രസിഡന്റായിരുന്നു. ജെ.എന്‍.യുവിലെ ഇടതുപക്ഷ സാന്നിധ്യം ശക്തിപ്പെടുത്തിയതിന് മുഖ്യപങ്ക് വഹിച്ചത് യെച്ചൂരിയും പ്രകാശ് കാരാട്ടുമായിരുന്നു.
1978ല്‍ എസ്എഫ്‌ഐയുടെ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട യെച്ചൂരി എസ്എഫ്‌ഐയുടെ അഖിലേന്ത്യാ പ്രസിഡന്റായി. കേരളത്തില്‍ നിന്നോ ബംഗാളില്‍ നിന്നോ അല്ലാത്ത ടഎക യുടെ ആദ്യത്തെ പ്രസിഡണ്ട് അദ്ദേഹമായിരുന്നു.
1975ല്‍ സിപിഐഎം അംഗമായ യെച്ചൂരി 1984-ല്‍ സി.പി.ഐ.എമ്മിന്റെ കേന്ദ്രകമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1992-ലെ പതിനാലാം കോണ്‍ഗ്രസിലാണ് അദ്ദേഹം പൊളിറ്റ്ബ്യൂറോയിലേക്ക് വരുന്നത്. തുടര്‍ന്ന് അഖിലേന്ത്യാതലത്തില്‍ പാര്‍ട്ടിയുടെ മുന്‍നിരനേതാവായി അദ്ദേഹം മാറുകയായിരുന്നു. 2015ലെ വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസില്‍ ഐകകണ്‌ഠ്യേനയാണ് യെച്ചൂരിയുടെ സിപിഐഎം ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കുന്നത്. കണ്ണൂരില്‍ നടന്ന 23-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ വെച്ച് അദ്ദേഹം മൂന്നാം തവണയും ജനറല്‍ സെക്രട്ടറിയായി.
ദി വയറിന്റെ എഡിറ്ററും മുമ്പ് ബിബിസി ഹിന്ദി ദില്ലി എഡിറ്ററുമായ സീമ ചിസ്തിയെയാണ് യെച്ചൂരി വിവാഹം കഴിച്ചത്. അദ്ദേഹത്തിന്റെ മകള്‍ അഖില യെച്ചൂരി എഡിന്‍ബര്‍ഗ് സര്‍വകലാശാല, സെന്റ് ആന്‍ഡ്രൂസ് സര്‍വകലാശാല എന്നിവിടങ്ങളില്‍ അധ്യാപികയായിരുന്നു. അദ്ദേഹത്തിന്റെ മകന്‍ ആശിഷ് യെച്ചൂരി 2021 ഏപ്രില്‍ 22-ന് കോവിഡ്-19 ബാധിച്ച് മരിച്ചു.

Related Articles

Back to top button