മലപ്പുറം: തുവ്വൂരിലെ സുജിത കൊലക്കേസിലെ പ്രതികളെ മുഖ്യപ്രതി വിഷ്ണുവിന്റെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി പോലീസ്. കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ളവരെയാണ് തെളിവെടുപ്പിനെത്തിച്ചത്. തെളിവെടുപ്പിന് ശേഷം പ്രതികളെ നാട്ടുകാര്‍ കൈയേറ്റം ചെയ്തു. വിഷ്ണു, സഹോദരങ്ങളായ വൈശാഖ്, വിവേക്, സുഹൃത്ത് മുഹമ്മദ് ഷിഹാന്‍ തുടങ്ങിയവരെയാണ് വീട്ടിലെത്തിച്ച് പോലീസ് തെളിവ് ശേഖരിച്ചത്.
ആദ്യം വീടിനുള്ളില്‍വെച്ചാണ് തെളിവെടുപ്പ് നടത്തിയത്. പിന്നീട് കൊലപാതകം നടത്തിയ സ്ഥലങ്ങളും കൊലപാതകരീതിയും പ്രതികള്‍ വിവരിച്ചു. തെളിവെടുപ്പിന് ശേഷം പ്രതികളെ ജീപ്പില്‍ കയറ്റവേ നാട്ടുകാര്‍ രോഷാകുലരായി. പ്രതികളെ കൈയേറ്റം ചെയ്തു. പോലീസ് ഇതിനെ പ്രതിരോധിച്ചത് സംഘര്‍ത്തിനിടയാക്കി. കൊലപാതകത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന കാര്യം കൃത്യമായി പോലീസ് കണ്ടെത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
മൃതദേഹം കുഴിച്ചിടാനുപയോഗിച്ച ഉപകരണങ്ങളും കണ്ടെത്തിയിട്ടുണ്ട്. പള്ളിപ്പറമ്പ് മാങ്കുത്ത് മനോജിന്റെ ഭാര്യ സുജിതയെ വീട്ടില്‍ വിളിച്ചുവരുത്തിയ ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ജനലില്‍ കെട്ടിത്തൂക്കിയ ശേഷമാണ് മരണം സംഭവിച്ചതെന്നായിരുന്നു പോസ്റ്റ്മോര്‍ട്ടത്തിലെ കണ്ടെത്തല്‍. പിന്നീട് വീട്ടുമുറ്റത്തെ കുഴിയില്‍ മൃതദേഹം മറവുചെയ്യുകയായിരുന്നു. ഫോണ്‍കോളുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പോലീസ് യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവായിരുന്ന വിഷ്ണുവിലേക്കെത്തിയത്.