BREAKING NEWSKERALA

സുപ്രീംകോടതി വിധി കുടിയൊഴിപ്പിക്കുന്നവരെ അവഗണിച്ചുള്ളത്, സമരം കൂടുതല്‍ ശക്തിപ്പെടുത്തും: സില്‍വര്‍ ലൈന്‍ വിരുദ്ധസമിതി

കൊച്ചി: സില്‍വര്‍ ലൈന്‍ വിരുദ്ധ പ്രക്ഷോഭം കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് കെ റെയില്‍ സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതി അറിയിച്ചു. അശാസ്ത്രിയവും അനാവശ്യവുമായ സില്‍വര്‍ ലൈന്‍ പദ്ധതിയുടെ പേരില്‍ കുടിയൊഴിപ്പിക്കല്‍ ഭീഷണി നേരിടുന്ന കുടുംബങ്ങളുടെ നിലപാട് വിശദീകരിക്കാന്‍ അവസരം നിഷേധിച്ചു കൊണ്ടുള്ള സുപ്രീംകോടതി ഉത്തരവ് ജനാധിപത്യത്തെ കളങ്കപ്പെടുത്തുന്നതാണെന്നും സമിതി വിമര്‍ശിച്ചു.
സില്‍വര്‍ ലൈന്‍ പദ്ധതിക്കായുള്ള സാമൂഹികാഘാത പഠനത്തിന്റെ ഭാഗമായുള്ള സര്‍വ്വേ നടത്തുന്നതിന് തടസ്സം നില്‍ക്കാനാവില്ലന്നെ പരാമര്‍ശത്തോടെ അപ്പീല്‍ തള്ളിയ സുപ്രീംകോടതി വിധി, ഈ പദ്ധതിയുടെ പേരില്‍ കുടി ഒഴിപ്പിക്കപ്പെടുന്ന പതിനായിരകണക്കായ ജനങ്ങളുടെ ആശങ്കകള്‍ വേണ്ട രീതിയില്‍ അപഗ്രഥിച്ചുണ്ടായിട്ടുള്ളതല്ല എന്ന് സമരസമിതി വിമര്‍ശിച്ചു.
കേരളമെന്ന അതീവ പരിസ്ഥിതി ലോലമായ ഈ നാട് കൊടിയ പ്രളയവും മണ്ണിടിച്ചിലും ഉരുള്‍ പൊട്ടലും കൊണ്ട് ദുരിതത്തിലാണ്. പരിസ്ഥിതിക്കും ആവാസവ്യവസ്ഥക്കും മേല്‍ വലിയ ആഘാതം സൃഷ്ടിക്കുന്നതാണ് നിര്‍ദ്ദിഷ്ട സില്‍വര്‍ ലൈന്‍ പദ്ധതി. ഈ നാടിനെ സ്‌നേഹിക്കുന്ന ഒരാള്‍ക്കും ഇത്തരമൊരു നിര്‍മ്മാണം അനുവദിക്കാന്‍ കഴിയുകയില്ല.
സില്‍വര്‍ ലൈന്‍പദ്ധതി മൂലം ഇരുപതിനായിരത്തിലേറെ കുടുംബങ്ങള്‍ അനാഥമാക്കപ്പെടും. വമ്പിച്ച കടക്കെണിയില്‍ മുങ്ങി നില്‍ക്കുന്ന നാടിനെ, സമൂഹത്തിലെ ചെറിയ ഒരു വിഭാഗം വരേണ്യ വര്‍ഗ്ഗത്തിന് യാത്ര സൗകര്യം ഒരുക്കാന്‍ വേണ്ടി വീണ്ടും മറ്റൊരു രണ്ട് ലക്ഷം കോടിക്ക് കടപ്പെടുത്തുന്നത് അനുവദിക്കാനാകില്ല.
ജനഹിതം കണക്കിലെടുക്കാതെയുള്ള കോടതി വിധികള്‍ ജനാധിപത്യ സംവിധാനത്തിന് ഗുണകരമല്ല. ആയതിനാല്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരായ ജനകീയ പ്രക്ഷോഭം വരും ദിവസങ്ങളില്‍ കൂടുതല്‍ ശക്തിപ്പെടുത്തും. സാമൂഹികാഘാത പഠനത്തിനെന്ന പേരില്‍ സ്വകാര്യ ഭൂമിയില്‍ അതിക്രമിച്ച് കയറി കല്ലിടുന്നത് നിലനില്‍ക്കുന്ന നിയമവ്യവസ്ഥകളുടെ ലംഘനമാണ്. റവന്യൂ വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരമല്ല കല്ലിടുന്നതെന്ന് റവന്യൂ മന്ത്രി ഇതിനകം വെളിപ്പെടുത്തിക്കഴിഞ്ഞു.
പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും സംശയങ്ങളും ദുരൂഹതകളും അവ്യക്തതകളും തുടരുകയാണ്. സ്ഥലം ഏറ്റെടുത്തു കഴിഞ്ഞെന്നു വരുത്തി എത്രയും വേഗം വിദേശ വായ്പ നേടിയെടുക്കാനാണ് നിയമം ലംഘിച്ചു കല്ലിടുന്നതെന്നു ഓരോ ദിവസം കഴിയുന്തോറും വ്യക്തമാകുകയാണ്. കേരള ജനതയുടെ നിലനില്‍പ്പിനെയും ആവാസ വ്യവസ്ഥയെയും ചോദ്യം ചെയ്യുന്ന ഈ പദ്ധതിക്കെതിരെ ശക്തമായ ജനകീയ പോരാട്ടവുമായി മുന്നോട്ടു പോകുമെന്നും സമരസമിതി വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker