KERALALATEST

സുപ്രീം കോടതി വിധി മുന്നാക്ക സംവരണത്തെ ബാധിക്കും: എ.കെ. ബാലന്‍

തിരുവനന്തപുരം: സംവരണം 50% കടക്കരുതെന്ന സുപ്രീം കോടതി വിധി സംസ്ഥാനത്തെ മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള 10% സംവരണത്തെ ബാധിക്കുമെന്നു നിയമ മന്ത്രി എ.കെ. ബാലന്‍. നിലവിലുള്ള സമുദായ സംവരണത്തെ ഒരു വിധത്തിലും ബാധിക്കാത്ത വിധത്തില്‍ 10% സാമ്പത്തിക സംവരണം കൂടി നടപ്പാക്കണമെന്നു ഭരണഘടനാ ഭേദഗതി കൊണ്ടു വരികയാണ് ഇതു മറികടക്കാനുള്ള പോംവഴിയെന്നും അദ്ദേഹം.
കേരളത്തില്‍ നിലവില്‍ 50% ജനസംഖ്യാനുപാതിക സമുദായ സംവരണമുണ്ട്. ശേഷിക്കുന്ന 50% വരുന്ന പൊതു വിഭാഗത്തില്‍ നിന്നാണു നമ്മള്‍ 10% സാമ്പത്തിക സംവരണം നടപ്പാക്കിയത്. ഭരണഘടനാ ഭേദഗതിയുടെ പിന്‍ബലത്തിലാണ് ഇതു കൊണ്ടു വന്നത്. എന്നാല്‍ നിലവിലുള്ള ഭരണഘടനാ ഭേദഗതി ഈ സാമ്പത്തിക സംവരണം സംരക്ഷിക്കുന്നതിന് അപര്യാപ്തമാണ്. നിലവിലുള്ള 50% സാമുദായിക സംവരണത്തെ ഒരു വിധത്തിലും നമുക്കു തൊടാനാവില്ല. ഒപ്പം 10% സാമ്പത്തിക സംവരണം കൂടി നല്‍കാന്‍ സാധിക്കുകയും വേണം. സുപ്രീം കോടതി വിധി വന്നതിനാല്‍ സാമ്പത്തിക സംവണത്തിനായി നമ്മള്‍ എടുത്ത നടപടികള്‍ ഇനി നിലനില്‍ക്കില്ല.
സംവരണത്തിന് അര്‍ഹമായ പിന്നാക്ക വിഭാഗങ്ങളെ തീരുമാനിക്കുന്നതു രാഷ്ട്രപതിയുടെ അധികാരത്തില്‍പ്പെട്ട കാര്യമാണെന്നും സുപ്രീം കോടതി പറയുന്നു. സംസ്ഥാനത്തു പിന്നാക്ക വിഭാഗ കമ്മിഷനാണ് ഇതു തീരുമാനിച്ചിരുന്നത്. എസ്‌ഐയുസി ഇതര ക്രിസ്ത്യന്‍ നാടാര്‍ വിഭാഗത്തിനു സംവരണം നല്‍കാന്‍ തീരുമാനിച്ചതു കമ്മിഷന്‍ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന മന്ത്രിസഭ ആയിരുന്നു. ഇനി മുതല്‍ ഇങ്ങനെ സംവരണം നല്‍കണമെങ്കില്‍ രാഷ്ട്രപതിയുടെ അനുമതിക്കു വിടണം.
നിലവിലുള്ള സമുദായ സംവരണത്തെ ബാധിക്കാത്ത വിധത്തില്‍ 10% സാമ്പത്തിക സംവരണം കൂടി നടപ്പാക്കാമെന്നു ഭരണഘടനാ ഭേദഗതി കൊണ്ടു വന്നില്ലെങ്കില്‍ ഇവിടെ സാമ്പത്തിക സംവരണം ബുദ്ധിമുട്ടാകും. സംസ്ഥാനത്തു നമ്മള്‍ സാമ്പത്തിക സംവരണം നടപ്പാക്കി തുടങ്ങിയ ഘട്ടത്തിലാണ് ഇത്തരമൊരു തടസ്സം ഉണ്ടായിരിക്കുന്നതെന്നും ബാലന്‍ ചൂണ്ടിക്കാട്ടി.

Related Articles

Back to top button