BREAKINGKERALA

സുരക്ഷ പ്രധാനം, ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ മാത്രം, ആര്‍ക്കും ദര്‍ശനം കിട്ടാതെ മടങ്ങേണ്ടി വരില്ല: തിരുവിതാംകൂര്‍ ദേവസ്വം

പത്തനംതിട്ട: ശബരിമലയില്‍ ഇത്തവണ വെര്‍ച്വല്‍ ക്യൂ മാത്രമേ ഉണ്ടാകൂവെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ഭക്തരുടെ സുരക്ഷ പ്രധാനമാണെന്നും വെര്‍ച്വല്‍ ക്യൂ സദുദ്ദേശത്തോടെ എടുത്ത തീരുമാനമാണെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ചു. മാലയിട്ട് എത്തുന്ന ആര്‍ക്കും ദര്‍ശനം കിട്ടാതെ മടങ്ങേണ്ട സാഹചര്യം ഉണ്ടാകില്ല. അക്കാര്യം സര്‍ക്കാരുമായി ആലോചിച്ചു ഉറപ്പാകുമെന്നും അദ്ദേഹം വിശദീകരിച്ചു.
മണ്ഡലം മകരവിളക്ക് മഹോത്സവത്തിനുളള 90 ശതമാനം പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കിക്കഴിഞ്ഞു. രാവിലെ 3 മണി മുതല്‍ 1മണി വരെയും ഉച്ചക്ക് 3 മണി മുതല്‍ 11 മണി വരെയുമാണ് ദര്‍ശനത്തിനുളള സമയം ഒരുക്കിയിരിക്കുന്നത്. വിശ്വാസികള്‍ക്ക് പരമാവധി സൗകര്യം ഒരുക്കുകയാണ് ദേവസ്വം ബോര്‍ഡിന്റെ ലക്ഷ്യം.
മാലയിട്ട് എത്തുന്ന ആര്‍ക്കും ദര്‍ശനം കിട്ടാതെ മടങ്ങേണ്ട സാഹചര്യം ഉണ്ടാകില്ല. അക്കാര്യം ഉറപ്പിക്കാനുള്ള ഉചിതമായ തീരുമാനം ഉണ്ടാക്കും. വെര്‍ച്വല്‍ ക്യൂ ആധികാരികമായ രേഖയാണ്. സപ്പോര്‍ട്ട് ബുക്കിംഗ് കൂടി വരുന്നത് ആശാസ്യമായ കാര്യമല്ല. സ്‌പോട്ട് ബുക്കിംഗ് ഉണ്ടെന്ന് പറഞ്ഞാല്‍ ആരെങ്കിലും വെര്‍ച്ചല്‍ ക്യൂവിലേക്ക് വരുമോ എന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ചോദിച്ചു.
വിശ്വാസികളുടെ സുരക്ഷ പ്രധാനമാണ്. വരുമാനം മാത്രം ചിന്തിച്ചാല്‍ പോര, ഭക്തരുടെ സുരക്ഷയും പ്രധാനമാണ്. പലവഴിയിലും അയ്യപ്പന്മാര്‍ എത്തുന്നുണ്ട്. വരുന്നവരെ കുറിച്ച് ആധികാരിക രേഖ വേണം. നല്ല ഉദ്ദേശത്തോടെയാണ് വെര്‍ച്ചല്‍ ക്യൂ മാത്രമാക്കുന്നതെന്നും തമിഴ്‌നാട് ദേവസ്വം ബോര്‍ഡ് മന്ത്രി തീരുമാനത്തെ സ്വാഗതം ചെയ്തിട്ടുണ്ടെന്നും ദേവസ്വം ബോര്‍ഡ് വിശദീകരിച്ചു.

Related Articles

Back to top button