BREAKINGKERALA
Trending

സുരേഷ് ഗോപി ബിജെപിയിലെ മിതവാദി, റൂമില്‍ കയറ്റി ശാസിച്ചല്ലേയുള്ളൂവെന്ന് റിയാസ്

പാലക്കാട് : കേന്ദ്രമന്ത്രി സുരേഷ്‌ഗോപി ബിജെപിയിലെ മിതവാദിയെന്ന് ഇടത് മന്ത്രി മുഹമ്മദ് റിയാസ്. മാധ്യമപ്രവര്‍ത്തകരെ അദ്ദേഹം റൂമില്‍ കയറ്റി ശാസിച്ചല്ലേയുള്ളൂവെന്നും ഉത്തരേന്ത്യയില്‍ തല വെട്ടും കൈവെട്ടുമാണ് നടക്കാറുളളതെന്നുമായിരുന്നു റിയാസിന്റെ പ്രതികരണം. അത്ര പ്രശ്‌നങ്ങളെന്നും കേരളത്തിലില്ലെന്നും റിയാസ് പാലക്കാട് മാധ്യമങ്ങളോട് പറഞ്ഞു.
അതേ സമയം, കേന്ദ്രമന്ത്രി സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ തുടരുന്ന അധിക്ഷേപവും വിരട്ടലും അങ്ങേയറ്റം അപലപനീയമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ പ്രതികരിച്ചു. സിനിമയില്‍ പണ്ട് കൈയടി നേടിയ സൂപ്പര്‍ ഹീറോയുടെ കെട്ട് മാറാതെയുള്ള ധാര്‍ഷ്ട്യവും ഭീഷണിയും മാധ്യമപ്രവര്‍ത്തകരോട് വേണ്ട. കേന്ദ്രമന്ത്രി എന്നല്ല, സാധാരണ മനുഷ്യരുടെ ഭാഗത്തുനിന്ന് പോലും ഉണ്ടാകാന്‍ പാടില്ലാത്ത ഹീനമായ പെരുമാറ്റമാണ് സുരേഷ് ഗോപി തുടരുന്നത്.
24 ന്യൂസ് റിപ്പോര്‍ട്ടര്‍ അലക്‌സ് റാം മുഹമ്മദിനോട് അപമര്യാദയായി പെരുമാറിയതാണ് ഒടുവിലത്തെ സംഭവം. മുനമ്പം വിഷയത്തില്‍ പ്രതികരണം ചോദിച്ചപ്പോള്‍ ഒറ്റക്ക് വിളിച്ച് ശകാരിക്കാനും ഗണ്‍മാനെ കൊണ്ട് അതു ചിത്രീകരിച്ച് പ്രചരിപ്പിക്കാനുമായിരുന്നു ശ്രമം. മാന്യമായ രാഷ്ട്രീയമെന്ന പൊതുബോധം അല്‍പമെങ്കിലും ബാക്കി നില്‍ക്കുന്നുവെങ്കില്‍ കേരളത്തിലെ പൊതു സമൂഹത്തോട് സുരേഷ് ഗോപി മാപ്പ് പറയണം. സ്വന്തം മന്ത്രിസഭയിലെ സഹപ്രവര്‍ത്തകന്റെ നിന്ദ്യമായ സമീപനം തിരുത്തിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ബിജെപി കേന്ദ്ര നേതൃത്വവും തയാറാവണം. അപഹാസ്യമായ ഈ നടന രാഷ്ട്രീയത്തിന് അറുതിവരുത്താന്‍ മാധ്യമ മാനേജ്‌മെന്റുകളും മുന്നിട്ടിറങ്ങി ശ്രമിക്കണമെന്ന് യൂണിയന്‍ പ്രസിഡന്റ് കെ.പി. റജിയും ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാളും ആവശ്യപ്പെട്ടു. കേന്ദ്രമന്ത്രിയുടെ മോശപ്പെട്ട സമീപനത്തിനെതിരെ യൂണിയന്‍ ചൊവ്വാഴ്ച പ്രതിഷേധ ദിനം ആചരിക്കുമെന്ന് അവര്‍ അറിയിച്ചു.

Related Articles

Back to top button