സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് വാങ്ങിയ മൂണ്‍കേക്കില്‍ മനുഷ്യന്റെ പല്ല് കണ്ടെത്തിയതിനെ തുടര്‍ന്ന് സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയ്‌ക്കെതിരെ അന്വേഷണം ആരംഭിച്ചു പൊലീസ്. യുഎസ് സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ സാംസ് ക്ലബ്ബില്‍ നിന്നും വാങ്ങിയ കേക്കിലാണ് യുവതി മനുഷ്യന്റെ പല്ല് കണ്ടെത്തിയത്.
കിഴക്കന്‍ ചൈനയിലെ ജിയാങ്സു പ്രവിശ്യയിലെ ചാങ്ഷൗവില്‍ നിന്ന് വാങ്ങിയ മൂണ്‍ കേക്കിലാണ് മനുഷ്യന്റെ പല്ല് കണ്ടത്. ചൈനയിലെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഡൗയിനില്‍ യുവതി പങ്കുവച്ച വീഡിയോ വ്യാപകമായ വിമര്‍ശനങ്ങള്‍ക്കാണ് വഴി തുറന്നിരിക്കുന്നത്. സെപ്റ്റംബര്‍ അഞ്ചിനാണ് വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവന്നത്.
സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും വാങ്ങിയ കേക്ക് വീട്ടിലെത്തിച്ചു കഴിച്ചു തുടങ്ങിയപ്പോഴാണ് അതിനുള്ളില്‍ നിന്നും പല്ലു കണ്ടെത്തിയത്. തന്റെ കുടുംബത്തിലെ ആരുടെയും പല്ലല്ല അതെന്നും പല്ല് കണ്ടതും താന്‍ ഭയന്നുപോയി എന്നുമാണ് യുവതി പറയുന്നത്. തുടര്‍ന്നാണ് താന്‍ പൊലീസില്‍ പരാതി നല്‍കിയതെന്നും യുവതി പറഞ്ഞു.
സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചതായി പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് സാംസ് ക്ലബ്ബിനോട് വിശദീകരണം ആവശ്യപ്പെട്ടതായി പൊലീസ് പറഞ്ഞു. സംഭവത്തെ ഗൗരവതരമായി എടുക്കുന്നുവെന്നും എന്താണ് സംഭവിച്ചത് എന്ന് അറിയാന്‍ കമ്പനിയുടെ ഭാഗത്ത് നിന്നുമുള്ള ആഭ്യന്തര അന്വേഷണം ആരംഭിച്ചതായും ചാങ്സൗവിലെ സാംസ് ക്ലബ്ബ് വക്താക്കള്‍ അറിയിച്ചു. തീര്‍ത്തും അസാധ്യകരമായ കാര്യമാണ് സംഭവിച്ചിരിക്കുന്നത് എന്നും സംഭവം ഗൗരവതരമായി എടുക്കുമെന്നും കുറ്റക്കാരായവരെ കണ്ടെത്തുമെന്നും അധികൃതര്‍ പറഞ്ഞു.
എന്നാല്‍, സൗത്ത് ചൈന മോര്‍ണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് സാംസ് ക്ലബ്ബിന്റെ മെയിന്‍ലാന്‍ഡ് സ്റ്റോറുകളില്‍ ഭക്ഷ്യ സുരക്ഷാ പ്രശ്നങ്ങള്‍ ഉണ്ടാകുന്നത് ഇത് ആദ്യമല്ല. 2022-ല്‍, തെക്കുകിഴക്കന്‍ ചൈനയിലെ ഫുജിയാന്‍ പ്രവിശ്യയില്‍ നിന്നുള്ള ഒരു സ്ത്രീ തന്റെ അമ്മാവന്‍ വാങ്ങിയ സ്വിസ് റോളുകളില്‍ മൂന്ന് കൃത്രിമ മനുഷ്യ പല്ലുകള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. അന്നും അന്വേഷണം നടത്തുമെന്ന് സ്റ്റോര്‍ പ്രസ്താവിച്ചെങ്കിലും പിന്നീട് കാര്യമായ വിവരങ്ങള്‍ ഒന്നും പുറത്തുവന്നില്ല.
47 1 minute read