ENTERTAINMENTTAMIL

സൂര്യയ്ക്ക് നാല്പത്തിയാറാം ജന്മദിനം

തമിഴ് ചലച്ചിത്ര ലോകത്തെ നടിപ്പിന്‍ നായകന്‍ സൂര്യയ്ക്ക് നാല്പത്തിയാറാം ജന്മദിനം. 1975 ജൂലൈ 23ന് പ്രമുഖ തമിഴ് നടന്‍ ശിവകുമാര്‍, ലക്ഷ്മി എന്നിവരുടെ മകനായി ചെന്നൈയിലാണ് ശരവണന്‍ ശിവകുമാര്‍ എന്ന സൂര്യയുടെ ജനനം. സിനിമയിലെത്തിയ ശേഷമാണ് സൂര്യ എന്ന പേരില്‍ അറിയപ്പെട്ടു തുടങ്ങിയത്.
അച്ഛന്റെ പാത പിന്തുടര്‍ന്നാണ് സൂര്യ സിനിമാ ലോകത്ത് എത്തിയതെന്ന് പറയാന്‍ കഴിയില്ല. അച്ഛനെ പിന്തുടരുകയായിരുന്നില്ല, സാഹചര്യങ്ങള്‍കൊണ്ട് സിനിമയില്‍ എത്തപ്പെടുകയായിരുന്നു സൂര്യ. 1997ല്‍ വിജയ്‌ക്കൊപ്പം നേറുക്ക് നേര്‍ എന്ന സിനിമയിലൂടെയാണ് സൂര്യ അഭിനയ ലോകത്തേക്ക് കടന്നുവന്നത്. സൂര്യയ്ക്ക് പിന്നാലെ അനുജന്‍ കാര്‍ത്തിയും സിനിമയിലേക്ക് എത്തി.
ആദ്യചിത്രത്തിലൂടെ മണിരത്‌നമാണ് സൂര്യ എന്ന പേര് നിര്‍ദ്ദേശിച്ചത്. ശേഷം കതലേ നിമ്മതി, സന്ധിപ്പോമാ, പെരിയണ്ണ, പൂവെല്ലാം കേട്ടുപ്പാര്‍, ഉയിരിലെ കലന്തത്, ഫ്രണ്ട്‌സ് എന്നീ സിനികളിലൂടെ ശ്രദ്ധ നേടി. എന്നാല്‍ തുടക്കത്തില്‍ ഇറങ്ങിയ പല ചിത്രങ്ങളും പരാജയപ്പെട്ടത് സൂര്യയ്ക്ക് തിരിച്ചടിയായി.
തമിഴ് സിനിമ മേഖലയില്‍ സൂര്യ തന്റെ സാന്നിധ്യം ഉറപ്പിച്ചത് ബാലാ സംവിധാനം ചെയ്ത നന്ദ (2001) എന്ന സിനിമയിലൂടെ ആയിരുന്നു. നന്ദയിലെ മിന്നുന്ന പ്രകടനത്തിലൂടെ, സൂര്യ വിമര്‍ശകരുടെ വായടച്ചു, നിരൂപകരുടെ ശ്രദ്ധ അതുപോലെ നേടിയെടുക്കുകയും ചെയ്തു.
ദിലീപിന്റെ കുഞ്ഞിക്കൂനന്റെ തമിഴ് മൊഴിമാറ്റമായ പേഴഴകനിലെ വേഷത്തോടെ കമ്പോളസിനിമയിലും സൂര്യ താരപ്രഭാവം കൈക്കൊണ്ടു. ബാലയുടെ തന്നെ പിതാമഹന്‍, മണിരത്‌നത്തിന്റെ ആയുധ എഴുത്ത്, മുരുകദാസിന്റെ ഗജിനി, ഗൗതം മേനോന്റെ കാക്ക കാക്ക, സില്ലിന്നു ഒരു കാതല്‍, വാരണം ആയിരം, അയന്‍, ആദവന്‍,സിങ്കം, സൂരറൈ പോട്ര്…. സിനിമയില്‍ സൂര്യയുടെ കരിയര്‍ ഗ്രാഫിന്റെ ഗതി കുത്തനെ മേലോട്ടുതന്നെയായിരുന്നു.
വളരെ ചുരുങ്ങിയകാലം കൊണ്ട് തന്നെ മികച്ച നടനെന്ന പേരും, താര പദവിയും ഒരുപോലെ സൂര്യയെ തേടിയെത്തി. ഗജനിയെന്ന ചിത്രം വന്‍ വിജയമായതോടെ സൂര്യ തന്റെ പേര് സൗത്ത് ഇന്ത്യന്‍ ലോകത്ത് എഴുതി ചേര്‍ത്തു . ഈ ഒറ്റ ചിത്രംകൊണ്ട് നിരവധി ആരാധകരെയും സ്വന്തമാക്കി . ഒരുപക്ഷേ വിജയ് ചിത്രങ്ങള്‍ക്ക് ശേഷം ഒരു തമിഴ് ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ സ്വീകാര്യതയാണ് കാക്ക കാക്കയ്ക്കും,ഗജനിയ്ക്കും കേരളത്തിലും ലഭിച്ചത് . കരിയര്‍ ഗ്രാഫ് നോക്കിയാല്‍ വളരെ കുറച്ചു ചിത്രങ്ങള്‍ കൊണ്ടാണ് ബിഗ് ബജറ്റ് ചിത്രങ്ങളിലെ നായകനായി സൂര്യ മാറിയത്.
നേരിട്ട് കണ്ടാല്‍ വിജയ് ഫാന്‍സും സൂര്യ ഫാന്‍സും തമ്മില്‍ തല്ലാണെങ്കിലും ഇവര്‍ രണ്ടുപേരും അടുത്ത സുഹൃത്തുക്കളാണ്. സിനിമാകുടുംബത്തില്‍ നിന്നാണ് ഇരുവരുടെയും വരവ്. വിജയിന്റെ അച്ഛന്‍ എസ്.എ. ചന്ദ്രശേഖര്‍ തമിഴിലെ പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവായിരുന്നു. പ്രമുഖ തമിഴ് നടന്‍ ശിവകുമാറിന്റെ മകനാണ് സൂര്യ. സൂര്യയേക്കാള്‍ ഒരു വയസ്സിനു മൂത്തയാളാണ് വിജയ്. ചെന്നൈയിലെ ലയോള കോളേജിലാണ് ഇരുവരും വിദ്യഭ്യാസം പൂര്‍ത്തിയാക്കിയത്. കോളേജ് കാലത്തെ പരിചയവും സൗഹൃദവുമൊക്കെ ഇപ്പോഴും തുടരുന്ന സൂര്യയുടെയും വിജയിന്റെയും കുടുംബങ്ങള്‍ തമ്മിലും അടുത്ത സൗഹൃദമാണ് ഉള്ളത്. പാര്‍ട്ടികളിലും, കുടുംബപരിപാടികളിലും, സിനിമ പ്രിവ്യൂകളിമെല്ലാം ഇരുവരും കുടുംബസമേതം പങ്കെടുക്കാറുണ്ട്. സാമൂഹ്യസേവനത്തിലും തല്‍പ്പരായ ഈ താരങ്ങള്‍ ഒന്നിച്ച് നിരവധി ചാരിറ്റബിള്‍ പ്രവര്‍ത്തനങ്ങളിലും പങ്കാളികള്‍ ആയിട്ടുണ്ട്. 1997 ല്‍ ‘നേരുക്കു നേര്‍’ എന്ന ചിത്രത്തില്‍ ഇരുവരും ഒന്നിച്ച് സ്‌ക്രീന്‍ പങ്കിട്ടു. പിന്നീട് ഇരുവരും ഒന്നിച്ച് അഭിനയിത്ത ‘ഫ്രണ്ട്‌സ്’ എന്ന ചിത്രവും സൂപ്പര്‍ഹിറ്റായിരുന്നു
മാതൃകാ ദമ്പതികളായാണ് സൂര്യയേയും ജ്യോതികയേയും വിശേഷിപ്പിക്കാറുള്ളത്. സ്‌ക്രീനിലെ പ്രണയം യഥാര്‍ത്ഥ ജീവിതത്തിലേക്ക് പകര്‍ത്തുകയായിരുന്നു താരങ്ങള്‍. 2001ലായിരുന്നു സൂര്യയും ജ്യോതികയും കണ്ടുമുട്ടുന്നത്. സൗഹൃദം പിന്നീട് പ്രണയമായി മാറുകയായിരുന്നു. ഗൗതം മേനോന്‍ സംവിധാനം ചെയ്ത കാക്ക കാക്ക എന്ന സിനിമയുടെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്നതിനിടയിലായിരുന്നു ഇരുവരും പ്രണയത്തിലാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവന്നത്. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞുവെന്നുള്ള റിപ്പോര്‍ട്ടുകളും അന്ന് പ്രചരിച്ചിരുന്നു. 2006 സെപ്റ്റംബര്‍ 11നനായിരുന്നു സൂര്യയും ജ്യോതികയും വിവാഹിതരായത്. ഇവര്‍ക്ക് ദിയ എന്നു പേരുള്ള മകളും ദേവ് എന്നു പേരുള്ള മകനുമുണ്ട്. ..
അഭിനയത്തിന് പുറമെ സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും സജീവമാണ് തമിഴകത്തിന്റെ സിങ്കം. സൂര്യയുടെ അഗരം ഫൗണ്ടേഷന്‍ നൂറുകണക്കിന് ദരിദ്ര വിദ്യാര്‍ത്ഥികളെയാണ് ഉന്നത വിദ്യാഭ്യാസം നേടുന്നതിന് വേണ്ടി സഹായിക്കുന്നത്. 2006ലായിരുന്നു അഗരം ഫൗണ്ടേഷന്‍ തുടങ്ങിയത്. സമൂഹത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുകയെന്ന ലക്ഷ്യത്തോടെ 1979ല്‍ സൂര്യയുടെ പിതാവ് ശിവകുമാര്‍ ആരംഭിച്ച എജ്യൂക്കേഷണല്‍ ട്രസ്റ്റാണ് അഗരത്തിന് വഴി കാട്ടിയത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker