എല്ലാ വാഹന ഉടമകള്‍ക്കും ഹൈ സെക്യൂരിറ്റി രജിസ്ട്രേഷന്‍ നമ്പര്‍ പ്ലേറ്റുകള്‍ (എച്ച്എസ്ആര്‍പി) സ്ഥാപിക്കാനുള്ള പുതിയ സമയ പരിധി സെപ്റ്റംബര്‍ 15 വരെയാക്കി, കര്‍ണാടക ഗതാഗത വകുപ്പ് സമയം നിശ്ചയിച്ചു. ഇതോടെ തട്ടിപ്പുകാര്‍ പുതിയ രീതികള്‍ അവലംബിച്ച് തുടങ്ങിയെന്ന് റിപ്പോര്‍ട്ടുകള്‍. ഹൈ സെക്യൂരിറ്റി രജിസ്ട്രേഷന്‍ പ്ലേറ്റുകള്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാന്‍ ശ്രമിച്ച ബെംഗളൂരുവിലെ 42 -കാരനായ യുവാവിന് ഇത്തരത്തില്‍ ഒറ്റയടിക്ക് നഷ്ടമായത് 96,000 രൂപ. ജൂലായ് ഒമ്പതിന് ബുക്ക് മൈ എച്ച്എസ്ആര്‍പി ഡോട്ട് നെറ്റ് (BookMyHSRP.net) എന്ന വ്യാജ വെബ്സൈറ്റ് വഴി എച്ച്എസ്ആര്‍പി ബുക്ക് ചെയ്യാന്‍ ശ്രമിച്ചതാണ് യുവാവ് തട്ടിപ്പിന് ഇരയാവാന്‍ കാരണമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
വ്യാജ സൈറ്റ് വഴി നമ്പര്‍ പ്ലേറ്റ് ബുക്ക് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ വിലാസം തെറ്റാണെന്നും നല്‍കിയ ലിങ്കില്‍ ആവശ്യമായ വിവരങ്ങല്‍ അപ്‌ഡേറ്റ് ചെയ്യണമെന്നും കാണിച്ച് ജൂലൈ 16 ന് വിജിത്ത് കുമാറിന് ഒരു സന്ദേശം ലഭിച്ചു. യഥാര്‍ത്ഥ സൈറ്റില്‍ നിന്നാണ് സന്ദേശം വന്നതെന്ന് കരുതിയ വിജിത്ത് തന്റെ വ്യക്തിഗത വിവരങ്ങല്‍ സന്ദേശം വന്ന ലിങ്കുമായി പങ്കുവച്ചു. വിവരങ്ങള്‍ സൈറ്റില്‍ നല്‍കിയതിന് പിന്നാലെ തന്റെക്രെഡിറ്റ് കാര്‍ഡില്‍ ചില മണി ട്രാന്‍സ്ഫറുകള്‍ നടന്നതായിയുള്ള സന്ദേശം വിജിത്തിന് ലഭിച്ചു. സെക്കന്റുകള്‍ക്കുള്ളില്‍ അക്കൗണ്ടില്‍ നിന്ന് 95,854 രൂപ അപ്രത്യക്ഷമായതോടെയാണ് താന്‍ തട്ടിപ്പിനിരയായെന്ന് വിജിത്തിന് മനസിലായത്.
തട്ടിപ്പുകാര്‍ പണം ഒറ്റയടിക്ക് എടുക്കാതെ ആദ്യം 54,773.97 രൂപ പിന്‍വലിച്ച ശേഷം 41,080.48 രൂപ കൂടി പിന്‍വലിച്ചു. താന്‍ കബളിപ്പിക്കപ്പെട്ടുവെന്ന് മനസിലാക്കിയ വിജിത്ത് കുമാര്‍ സംഭവം ബഗലൂര്‍ പോലീസ് സ്റ്റേഷനില്‍ അറിയിച്ചു. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട്, ബിഎന്‍എസ് സെക്ഷന്‍ 318 (4), 319 (2) എന്നിവ പ്രകാരം അജ്ഞാതരായ തട്ടിപ്പുകാര്‍ക്കെതിരെ അധികൃതര്‍ എഫ്‌ഐആര്‍ ഫയല്‍ ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. സംശയാസ്പദമായി ഇടപാട് നടന്ന സന്ദേശങ്ങള്‍ കണ്ടയുടനെ അക്കൗണ്ടും ക്രെഡിറ്റ് കാര്‍ഡും പെട്ടെന്ന് തന്നെ ബ്ലോക്ക് ചെയ്തതായും വിജിത്ത് കുമാര്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. കര്‍ണ്ണാടകയില്‍ വാഹനങ്ങള്‍ക്ക് ഹൈ സെക്യൂരിറ്റി രജിസ്ട്രേഷന്‍ നമ്പര്‍ പ്ലേറ്റുകള്‍ക്കായി അപേക്ഷിക്കാന്‍ transport.karnataka.gov.in ഓ, www.siam.in എന്നീ സൈറ്റുകള്‍ മാത്രമേ ഉപയോഗിക്കാവൂ എന്നും അധികൃതര്‍ പറഞ്ഞു.
73 1 minute read