BREAKINGKERALA

സെക്രട്ടേറിയറ്റില്‍ ജീവനക്കാര്‍ തമ്മില്‍ കയ്യാങ്കളി, മാധ്യമ പ്രവര്‍ത്തകര്‍ക്കുനേരെ ഭീഷണി

തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ ഇടത് അനുകൂല സര്‍വ്വീസ് സംഘടനാ ജീവനക്കാര്‍ തമ്മില്‍ കയ്യാങ്കളി. കാന്റീനില്‍ കുടിവെള്ളം നല്‍കിയില്ലെന്ന് ആരോപിച്ചായിരുന്നു അക്രമം. പി.ആര്‍.ചേമ്പറിനു സമീപത്തെ ക്യാന്റീനില്‍ ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാന്‍ എത്തിയ എന്‍.ജി.ഒ യൂനിയന്‍ പ്രവര്‍ത്തകനായ അമല്‍ എന്നയാളും ക്യാന്റീനിലെ ജീവനക്കാരും തമ്മിലാണ് തര്‍ക്കമുണ്ടായത്.
തുടര്‍ന്ന് അമല്‍ ക്യാന്റീനിലെ ജഗ് വലിച്ചെറിയുകയും ജീവനക്കാരന്റെ കഴുത്തില്‍ കുത്തിപ്പിടിക്കുകയും ചെയ്തു എന്നാണ് ആരോപണം. ഇതിന്റെ തുടര്‍ച്ചയായാണ് പി.ആര്‍.ചേമ്പറിനു മുന്നിലെ സബ്ബ് ട്രഷറിക്ക് സമീപം ജീവനക്കാര്‍ വീണ്ടും ഏറ്റുമുട്ടിയത്. മന്ത്രി എം.ബി.രാജേഷിന്റെ വാര്‍ത്താസമ്മേളനം കഴിഞ്ഞ് പുറത്തിറങ്ങിയ മാധ്യമപ്രവര്‍ത്തകര്‍ ഈ ദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ ശ്രമിച്ചു. ഇതോടെ മാധ്യമപ്രവര്‍ത്തകരെ എന്‍ജിഒ യുനിയന്‍ ഭാരവാഹികള്‍ ഉള്‍പ്പടെയുള്ള സെക്രട്ടറിയേറ്റിലെ ജീവനക്കാര്‍ കൈയ്യേറ്റം ചെയ്യുകയായിരുന്നു.
മീഡിയ വണ്‍ റിപ്പോര്‍ട്ടര്‍ മുഹമ്മദ് ആഷിക്, ക്യാമറാമാന്‍ സിജോ സുധാകരന്‍, ഡ്രൈവര്‍ സജിന്‍ലാല്‍ എന്നിവര്‍ക്ക് നേരെയാണ് കയ്യേറ്റം ഉണ്ടായത്. മാധ്യമ പ്രവര്‍ത്തകര്‍ക്കുനേരെ സെക്രട്ടേറിയറ്റിലെ ഒരു ജീവനക്കാരന്‍ ആക്രാശിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ജീവനക്കാരുടെ തര്‍ക്കം ചിത്രീകരിച്ചാല്‍ ക്യാമറ തല്ലിപ്പൊട്ടിക്കുമെന്നും കൈവെക്കുമെന്നും ഇദ്ദേഹം ഭീഷണിപ്പെടുത്തുന്നത് വീഡിയോയില്‍ കാണാം.

Related Articles

Back to top button