KERALANEWS

സെക്രട്ടേറിയറ്റിൽ വനിതാ വ്‌ലോഗറുടെ വിഡിയോ ചിത്രീകരണം വിവാദത്തിൽ; അനുമതിയില്ലെന്ന് ആഭ്യന്തര വകുപ്പ്

തിരുവനന്തപുരം സെക്രട്ടേറിയറ്റിൽ അനുമതിയില്ലാതെ വനിതാ വ്‌ലോഗറുടെ വിഡിയോ ചിത്രീകരണം വിവാദത്തിൽ. സെക്രട്ടേറിയറ്റ് സ്‌പെഷൽ സെക്രട്ടറിയുടെ യാത്രയയപ്പ് ചടങ്ങാണ് വ്‌ലോഗർ ചിത്രീകരിച്ചത്. അനുമതിയില്ലാതെയാണ് ചടങ്ങ് ചിത്രീകരിച്ചതെന്നാണ് ആരോപണം.

സെക്രട്ടേറിയറ്റിലെ വിഡിയോ ചിത്രീകരണത്തിന് ആഭ്യന്തര വകുപ്പാണ് അനുമതി നൽകേണ്ടത്. എന്നാൽ ഇങ്ങനെയൊരു അനുമതി നൽകിയിട്ടില്ലെന്ന് ആഭ്യന്തര വകുപ്പ് പ്രതികരിച്ചു. ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു യാത്രയയപ്പ് യോഗവും വ്‌ലോഗ് ചിത്രീകരണവും. വ്‌ലോഗർ നൽകിയ മൈക്ക് ഉപയോഗിച്ചാണ് പലരും സംസാരിച്ചത്.

അതീവസുരക്ഷാ മേഖലയായ സെക്രട്ടേറിയറ്റിന്റെ സുരക്ഷ കണക്കിലെടുത്താണ് വിഡിയോ ചിത്രീകരണത്തിന് ഒരു വർഷമായി ആർക്കും അനുമതി നൽകിയിരുന്നില്ല. അതിനിടെയാണ് വനിത വ്‌ലോഗർ സെക്രട്ടേറിയറ്റിനുള്ളിൽക്കടന്ന് വിഡിയോ ചിത്രീകരിച്ചത്. നിശ്ചിത ഫീസ് വാങ്ങി സെക്രട്ടേറിയറ്റിൽ മുമ്പ് സിനിമാ ഷൂട്ടിങ് ഉൾപ്പെടെ അനുവദിച്ചിരുന്നെങ്കിലും സുരക്ഷ കണക്കിലെടുത്തും ഷൂട്ടിങ്ങിന് എത്തുന്നവരുടെ പെരുമാറ്റത്തെക്കുറിച്ച് പരാതി ഉയർന്നതിനാലും ഒരു വർഷമായി അനുമതി നിഷേധിച്ചിരുന്നു.

 

സെക്രട്ടേറിയറ്റിലെ ഇടതുസംഘടനയിലെ ചേരിപ്പോരിനെത്തുടർന്ന് പാർട്ടി ഫ്രാക്ഷൻ അംഗമായ സ്‌പെഷൽ സെക്രട്ടറിയെ സെക്രട്ടേറിയറ്റിനു പുറത്തേക്ക് സ്ഥലം മാറ്റിയത് വിവാദമായിരുന്നു. ഇദ്ദേഹത്തിന്റെ യാത്രയയപ്പ് ചിത്രീകരിക്കാനാണ് വ്‌ലോഗറെത്തിയത്.

 

Related Articles

Back to top button