KERALALATEST

സെഞ്ച്വറിക്കിറങ്ങി ഇഞ്ച്വറിയായി LDF

കൊച്ചി: #ഉറപ്പാണ്100 #ഉറപ്പാണ്എല്‍ഡിഎഫ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി മുന്നോട്ടുവെച്ച ടാഗ് ലൈന്‍ ആയിരുന്നു ഇത്. തൃക്കാക്കരയില്‍ സെഞ്ച്വറിയടിക്കുമെന്ന അവകാശവാദങ്ങളായിരുന്നു പ്രചരണങ്ങളിലെല്ലാം നിറഞ്ഞുനിന്നത്. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം വന്നതോടെ യുഡിഎഫിന്റെ ബൗണ്‍സര്‍ തലയ്ക്കുകൊണ്ട് ഇഞ്ച്വറിയുമായി കളംവിട്ട് പവലിയനിലേക്ക് മടങ്ങേണ്ടിവന്ന അവസ്ഥയിലാണ് എല്‍ഡിഎഫ്. പി.ടി തോമസ് നേടിയതിനേക്കാള്‍ മികച്ച ഭൂരിപക്ഷവുമായി ഉമ തോമസ് കളംനിറഞ്ഞപ്പോള്‍ കനത്ത തോല്‍വിയുടെ നിരാശയിലാണ് എല്‍ഡിഎഫ് ക്യാംപ്.
പരമ്പരാഗതമായി യുഡിഎഫിനെ പിന്തുണയ്ക്കുന്ന മണ്ഡലമാണ് തൃക്കാക്കര. എന്നാല്‍ ഇത്തവണ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും എംഎല്‍എമാരും മറ്റു ജില്ലകളിലെ മുതിര്‍ന്ന നേതാക്കളുമെല്ലാം തൃക്കാക്കരയില്‍ ക്യാംപ് ചെയ്തുള്ള പ്രചരണത്തിലൂടെ അട്ടിമറി സൃഷ്ടിക്കാനായിരുന്നു എല്‍ഡിഎഫിന്റെ പടപ്പുറപ്പാട്. പക്ഷേ, ആ പ്രചാരണങ്ങളെ പാടെ അവഗണിക്കുന്നതായിരുന്നു തൃക്കാക്കരയിലെ ജനവിധി.
പ്രചരണത്തിന്റെ തുടക്കത്തില്‍ കെ റെയില്‍ ഉള്‍പ്പടെയുള്ള വിഷയങ്ങളാണ് തൃക്കാക്കരയില്‍ സജീവ ചര്‍ച്ചയായതെങ്കില്‍, ഇടത് സ്ഥാനാര്‍ഥിയുടേതെന്ന് അവകാശപ്പെട്ട് പ്രചരിപ്പിച്ച വ്യാജ വീഡിയോയില്‍ പ്രചരണം വഴിമാറിയിരുന്നു. വന്‍ വികസനം കൊണ്ടുവരുമെന്ന ഭരണമുന്നണിയുടെ വാഗ്ദാനങ്ങളും തിരഞ്ഞെടുപ്പ് വേദികളില്‍ നിരന്തരം മുഴങ്ങി. എന്നാല്‍ അവയൊക്കെ തള്ളിക്കളയുന്നതായിരുന്നു ജനവിധി. വന്‍ പരാജയം ഏറ്റുവാങ്ങിയതോടെ കെ റെയിലിന് എതിരാണ് ജനവിധിയെന്ന പ്രതിപക്ഷത്തിന്റെ അവകാശവാദത്തിന് മുന്നില്‍ സര്‍ക്കാരിന്റെ പ്രതികരണം എന്താകുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
പരാജയം സമ്മതിക്കുന്നുവെന്നും ജനവിധി അപ്രതീക്ഷിതമാണെന്നുമായിരുന്നു സിപിഎം എറണാകുളം ജില്ലാ നേതൃത്വത്തിന്റെ പ്രതികരണം. തോല്‍വിയുടെ കാരണം പാര്‍ട്ടി പരിശോധിക്കും, ഭരണവിരുദ്ധ വികാരമെന്ന് പറയാനാകില്ലെന്നുമായിരുന്നു സിപിഎം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍ പ്രതികരിച്ചത്. ഓരോ മേഖലയിലെയും വോട്ടുകള്‍ വന്ന ശേഷം വിശദമായി പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു. അവിശ്വസീയമായ ഫലമാണ് പുറത്ത് വന്നത്, തൃക്കാക്കരയില്‍ പ്രചാരണം നയിച്ചത് മുഖ്യമന്ത്രിയല്ല, തോല്‍വിയുടെ ഉത്തരവാദിത്വം അദ്ദേഹത്തിനെല്ലെന്നും ജില്ലാ സെക്രട്ടറി പ്രതികരിച്ചു.
എല്‍ഡിഎഫ് വേദിയിലെത്തിയ കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് കെ വി തോമസിനെ സംബന്ധിച്ച് ഏറെ നിര്‍ണായകമായിരുന്നു ഈ ഉപതെരഞ്ഞെടുപ്പ് ഫലം. വന്‍ വിജയം നേടിയതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കെ വി തോമസ് വിരുദ്ധവികാരം അണപൊട്ടിയൊഴുകി. കെ വി തോമസിന്റെ വീടിന് മുന്നില്‍ പടക്കം പൊട്ടിച്ചും തിരുത മല്‍സ്യം വില്‍പനം നടത്തിയുമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിജയാഘോഷം ഗംഭീരമാക്കിയത്. യുഡിഎഫിന്റെ ക്യാപ്റ്റനായി തെരഞ്ഞെടുപ്പ് പ്രചരണം മുന്നില്‍നിന്ന് നയിച്ച പ്രതിപക്ഷനേതാവ് വി ഡി സതീശന് രാഷ്ട്രീയത്തില്‍ വലിയ മൈലേജ് സമ്മാനിച്ച ഫലം കൂടിയാണിത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker