BREAKINGKERALA

സൈനികനും സഹോദരനുമെതിരേ ആള്‍ക്കൂട്ട ആക്രമണം; കല്ലും കട്ടയുമായി മര്‍ദിച്ചത് 28പേര്‍ ചേര്‍ന്ന്

ഇരവിപുരം(കൊല്ലം): അവധിക്ക് നാട്ടിലെത്തിയ സൈനികനെയും സഹോദരനെയും കടയുടമയും കൂട്ടാളികളും ചേര്‍ന്ന് ആക്രമിച്ച് മാരകമായി പരിക്കേല്‍പ്പിച്ചു. പോലീസ് സംഭവസ്ഥലത്തെത്തിയാണ് ആള്‍ക്കൂട്ട ആക്രമണത്തില്‍നിന്നു ഇരുവരെയും രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്. കൂട്ടിക്കട ആയിരംതെങ്ങ് ഇരട്ടപ്പള്ളിയ്ക്കടുത്ത് റോസ് നഗര്‍-132 ഷാ മന്‍സിലില്‍ സൈനികന്‍ അമീന്‍ ഷാ (30), ഇയാളുടെ സഹോദരന്‍ അമീര്‍ ഷാ (25) എന്നിവര്‍ക്കാണ് പരിക്കേറ്റത്. 28 പേര്‍ ചേര്‍ന്ന് കല്ലും കട്ടയുമായി ആക്രമിച്ചതായാണ് പരാതി.
സംഭവവുമായി ബന്ധപ്പെട്ട് ഇരവിപുരം പോലീസ് ഒരാളെ അറസ്റ്റ് ചെയ്‌തെങ്കിലും ഇയാളുടെ പേര് വെളിപ്പെടുത്താന്‍ പോലീസ് തയ്യാറായിട്ടില്ല. ആക്രമണത്തില്‍ സൈനികനായ അമീന്‍ ഷായുടെ അഞ്ചു പല്ലുകള്‍ക്കും മോണയ്ക്കും പരിക്കേറ്റു. താടിയെല്ലിനും തലയ്ക്കും മാരകമായി പരിക്കേറ്റ അമീന്‍ഷായും ദേഹമാസകലം പരിക്കുള്ള അമീര്‍ ഷായും മേവറത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
കഴിഞ്ഞ ഞായറാഴ്ച രാത്രി ഒന്‍പതോടെ കൂട്ടിക്കടയിലായിരുന്നു ആക്രമണം. കടയില്‍നിന്നു സാധനങ്ങള്‍ വാങ്ങിയതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ കടയുടമയും കൂട്ടാളികളും ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു.
കുഞ്ഞ് ജനിച്ചതിനെത്തുടര്‍ന്നാണ് 45 ദിവസത്തെ അവധിയുമായി അമീന്‍ ഷാ നാട്ടിലെത്തിയത്.
കുട്ടികള്‍ക്ക് പഴങ്ങള്‍ വാങ്ങുന്നതിനായാണ് സഹോദരനൊപ്പം കടയിലെത്തിയത്. വഴക്കിനിടെ ബൈക്കിലിരിക്കുകയായിരുന്ന സഹോദരനൊപ്പം മടങ്ങാന്‍ ശ്രമിക്കവേ കടയുടമയും കൂട്ടാളികളും ചേര്‍ന്ന് തടയുകയും മര്‍ദിക്കുകയുമായിരുന്നു. ഇതുകണ്ട് ജങ്ഷനിലുണ്ടായിരുന്നവരും ഇരുവരെയും ആക്രമിച്ചതായി പറയുന്നു. അടിച്ചുവീഴ്ത്തിയ ഇരുവരെയും റോഡില്‍ വലിച്ചിഴയ്ക്കുകയും കല്ലുകൊണ്ട് തലയ്ക്കടിക്കുകയും ചെയ്തു.
രക്ഷപെടാനായി സമീപത്തെ കടയിലേക്ക് ഓടിക്കയറാന്‍ ശ്രമിച്ച ഇവരെ പിന്തുടര്‍ന്നെത്തിയ സംഘം ആക്രമിച്ചു. ഇതിനിടെ ഫോണിലൂടെ ഇവര്‍ പോലീസിന്റെ സഹായം തേടി. മയ്യനാട്ട് രാത്രിനിരീക്ഷണം നടത്തുകയായിരുന്ന പോലീസ് എത്തിയെങ്കിലും അക്രമിസംഘം പിന്മാറിയില്ല. പോലീസ് മൊബൈല്‍ ഫോണില്‍ അക്രമികളുടെ ചിത്രം എടുത്തതോടെയാണ് പലരും പിന്മാറിയത്.
പരിക്കേറ്റുകിടന്ന സൈനികനെയും സഹോദരനെയും പോലീസ് ജീപ്പിലാണ് ജില്ലാ ആശുപത്രിയിലെത്തിച്ചത്. പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ഇരുവരെയും മേവറത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അക്രമിസംഘം ഒളിവിലാണെന്ന് പോലീസ് പറഞ്ഞു.

Related Articles

Back to top button