ഭുവനേശ്വര്‍: പൊലീസ് സ്റ്റേഷനില്‍ സൈനിക ഉദ്യോഗസ്ഥന്റെ പ്രതിശ്രുത വധുവിന് പീഡനം നേരിട്ടെന്ന പരാതിയില്‍ കരസേനാ മുന്‍ മേധാവി ജനറല്‍ വി കെ സിംഗും മുന്‍ സിബിഐ ഡയറക്ടര്‍ എം നാഗേശ്വര റാവുവും തമ്മില്‍ വാഗ്വാദം. ഒരു സൈനിക ഉദ്യോഗസ്ഥന്റെ പ്രതിശ്രുത വധുവിനോടുള്ള പെരുമാറ്റം ലജ്ജാകരവും ഭയാനകവുമാണെന്ന് ജനറല്‍ വി കെ സിംഗ് വിമര്‍ശിച്ചു. ഒഡീഷ പൊലീസ് സ്ഥിതിഗതികള്‍ കൈകാര്യം ചെയ്ത രീതിയെ അപലപിച്ച ജനറല്‍ സിംഗ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു.
വിരമിച്ച സൈനിക ഉദ്യോഗസ്ഥന്റെ മകള്‍ പറയുന്നത് എല്ലാവരും കേള്‍ക്കണം. ഒഡീഷയിലെ ഭരത്പൂര്‍ പോലീസ് സ്റ്റേഷനില്‍ അവള്‍ക്ക് സംഭവിച്ചത് ലജ്ജാകരമാണ്. സംഭവത്തില്‍ ഉള്‍പ്പെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്കും അവരെ സംരക്ഷിക്കുന്നവര്‍ക്കും എതിരെ ഒഡീഷ മുഖ്യമന്ത്രി വേഗത്തില്‍ നടപടിയെടുക്കണമെന്നും ജനറല്‍ സിംഗ് ആവശ്യപ്പെട്ടു.
ജനറല്‍ സിംഗിന്റെ അഭിപ്രായത്തിനെതിരെ മുന്‍ സിബിഐ ഡയറക്ടര്‍ എം നാഗേശ്വര റാവു രംഗത്തെത്തി. സൈനിക ഉദ്യോഗസ്ഥനും പ്രതിശ്രുതവധുവും മദ്യപിക്കുകയും അനുചിതമായി പെരുമാറുകയും ചെയ്‌തെന്നാണ് അദ്ദേഹം ആരോപിച്ചത്. സൈനിക ഉദ്യോഗസ്ഥനും പ്രതിശ്രുത വധുവും മദ്യം കഴിച്ച് രാത്രി വൈകി നഗരത്തിലൂടെ വാഹനമോടിച്ചു. എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളുമായി അവര്‍ വഴക്കുണ്ടാക്കി. പിന്നീട് ഭരത്പൂര്‍ പോലീസ് സ്റ്റേഷനിലും പ്രശ്‌നമുണ്ടാക്കി. വൈദ്യപരിശോധനയ്ക്കും രക്തപരിശോധനയ്ക്കും വിധേയരാകാന്‍ ആവശ്യപ്പെട്ടപ്പോള്‍ അവര്‍ വിസമ്മതിച്ചെന്നും നാഗേശ്വര റാവു പറഞ്ഞു. നിലപാട് പുനഃപരിശോധിക്കണമെന്ന് ജനറല്‍ സിംഗിനോട് നാഗേശ്വര റാവു അഭ്യര്‍ത്ഥിച്ചു.
സെപ്തംബര്‍ 15ന് രാത്രി ഭുവനേശ്വറിലെ ഭരത്പൂര്‍ പോലീസ് സ്റ്റേഷനിലാണ് സംഭവം നടന്നത്. റസ്റ്റോറന്റ് അടച്ച് താനും ക്യാപ്റ്റനും വീട്ടിലേക്ക് മടങ്ങുമ്പോള്‍ ഗുണ്ടകള്‍ ആക്രമിച്ചതിനെ കുറിച്ച് പരാതിപ്പെടാനാണ് സ്റ്റേഷനില്‍ എത്തിയതെന്ന് യുവതി പറയുന്നു. സഹായിക്കുന്നതിന് പകരം കുറ്റവാളികളോടെന്ന പോലെയാണ് തങ്ങളോട് പൊലീസ് പെരുമാറിയത്. ക്യാപ്റ്റനെ അടുത്ത ദിവസം പുലര്‍ച്ചെ വരെ തടങ്കലില്‍ വച്ചു. സ്റ്റേഷന്റെ ചുമതലയുള്ള ഇന്‍സ്‌പെക്ടര്‍ ദിനകൃഷ്ണ മിശ്ര വന്നപ്പോള്‍ അന്യായമായി തടങ്കലില്‍ വെച്ചതിനെ താന്‍ ചോദ്യംചെയ്‌തെന്നും ഇതോടെ മുറിയിലേക്ക് വലിച്ചിഴച്ച് വസ്ത്രം വലിച്ചൂരുകയും ചവിട്ടുകയും ചെയ്‌തെന്നുമാണ് യുവതിയുടെ വെളിപ്പെടുത്തല്‍. ഇന്‍സ്‌പെക്ടര്‍ അശ്ലീല ആംഗ്യം കാണിച്ചെന്നും യുവതി പറഞ്ഞു.
അതിനിടെ വനിതാ പോലീസ് ഓഫീസറെ ആക്രമിച്ചെന്ന കുറ്റം ചുമത്തി യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് വനിതാ പോലീസുകാര്‍ മുടിയില്‍ പിടിച്ച് വലിച്ചിഴച്ചപ്പോള്‍ താന്‍ ചെറുത്തുനിന്നതെന്നാണ് യുവതിയുടെ വിശദീകരണം. യുവതിക്ക് പിന്നീട് കോടതി ജാമ്യം അനുവദിച്ചു. പുറത്തിറങ്ങിയതിന് പിന്നാലെയാണ് യുവതി പൊലീസുകാര്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്. അതേസമയം പൊലീസുകാര്‍ ആരോപണങ്ങള്‍ നിഷേധിച്ചു. സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുകയാണ്.
87 1 minute read