ന്യൂഡല്‍ഹി: സൈബറിടങ്ങളില്‍ കുറ്റകൃത്യം തടയാനുള്ള പദ്ധതികളുമായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. കുറ്റകൃത്യം തടയുന്നതിനായി സൈബര്‍ കമാന്‍ഡോസ് പദ്ധതി ഒരുങ്ങുന്നതായി അമിത് ഷാ അറിയിച്ചു. ഡാറ്റാ രജിസ്ട്രിയും സൈബര്‍ കുറ്റകൃത്യങ്ങള്‍ പങ്കുവെക്കുന്നതിനുള്ള വെബ് പോര്‍ട്ടലും സജ്ജീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭാവിയില്‍ കുറ്റകൃത്യങ്ങളെ തടയാന്‍ പാകത്തില്‍ സംശയാസ്പദമായ കാര്യങ്ങള്‍ ഇതിലൂടെ പങ്കുവെക്കും.
അയ്യായിരത്തോളം വരുന്ന സൈബര്‍ കമാന്‍ഡോകളെ, പരിശീലനം നല്‍കി സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ വേണ്ടി നിയോഗിക്കുമെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അറിയിച്ചത്. ഡല്‍ഹിയില്‍ വെച്ച് നടന്ന ഐ4സി (Indian Cybercrime Coordination Centre) യുടെ ആദ്യ സ്ഥാപകദിനാഘോഷത്തില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ബാങ്കുകള്‍, സാമ്പത്തിക ഇടനിലക്കാര്‍, ടെലികോം സേവന ദാതാക്കള്‍, ഐ.ടി. ഇടനിലക്കാര്‍, സംസ്ഥാന – കേന്ദ്രഭരണപ്രദേശങ്ങളിലെ നിയമ നിര്‍വ്വഹണ ഏജന്‍സികള്‍ തുടങ്ങിയവയുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തിക്കൊണ്ട് സൈബറിടങ്ങളിലെ തട്ടിപ്പുകളെ കുറച്ചു കൊണ്ടുവരാനുള്ള പദ്ധതിക്ക് (സി.എഫ്.എം.സി) രൂപം കൊടുക്കുമെന്നും അമിത് ഷാ അറിയിച്ചു. എല്ലാം ഏജന്‍സികളും ഒന്നായി പ്രവര്‍ത്തിച്ച് ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകള്‍ക്കെതിരേ ഉടനടി നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിലവില്‍ മേവത്, ജാംതാര, അഹമ്മദാബാദ്, ഹൈദരാബാദ്, ഛണ്ഡീഗഢ്, വിശാഖപട്ടണം, ഗുവാഹത്തി എന്നിവിടങ്ങളില്‍ സൈബര്‍ ഏകോപന സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും നല്ല പ്രതികരണമാണ് ഇവിടങ്ങളില്‍ നിന്ന് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഐ4സിയുടെ ഭാഗമായി വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ കൂടി ബോധവത്കരണ പരിപാടികളും നടത്തിവരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ലക്ഷ്യത്തിലെത്താന്‍ വേണ്ടി നമുക്ക് കൃത്യമായ ഒരു തന്ത്രം മെനയേണ്ടതുണ്ട്. ഒപ്പം ഒന്നിച്ച് ഒരേ ദിശയിലൂടെ മുമ്പോട്ട് പോകണം’ അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
വിവിധ സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണപ്രദേശങ്ങളിലേയും പരിശീലനം ലഭിച്ച പ്രത്യേക സംഘമായിരിക്കും സൈബര്‍ കമാന്‍ഡോ പദ്ധതിക്ക് കീഴിലുണ്ടാവുക. ഡിജിറ്റല്‍ ഇടം സുരക്ഷിതമാക്കാന്‍ സൈബര്‍ കമാന്‍ഡോകള്‍ സംസ്ഥാനങ്ങളെയും കേന്ദ്ര ഏജന്‍സികളെയും സഹായിക്കും. സിബിഐ, പോലീസ് അടക്കമുള്ള ഇടയങ്ങളിലും പരിശീലനം ലഭിച്ച സൈബര്‍ കമാന്‍ഡോകളെ നിയോഗിക്കുമെന്നാണ് വിവരം.
64 1 minute read