BREAKING NEWSNATIONAL

സോണിയ ഗാന്ധിയെ ഇ.ഡിക്ക് ചോദ്യം ചെയ്യുന്നു; പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

ന്യൂഡല്‍ഹി: നാഷനല്‍ ഹെറള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരായി. എഐസിസി ആസ്ഥാനത്തുനിന്നാണ് സോണിയ ഇ.ഡി ഓഫീസിലേക്ക് എത്തിയത്. രാഹുല്‍ ഗാന്ധിയും പ്രിയങ്കയും ഒപ്പമുണ്ടായിരുന്നു. സോണിയ ഗാന്ധിക്ക് പിന്തുണയുമായി കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും മുദ്രാവാക്യം മുഴക്കി. സോണിയയെ പിന്തുണയ്ക്കുന്ന പ്ലക്കാഡുകളുമായാണ് പ്രവര്‍ത്തകര്‍ എത്തിയത്.
എന്നാല്‍, നേരത്തെ രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്തത് പോലെ ദീര്‍ഘനേരം ചോദ്യം ചെയ്യില്ലെന്നാണ് ഇഡി വൃത്തങ്ങള്‍ നല്‍കുന്ന വിവരം. സോണിയ ഗാന്ധിയുടെ അനാരോഗ്യം പരിഗണിച്ചായിരിക്കും ചോദ്യം ചെയ്യല്‍. ഓന്നോ രണ്ടോ ദിവസത്തിനുള്ളില്‍ തന്നെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയേക്കും. അവരുടെ പ്രായവും അനാരോഗ്യവും പരിഗണിച്ചുകൊണ്ടാണ് ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് ഇഡി എത്തിയതെന്നാണ് വിവരം.
വിഷയത്തില്‍ കോണ്‍ഗ്രസ് എംപിമാരും നിരത്തിലിറങ്ങി പ്രതിഷേധിക്കുകയാണ്. സമാധാനത്തോടെയാണ് പ്രതിഷേധിക്കുന്നതെന്നും തങ്ങളുടെ ശബ്ദം അടിച്ചമര്‍ത്താന്‍ സാധിക്കില്ലെന്നും കോണ്‍ഗ്രസ് എംപി ദീപേന്ദര്‍ ഹൂഡ പറഞ്ഞു. ഇതിനിടെ ഇഡി വേട്ടയാടുന്നുവെന്നാരോപിച്ച് കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും പാര്‍ലമെന്റില്‍ പ്രതിഷേധിക്കും. കേന്ദ്ര ഏജന്‍സികളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നു എന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker