തിരുവനന്തപുരം: സോളര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കുറ്റവിമുക്തനാക്കി കോടതിയില്‍ സിബിഐ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഗൂഢാലോചന നടത്തിയവരെക്കുറിച്ചുള്ള വിവരങ്ങളും ഉണ്ടെന്ന് സൂചന. കെ.ബി.ഗണേഷ്‌കുമാര്‍, ഗണേഷ്‌കുമാറിന്റെ ബന്ധു ശരണ്യ മനോജ് എന്നിവര്‍ക്കു പുറമേ ഈ കേസില്‍ ഇതുവരെ കേള്‍ക്കാതിരുന്ന ‘വിവാദ ദല്ലാളി’ന്റെ ഇടപെടലും സിബിഐ ശേഖരിച്ച മൊഴിയിലുണ്ട്. കഴിഞ്ഞ ദിവസം തിരുവനന്തപുരം മജിസ്‌ട്രേട്ട് കോടതിയാണ് റിപ്പോര്‍ട്ട് അംഗീകരിച്ചത്.
പരാതിക്കാരിയുടെ ആദ്യ കത്തിനു പുറമേ അവര്‍ പലപ്പോഴായി രാഷ്ട്രീയനേതാക്കളുടെ പേര് എഴുതിച്ചേര്‍ക്കുന്നതിനായി തയാറാക്കിയ 4 കത്തുകളും സിബിഐ തെളിവായി ശേഖരിച്ചിരുന്നു. മുഖ്യമന്ത്രിയായി പിണറായി വിജയന്‍ അധികാരത്തിലെത്തി മൂന്നാം ദിവസം തന്നെ പരാതിക്കാരിക്കു മുഖ്യമന്ത്രിയെ കാണാന്‍ അവസരമൊരുക്കിയതു വിവാദ ദല്ലാള്‍ ആണെന്ന് പരാതിക്കാരിയുടെ ഡ്രൈവറും കേസിലെ പ്രധാന സാക്ഷിയും സിബിഐക്കു മൊഴി നല്‍കി. പരാതിക്കാരി ജയിലില്‍ കിടന്നപ്പോള്‍ എഴുതിയ ആദ്യ കത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ പേരോ പരാമര്‍ശമോ ഇല്ലായിരുന്നു. ഇത് കൂട്ടിച്ചേര്‍ത്തതാണെന്നാണ് സിബിഐയുടെ കണ്ടെത്തല്‍.
പരാതിക്കാരി മറ്റൊരു കേസില്‍ ജയിലില്‍ കഴിയുമ്പോള്‍ ഗണേഷ്‌കുമാര്‍ സഹായിയെ വിട്ടു കത്ത് കൈവശപ്പെടുത്തുകയായിരുന്നുവെന്നാണ് സിബിഐക്കു ലഭിച്ച മൊഴി. ഇക്കാര്യം ശരണ്യ മനോജിന്റെ മൊഴിയിലും ഉണ്ട്. ഇതിനിടയില്‍ കടന്നുവന്ന വിവാദ ദല്ലാളിന് 2 കത്തുകള്‍ കൈമാറിയതായി മനോജ് മൊഴി നല്‍കിയതായി സിബിഐ വ്യക്തമാക്കുന്നു. പിന്നീട് പരാതിക്കാരിയെ കേസുമായി മുന്നോട്ടുപോകാന്‍ സഹായിച്ചത് ഇയാളാണ്. മുഖ്യമന്ത്രിയുടെയടുത്തു പരാതിക്കാരിയെ എത്തിച്ച് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്‍പു കേസ് സിബിഐക്കു വിടുകയായിരുന്നു ഉദ്ദേശ്യം.
ക്ലിഫ് ഹൗസിനുള്ളില്‍ വച്ചു പീഡിപ്പിച്ചെന്ന പരാതിയില്‍ ഒരു തെളിവും കണ്ടെത്താന്‍ സിബിഐക്കു കഴിഞ്ഞില്ല. പീഡിപ്പിച്ച കാര്യം സാക്ഷിയായി പറയണമെന്നു പരാതിക്കാരി പി.സി.ജോര്‍ജിനോട് നിര്‍ദേശിച്ചിരുന്നതായും റിപ്പോര്‍ട്ടില്‍ ഉണ്ട്. എന്നാല്‍, സിബിഐക്ക് മൊഴി നല്‍കുമ്പോള്‍ പി.സി.ജോര്‍ജ് പീഡനം കണ്ടില്ലെന്നു മൊഴി നല്‍കി.