BREAKINGKERALA
Trending

സ്‌കൂള്‍ സമയം എട്ടുമുതല്‍ ഒരു മണിവരെയാക്കാന്‍ ശുപാര്‍ശ; ഒരു ക്ലാസില്‍ 35 കുട്ടികള്‍ മതി

schoolതിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂള്‍ സമയം രാവിലെ എട്ടുമുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെയാക്കി മാറ്റണമെന്ന് ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ശുപാര്‍ശ. പ്രീ സ്‌കൂളില്‍ 25, ഒന്നുമുതല്‍ 12 വരെയുള്ള ക്ലാസുകളില്‍ 35 എന്നിങ്ങനെ കുട്ടികളുടെയെണ്ണം കുറയ്ക്കാനും നിര്‍ദേശിച്ചു. ഇതടക്കമുള്ള ശുപാര്‍ശകളുള്ള ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ രണ്ടാംഭാഗം ബുധനാഴ്ചചേര്‍ന്ന മന്ത്രിസഭായോഗം അംഗീകരിച്ചു. സമിതി ശുപാര്‍ശ ചര്‍ച്ചയ്ക്കുശേഷം സമവായത്തില്‍ നടപ്പാക്കാനാണ് മന്ത്രിസഭയിലെ ധാരണ.
കേന്ദ്രീയവിദ്യാലയങ്ങളിലും ദേശീയ സിലബസനുസരിച്ചുള്ള സ്‌കൂളുകളിലും നിലവില്‍ രാവിലെ ഏഴരയ്ക്കും എട്ടരയ്ക്കുമാണ് പഠനം തുടങ്ങുന്നതെന്ന് സമിതി ചൂണ്ടിക്കാട്ടി. കേരളത്തില്‍ കുട്ടികളുടെ സമഗ്രവികസനം ലക്ഷ്യമാക്കി നിലവിലെ പഠനസമയം ക്രമീകരിക്കണം.
അതേസമയം പ്രാദേശിക ആവശ്യങ്ങളനുസരിച്ച് സമയം പുനഃക്രമീകരിക്കാം. ചിലവിഷയങ്ങളില്‍ ആഴത്തിലുള്ള പഠനത്തിനായി ഉച്ചയ്ക്ക് രണ്ടുമുതല്‍ വൈകീട്ട് നാലുവരെയുള്ള സമയം പ്രയോജനപ്പെടുത്താമെന്നും സമിതി നിര്‍ദേശിച്ചു.
കുട്ടികളുടെ മാനസികവും വൈകാരികവും ശാരീരികവും ക്രിയാത്മകവുമായ ഘടകങ്ങളെ പരിപോഷിപ്പിക്കാന്‍ സമയമാറ്റം സഹായിക്കുമെന്നാണ് വിലയിരുത്തല്‍. ഈക്രമീകരണത്തില്‍ കുട്ടികളുടെ പ്രായവും ശാരീരികവും മാനസികവുമായ സവിശേഷതകളും പരിഗണിക്കണം.

മറ്റ് നിര്‍ദേശങ്ങള്‍

• സെക്കന്‍ഡറി തലത്തില്‍ ( 8-12 ) അധ്യാപകര്‍ക്ക് മാസ്റ്റേഴ്‌സ് ബിരുദം യോഗ്യത.
• പി.എച്ച്ഡി തലം വരെ അധ്യാപകരുടെ ഉപരിപഠനം പ്രോത്സാഹിപ്പിക്കണം.
• ലോവര്‍ പ്രൈമറിക്കും പ്രീ പ്രൈമറിക്കും കുറഞ്ഞ യോഗ്യത ബിരുദം.
• പഠന പ്രവര്‍ത്തനങ്ങളിലൂടെ കുട്ടിയുടെ മാനസികവും ശാരീരികവും സാമൂഹ്യവുമായ വളര്‍ച്ച ഉറപ്പാക്കണം.
• തസ്തികാ നിര്‍ണ്ണയം പരിഷ്‌കരിക്കണം, അദ്ധ്യാപക സ്ഥലംമാറ്റം, ഓഫീസ് • സംവിധാനങ്ങള്‍ എന്നിവ പരിഷ്‌കരിക്കണം
• നിലവിലെ പാഠപുസ്തക സങ്കല്പങ്ങളില്‍ വലിയ മാറ്റങ്ങളാവശ്യം.
• ഗ്രേസ് മാര്‍ക്ക് തുടരാം. മാര്‍ക്ക് നല്‍കുന്ന നിലവിലെ രീതി പരിഷ്‌കരിക്കണം.
• പഠനരീതി കുട്ടിയുടെ ചിന്ത വളര്‍ത്തുന്നതും ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതുമായ തലത്തിലാവണം.
•പ്രീ സ്‌കൂളില്‍ ഒരു ക്ലാസ്സില്‍ 25 കുട്ടികള്‍.
•ഒന്ന് മുതല്‍ 12 വരെ പരമാവധി 35 കുട്ടികള്‍.

Related Articles

Back to top button