മംഗളൂരു: സുഹൃത്തുക്കളുടെ അതിരുവിട്ട കളിയാക്കലിലും അത് മൊബൈലില്‍ പകര്‍ത്തി സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിലും മനംനൊന്ത് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. ബെല്‍ത്തങ്ങടി പനകജെയിലെ ഷാഹില്‍ (21) ആണ് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച് ഗുരുതരനിലയില്‍ ആസ്പത്രിയിലുള്ളത്.
നഗരത്തിലേക്ക് സ്‌ക്രാച്ച് ജീന്‍സ് (പലയിടങ്ങളില്‍ കീറിയ മോഡല്‍ ജീന്‍സ്) ഇട്ട് ഇറങ്ങിയ ഷാഹിലിന്റെ ജീന്‍സിന്റെ കീറിയ ഭാഗം സുഹൃത്തുക്കള്‍ ചേര്‍ന്ന് ബലം പ്രയോഗിച്ച് തുന്നുകയായിരുന്നു.
ഒരാള്‍ ഷാഹിലിന്റെ കൈകള്‍ പിറകില്‍നിന്ന് പിടിച്ചുവെച്ചു. മറ്റൊരാള്‍ ചാക്ക് തുന്നുന്ന സൂചിയും നൂലും ഉപയോഗിച്ച് ജീന്‍സിന്റെ കീറിയ ഭാഗങ്ങള്‍ തുന്നി. ഇത് മറ്റൊരു സുഹൃത്ത് മൈാബൈലില്‍ പകര്‍ത്തുകയും വിവരണങ്ങളോടെ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. ഇതില്‍ മനംനൊന്ത് ഷാഹില്‍ വീട്ടില്‍ച്ചെന്ന് മുറിയില്‍വെച്ച് വിഷം കഴിക്കുകയായിരുന്നു.
അസ്വാഭാവിക ശബ്ദം മുറിക്കുള്ളില്‍നിന്ന് കേട്ടതോടെ വീട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് വിഷം കഴിച്ച് അവശനിലയില്‍ ഷാഹിലിനെ കണ്ടെത്തിയത്. ഉടനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവാവിന്റെ നില ഗുരുതരമായി തുടരുകയാണ്. സംഭവത്തില്‍ ബെല്‍ത്തങ്ങടി പോലീസ് സുഹൃത്തുക്കളായ ഷബീര്‍, അനീഷ്, സലീം എന്നിവര്‍ക്കെതിരെ കേസെടുത്തു.
85 Less than a minute