BREAKING NEWSWORLD

സ്തനസൗന്ദര്യം വര്‍ധിപ്പിക്കണം, ഒറ്റ ദിവസം 3 ശസ്ത്രക്രിയ; 33കാരിയ്ക്ക് ദാരുണാന്ത്യം ആശുപത്രി പൂട്ടി

ബെയ്ജിങ്: സൗന്ദര്യവത്കരണത്തിനായി ഒരു ദിവസം തന്നെ മൂന്ന് ശസ്ത്രക്രിയകള്‍ക്ക് വിധേയയായ ചൈനീസ് താരത്തിന് ദാരുണാന്ത്യം. തുടര്‍ച്ചയായി അഞ്ച് മണിക്കൂറോളം ഓപ്പറേഷന്‍ തീയേറ്ററില്‍ ചെലവഴിച്ചതിനു പിന്നാലെ 33കാരിയായ ഷിയോറാന്റെ അവയവങ്ങള്‍ തകരാറിലാകുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ന്ന് ഇവര്‍ മരണപ്പെടുകയായിരുന്നു.
ചൈനയിലെ സോഷ്യല്‍ നെറ്റ!!വര്‍ക്കിങ് പ്ലാറ്റ്‌ഫോമായ സിന വീബോയില്‍ 1.3 ലക്ഷം ഫോളോവേഴ്‌സാണ് ഷിയോറാന് ഉണ്ടായിരുന്നത്. ഫാഷന്‍ ഡിസൈനര്‍ കൂടിയായിരുന്ന ഷിയോറാന് ഇറ്റലിയില്‍ സ്വന്തമായി ഒരു ഫാഷന്‍ ബ്രാന്‍ഡും ഉണ്ടായിരുന്നു. സൗന്ദര്യവര്‍ദ്ധക ശസ്ത്രക്രിയയ്ക്കു പിന്നാലെ ഇവര്‍ മരണപ്പെട്ടതോടെ ചൈനയിലെ സമൂഹമാധ്യമങ്ങളില്‍ ഇത് വലിയ ചര്‍ച്ചയാകുകയും ചെയ്തു. വ്യാഴാഴ്ച വൈകിട്ടു വരെ ഇതുമായി ബന്ധപ്പെട്ട ഹാഷ്ടാഗ് 60 കോടിയിലേറെ പേര്‍ കണ്ടെന്നാണ് ദ സണ്‍ റിപ്പോര്‍ട്ട്. യുവതിയുടെ മരണത്തിനു പിന്നാലെ, ശസ്ത്രക്രിയ നടത്തിയ ബ്യൂട്ടി ക്ലിനിക്ക് അധികൃതര്‍ പൂട്ടിയിട്ടുണ്ട്.
മെയ് മാസത്തിലാണ് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലൂവെന്‍സര്‍ കൂടിയായ ഷിയോറാന്‍ ക്ലിനിക്കിലെത്തുന്നത്. സൗന്ദര്യവര്‍ധക മാര്‍ഗങ്ങളും ഫാഷനും സംബന്ധിച്ച ഷിയോറാന്റെ വീഡിയോകള്‍ ലക്ഷക്കണക്കിനു പേര്‍ പങ്കുവെച്ചിരുന്നു. ക്ലിനിക്കിലെത്തിയ ഷിയോറാനോട് സ്ഥാപനത്തിലെ വിദഗ്ധര്‍ മൂന്ന് ശസ്ത്രക്രിയകളാണ് നിര്‍ദേശിച്ചത്. കൈമുട്ടുകള്‍ക്ക് മുകളിലും ഇടുപ്പിലും വയറിലും കൊഴുപ്പ് നീക്കം ചെയ്യാനുള്ള ലിപോസക്ഷന്‍ നടത്താനായിരുന്നു നിര്‍ദേശം. ഇതിനു പുറമെ സ്തനങ്ങളുടെ വലുപ്പം വര്‍ധിപ്പിക്കാനുള്ള ശസ്ത്രക്രിയയും ഇവര്‍ ശുപാര്‍ശ ചെയ്തു. ഈ ശസ്ത്രക്രിയകള്‍ക്കായി ഷിയോറാന്‍ അഞ്ച് മണിക്കൂറോളം ക്ലിനിക്കിലെ ഓപ്പറേഷന്‍ തീയേറ്ററില്‍ ചെലവഴിച്ചു.
ശസ്ത്രക്രിയ കഴിഞ്ഞു ബോധം തെളിഞ്ഞപ്പോള്‍ തന്നെ തനിക്ക് കലശലായ വേദനയുണ്ടെന്ന് ഷിയോറാന്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇത് സാധാരണമാണെന്ന തരത്തിലായിരുന്നു ക്ലിനിക്കിലെ അധികൃതരുടെ മറുപടി. എന്നാല്‍ രണ്ട് ദിവസം കഴിഞ്ഞിട്ടും നില മെച്ചപ്പെട്ടില്ലെന്നു മാത്രമല്ല ആരോഗ്യസ്ഥിതി കൂടുതല്‍ മോശമാകുകയും ചെയ്തു. തുടര്‍ന്ന് ഷിയോറാന്‍ ക്ലിനിക്കില്‍ നിന്നു സ്വയം ആംബുലന്‍സ് വിളിച്ചു വരുത്തി ആശുപത്രിയിലേയ്ക്ക് മാറുകയായിരുന്നു.
ശരീരത്തിലെ അവയവങ്ങള്‍ തകരാറിലായെന്നു കണ്ടെത്തിയതോടെ ഐസിയുവിലേയ്ക്ക് മാറ്റി. തുടര്‍ന്ന് വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ചികിത്സ. രണ്ട് മാസത്തോളം ചികിത്സയില്‍ കഴിഞ്ഞ ശേഷമായിരുന്നു ജൂലൈ 13ന് മരണം സംഭവിച്ചത്. ഴിജിയാങ് പ്രവിശ്യയിലെ ബ്യൂട്ടി ക്ലിനിക്ക് ഇവരുടെ മരണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. യുവതിയുടെ കുടുംബം സ്ഥാപനത്തോട് പത്ത് കോടി രൂപയിലധികം നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിട്ടുമുണ്ട്. സംഭവത്തില്‍ പരാതി ലഭിച്ചതിനു പിന്നാലെയാണ് ചൈനീസ് അധികൃതര്‍ ഈ ക്ലിനിക്ക് പൂട്ടി സീല്‍ ചെയ്തത്. സ്ഥാപനത്തിനെതിരെ അന്വേഷണവും തുടങ്ങിയിട്ടുണ്ട്.
സൗന്ദര്യവര്‍ധക ശസ്ത്രക്രിയകളുടെ ഭാഗമായി ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുന്നത് ചൈനയില്‍ ഇതാദ്യ സംഭവമല്ല. മൂക്കിന്റെ ഭംഗി വര്‍ധിപ്പിക്കാനായി ശസ്ത്രക്രിയ നടത്തിയ നടി ഗാവോ ലിയുയും മുന്‍പ് കുഴപ്പത്തിലായിരുന്നു. 2020ല്‍ ഗുവാന്‍ഡോങില്‍ വെച്ച് ശസ്ത്രക്രിയയ്ക്കു വിധേയയായ താരത്തിന്റെ മൂക്കിന്റെ തുമ്പ് അഴുകുകയായിരുന്നു. കോസ്മറ്റിക് ശസ്ത്രക്രിയകള്‍ വ്യാപകമായതിനു പിന്നാലെ ഈ മേഖലയില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരണമെന്നാണ് ജനങ്ങളുടെ ആവശ്യം.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker