2021 ഫെബ്രുവരിയിലാണ് പിന്നീട് സമൂഹ മാധ്യമങ്ങളില്‍ ‘ഐന്‍സ്റ്റീന്‍ ചാച്ച’ എന്ന് അറിയപ്പെട്ടയാളും തൊട്ടടുത്ത മറ്റൊരു കടക്കാരനും തമ്മില്‍ ഉത്തര്‍പ്രദേശിലെ ബാഗ്പതില്‍ വച്ച് തങ്ങളുടെ കടയിലേക്ക് വരുന്ന ഉപഭോക്താക്കളെ ചൊല്ലി തര്‍ക്കമുണ്ടായതും പിന്നാലെ അടി നടന്നതും. ബാഗ്പത് തെരുവില്‍ വച്ച് നടന്ന കൂട്ടയടി സമൂഹ മാധ്യമങ്ങളില്‍ അന്ന് വലിയ ചര്‍ച്ചാ വിഷയമായി. 2024 -ല്‍ പോലും സമൂഹ മാധ്യമങ്ങളില്‍ ഒന്നാം ബാഗ്പത് യുദ്ധത്തിന്റെ മൂന്നാം വാര്‍ഷികം നടത്തിയത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിനിടെയാണ് ഇന്നലെ ബാഗ്പതില്‍ നിന്നും പങ്കുവയ്ക്കപ്പെട്ട മറ്റൊരു തല്ല് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. ഒരു കൂട്ടം സ്ത്രീകള്‍ ചേര്‍ന്ന് തെരുവില്‍ വച്ച് ഒരു യുവതിയെയും കൌമാരക്കാരിയെയും വലിയ വടികള്‍ ഉപയോഗിച്ച് തലങ്ങും വിലങ്ങും തല്ലുന്നതായിരുന്നു വീഡിയോയില്‍ ഉണ്ടായിരുന്നത്.
വീഡിയോ വൈറലായതിന് പിന്നാലെ രണ്ടാം ബാഗ്പത് യുദ്ധമെന്നായിരുന്നു ഇതിനെ സമൂഹ മാധ്യമ ഉപയോക്കാക്കള്‍ വിശേഷിപ്പിച്ചത്. നിരവധി പേര്‍ പങ്കുവച്ച വീഡിയോ ഇതിനകം ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. തെരുവിലെ ഒരു ബാല്‍ക്കണിയില്‍ നിന്നും ചിത്രീകരിച്ച വീഡിയോയില്‍ തെരുവില്‍ വച്ച സ്ത്രീകള്‍ പരസ്പരം തല്ലുകൂടുന്നത് കാണാം. കൈയില്‍ കിട്ടിയതെല്ലാമെടുത്താണ് സ്ത്രീകള്‍ പരസ്പരം അക്രമിക്കുന്നത്. ഇതിനിടെ കുട്ടികള്‍ ചിതറി ഓടുന്നതും ചില കുട്ടികളെ തിരഞ്ഞ് പിടിച്ച് സ്ത്രീകള്‍ തല്ലുന്നതും വീഡിയോയില്‍ കാണാം. അക്ഷരാര്‍ത്ഥത്തില്‍ തെരുവ് ഒരു യുദ്ധക്കളത്തിന്റെ പ്രതീതി സൃഷ്ടിച്ചു. ഇടയ്ക്ക് ബൈക്കിലെത്തിയ ചിലര്‍, സ്ത്രീകളെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഭീഷണിയെ തുടര്‍ന്ന് പിന്മാറി. ഇതിനിടെ നിലത്ത് വീണ യുവതിയെയും കൌമാരക്കാരിയേയും വട്ടം കൂടി നിന്ന സ്ത്രീകള്‍ ക്രൂരമായി മര്‍ദ്ദിക്കുന്നതും വീഡിയോയില്‍ കാണാം. പ്രശ്‌നം വഷളാകുമെന്ന ഘട്ടമെത്തിയപ്പോള്‍ തെരുവില്‍ കൂടുതല്‍ പുരുഷന്മാരെത്തുകയും സ്ത്രീകളെ തടയുകയും ചെയ്യുന്നതും വീഡിയോയില്‍ കാണാം.
സ്ത്രീകളുടെ അടിയുടെ കാരണം വ്യക്തമല്ലെങ്കിലും തെരുവിലെ ഒരു താമസക്കാരന്‍ ഉച്ചത്തില്‍ വച്ച ഒരു പാട്ടിന് പിന്നാലെയാണ് അടി തുടങ്ങിയതെന്ന് സമൂഹ മാധ്യമ കുറിപ്പുകള്‍ അവകാശപ്പെട്ടു. വീഡിയോ വൈറലായതിന് പിന്നാലെ നിരവധി പേരാണ് രസകരമായ കുറിപ്പുകളുമായെത്തിയത്. ‘ചരിത്ര പുസ്തകങ്ങളില്‍ ഒരു പുതിയ അധ്യായം തുറക്കും. ബാഗ്പത് യുദ്ധം 1, ബാഗ്പത് യുദ്ധം 2’ ഒരു കാഴ്ചക്കാരന്‍ തമാശയായി കുറിച്ചു. ‘ബാഗ്പത് ഇന്ത്യയുടെ പുതിയ പാനിപ്പത്ത് ആണ്.’ എന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം. ‘ഉണരുക കുഞ്ഞേ, ഞങ്ങള്‍ക്ക് ഒജി ബാഗ്പത് പോരാട്ടത്തിന്റെ തുടര്‍ച്ചയുണ്ട്’ എന്നായിരുന്നു മറ്റൊരു തമാശ കുറിപ്പ്. ബാഗ്പത് എപ്പോഴും ഐതിഹാസിക നിമിഷങ്ങള്‍ തരുന്നതായി മറ്റൊരു കാഴ്ചക്കാരന്‍ എഴുതി.