BREAKINGKERALA

സ്ത്രീത്വത്തെ അപമാനിച്ചെന്ന് യുവനടിയുടെ പരാതി; യൂട്യൂബര്‍ സൂരജ് പാലാക്കാരന്‍ അറസ്റ്റില്‍

സ്ത്രീത്വത്തെ അപമാനിച്ചുവെന്ന പരാതിയില്‍ യൂട്യൂബര്‍ സൂരജ് പാലാക്കാരന്‍ അറസ്റ്റില്‍.യുവ നടി റോഷ്‌ന ആന്‍ റോയ് നല്‍കിയ പരാതിയിലാണ് അറസ്റ്റ്.കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് സൂരജ് പ്രതികരിച്ചു.
തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും-കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ യദുവും തമ്മിലുണ്ടായ തര്‍ക്കത്തില്‍ നടി റോഷ്‌ന സമാന അനുഭവം ആരോപിച്ച് യദുവിനെതിരെ രംഗത്ത് എത്തിയിരുന്നു.ഈ സംഭവത്തില്‍ നടിക്കെതിരെ സോഷ്യല്‍ മീഡിയ വഴി സൂരജ് പാലാക്കാരന്‍ നടത്തിയ അധിക്ഷേപ പരാമര്‍ശത്തിലാണ് പാലാരിവട്ടം പോലീസിന്റെ നടപടി.നടിയുടെ പരാതിയില്‍ ജൂണ്‍ 16നാണ് പോലീസ് കേസ് എടുത്തത്.മറ്റൊരു കേസില്‍ ജാമ്യത്തിലിറങ്ങിയ സൂരജ് നിയമത്തെ വെല്ലുവിളിച്ച് അധിക്ഷേപം തുടരുകയായിരുന്നുവെന്ന് പരാതിക്കാരി പറഞ്ഞു.
പ്രതിക്കെതിരെ ഐടി ആക്ട് പ്രകാരം ജാമ്യമില്ലാ വകുപ്പുകള്‍ ആണ് ചുമത്തിയിരിക്കുന്നത്.കേസിനെ നിയമപരമായി നേരിടുമെന്ന് സൂരജ് പ്രതികരിച്ചു. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സമാനമായ മറ്റൊരു കേസില്‍ സൂരജ് പാലാക്കാരനെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തിരുന്നു. ഇടുക്കി സ്വദേശിയായ യുവതിയുടെ പരാതിയില്‍ സ്ത്രീത്വത്തെ അപമാനിച്ചതിനും ജാതീയമായി അധിക്ഷേപിച്ചതിനുമാണ് ഇയാള്‍ക്കെതിരെ മുന്‍പ് പൊലീസ് കേസെടുത്തത്.

Related Articles

Back to top button