മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാനെത്തിയ തന്നെ പുരുഷ പൊലീസ് കോളറില്‍ പിടിച്ച് വലിച്ചിഴച്ചെന്ന് കെഎസ്യു പ്രവര്‍ത്തക മിവ ജോളി. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കരുതെന്നാണോ അതോ വനിതാ പ്രവര്‍ത്തകര്‍ പ്രതിഷേധ പരിപാടികളില്‍ വരരുതെന്നാണോ പൊലീസ് നടപടിയുടെ അര്‍ത്ഥമെന്നാണ് മിവ ചോദിക്കുന്നത്. കളമശേരി മെഡിക്കല്‍ കോളജ് സൂപ്രണ്ടിനെതിരായ വ്യാജ ജനനസര്‍ട്ടിഫിക്കറ്റ് വിവാദത്തിലായിരുന്നു പ്രതിഷേധം. ഇത്തരമൊരു വിവാദമുയരുമ്പോള്‍ മുഖ്യമന്ത്രി കൊച്ചിയിലെത്തുമ്പോള്‍ പ്രതിഷേധമുണ്ടാകുന്നത് സ്വാഭാവികമാണെന്നും മിവ ജോളി പറഞ്ഞു.
മുഖ്യമന്ത്രി എത്തുന്നതിന് മിനിറ്റുകള്‍ക്ക് മുന്‍പ് തങ്ങള്‍ പ്രതിഷേധിക്കാനെത്തിയപ്പോള്‍ പൊലീസ് തന്നെ പിടിച്ചുമാറ്റുന്ന സ്ഥിതിയുണ്ടായെന്ന് മിവ ജോളി പറയുന്നു. ആ സമയത്തൊന്നും അവിടെ ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥ ഉണ്ടായിരുന്നില്ല. ഒരു സ്ത്രീയാണ് പ്രതിഷേധിക്കുന്നതെന്ന് മനസിലായില്ല എന്ന വാദം വിലപ്പോയില്ല. തങ്ങള്‍ അവിടെ എത്തിയപ്പോള്‍ തന്നെ പ്രതിഷേധത്തില്‍ സ്ത്രീയുമുണ്ടെന്ന വിവരം പൊലീസിന് ലഭിച്ചതായി താന്‍ കേട്ടെന്നും മിവ കൂട്ടിച്ചേര്‍ത്തു.