Articles

സ്ത്രീഹത്യകളും സ്ത്രീ എന്ന ധനവും

സന റബ്‌സ്
     ഒരു മനുഷ്യന്റെ സ്വാതന്ത്ര്യം എന്താണെന്നും മറ്റൊരുവന്റെ മൂക്കിന്റെ തുമ്പുവരെപോലും കണ്ണുരുട്ടാൻ അവകാശമില്ലെന്നും ഒട്ടും മനസ്സിലാക്കാത്ത ഒരു വലിയ വിഭാഗമാണ് ഇന്ത്യയിലെ  ഭൂരിഭാഗം പുരുഷന്മാർ. ഇന്ത്യക്കാർക്ക് സ്വാതന്ത്ര്യം എന്നാൽ ഒറ്റവാക്കിൽ ‘പുരുഷനും അവന്റെ ഗോത്രവും’ ആണ്. ഈ ചിന്താഗതിയുള്ള സ്ത്രീകളും പുരുഷന്മാരെക്കാൾ അധികമുണ്ട് എന്നതാണ് കഠിനമായ വസ്തുത.
സ്വന്തം കുടുംബത്തിൽനിന്നും ആ വേർതിരിവോടെയാണ് അവൻ വരുന്നത്. പെൺകുട്ടികളെ ജനിക്കും മുൻപേ കൊന്നുകളയുകയും അഥവാ ജനിച്ചാൽ ഒരു നാൽക്കാലിക്കു കൊടുക്കുന്ന പരിഗണന പോലുമില്ലാതിരിക്കയും പ്രായം തികഞ്ഞാൽ (പലപ്പോഴും തികയും മുൻപേയും )വല്ലവന്റെയും കുടുംബത്തിൽ കെട്ടിക്കേറ്റിവിടുകയും അവന്റെ അടിമപ്പണി ചെയ്തു മരിക്കുകയും ചെയ്യുകയല്ലാതെ എന്താണ് പുരുഷനും നമ്മുടെ രാജ്യത്തിനും സ്ത്രീ?  നൂറ്റാണ്ടുകൾക്ക് മുൻപേ ആചരിച്ചനുഷ്ഠിച്ചു വന്നിരുന്ന ‘വന സംസ്കാര’ങ്ങളിൽ പലതും ഇന്നും  നമ്മുടെ രാജ്യത്തു തുടരുന്നതിന്റെ ഭാഗമാണ് നമ്മൾ കാണുന്ന സ്ത്രീഹത്യകൾ എല്ലാം.
അതു ബാലികാപീഡനമായാലും ശൈശവവിവാഹമായാലും സ്ത്രീധനക്കൊലവിളിയായാലും ദുരഭിമാനക്കൊലയും പ്രതികാരവുമായാലും പരിഷ്കൃത ജനതയ്ക്കു കേട്ടുകേൾവിപ്പോലും ഇല്ലാത്തതാണ്.
ഇന്ത്യൻ സംസ്ഥാനങ്ങളിൽ —  കൂടുതലും കണ്ടിട്ടുള്ളത് ഉത്തരേന്ത്യയിലാണ്  — എത്ര പണമുള്ള വീട്ടിലെ സ്ത്രീയും വിദ്യാഭ്യാസമുള്ള സ്ത്രീയും നേരിടുന്നത്  ഒരേ ജീവിതമാണ്. കെട്ടിച്ചു വിടുക എന്നതു ‘കെട്ടിപ്പൂട്ടി ഒരു മൃതദേഹം’പോലെ വിട്ടയക്കുക എന്നതു തന്നെയാണ്.
ഒരിക്കലും തീരാത്ത വീട്ടുജോലികളിലും വയലിലെ പണികളിലും വർഷാവർഷമുള്ള പ്രസവത്തിലും  പുരുഷന്റെ ക്രൂരതകളിലും തീരാദുരിതങ്ങളിലും പെട്ടു നട്ടം തിരിഞ്ഞു മരിച്ചുപോകുന്ന സ്ത്രീകളാണ് ഇവിടത്തെ ശരാശരി “സ്ത്രീ സ്പീഷീസ്’ എന്നു അടുത്ത നൂറ്റാണ്ടിൽ ചരിത്രത്തിൽ എഴുതിവെയ്ക്കപ്പെടും.
വിദേശങ്ങളിൽ മറ്റൊരാളെ  തുറിച്ചു നോക്കുന്നതുപോലും ആ വ്യക്തിയുടെ വ്യക്തിസ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണ്.
പോലീസ് കേസ്, കോടതി, റിമാൻറ്, എന്നിവയാണ് അങ്ങനെയൊരു തുറിച്ചു നോട്ടം നടന്നാൽ ആ വ്യക്തിയെ കാത്തിരിക്കുന്നത്.
നമുക്കിനിയും എന്താണ് മറ്റൊരു വ്യക്തി എന്നു അറിഞ്ഞുകൂടാ. യാതൊരു നാണവുമില്ലാതെ മറ്റുള്ളവരിലേക്ക് എത്തി നോക്കുന്ന,  ഒരുമിച്ചു കുറേപേർ താമസിക്കുന്ന ഒരു അപാർട്ടുമെന്റിലൂടെയോ ഫ്ലാറ്റിലൂടെയോ നടന്നു പോകുമ്പോൾപോലും എവിടെയെങ്കിലും കിടപ്പറവാതിലോ മുൻവാതിലോ തുറന്നു കിടക്കുന്നുണ്ടെങ്കിൽ അതിനുള്ളിലേക്ക്  ‘ഒളിഞ്ഞും തെളിഞ്ഞും തുറന്നും’ നോക്കി സ്വകാര്യതയെ നക്കിതോർത്തുന്ന യാതൊരു നാണവുമില്ലാതെ ജന്തുവാണ്  ശരാശരി മലയാളി! സാമാന്യമര്യാദ എന്നതു തൊട്ടുതീണ്ടിയിട്ടില്ലാത്ത ജീവി!!
  നമ്മുടെ സമൂഹത്തിലെ ബഹുഭൂരിഭാഗകുടുംബവും ഈ ജീർണ്ണിച്ച സംസ്കാരത്തിന്  ഉത്തരവാദികളാണ്. ഒരു  കുടുംബത്തെ നോക്കാം. മക്കളെ ആചാരം വിട്ടു വളർത്താൻ കുടുംബം തയ്യാറാവുന്നില്ല. വീട്ടിലെ തന്ത മദ്യപാനി ആണെങ്കിൽ ഭാര്യ എന്നും അടി വാങ്ങുന്നു തെറി കേൾക്കുന്നു. അവൾ വീട്ടിലെ മൊത്തം ജോലിയും ചെയ്യുന്നു. പുറത്തുപോയി ജോലി ചെയ്യുന്ന ‘ഉദ്യോഗസ്ഥപ്രമുഖരായ ഭാര്യമാരും’ ഇതിൽ പെടുന്നുണ്ട്.  രാത്രിയിലും  ഇവർ മദ്യപാനിയുടെ അടിയും ഇടിയും കൊള്ളുന്നു.  അവന്റെ വായ്നാറ്റവും  അസഹനീയമായ മദ്യത്തിന്റെ ദുർഗന്ധവും വിയർപ്പുനാറ്റവും സഹിച്ചു കിടക്കയിലെ ബലാൽസംഗത്തിനും കിടന്നുകൊടുക്കേണ്ടി വരുന്നു. രാവിലെ എഴുന്നേറ്റു വീണ്ടും ചക്കിൽ തിരിയുന്ന മൃഗമായി മാറുന്നു.
ഇതെല്ലാം കണ്ടുവളരുന്ന ഈ മക്കൾ  വലുതാവുമ്പോൾ തന്റെ ജീവിതത്തിലും കണ്ടതും അനുഭവിച്ചതും ആവർത്തിക്കുന്നു. ആൺകുട്ടികൾ മനസ്സിലാക്കുന്നത് സ്ത്രീയെ യഥേഷ്ടം വ്യഭിചരിക്കാം….അടിക്കാം…. പട്ടിണിക്കിടാം…. എന്നൊക്കെയാണ്. അവൾക്കു അവകാശങ്ങളില്ല, തരിമ്പും സ്നേഹവും കൊടുക്കേണ്ടതില്ല, അവളെ ചവിട്ടി അരയ്ക്കാനുള്ളതാണ് എന്നാണ്. പെൺകുട്ടികൾ മനസ്സിലാക്കുന്നത് താൻ എല്ലാം സഹിക്കേണ്ടവളാണെന്നും.
മറ്റൊരു വ്യക്തി എന്നാൽ അയാൾ സ്വതന്ത്രനാണെന്നും  അയാളെ എന്തും ചെയ്യാൻ നമുക്കാർക്കും അധികാരമില്ലെന്നും കുടുംബത്തിൽ നിന്നാണ് കുട്ടികൾ പഠിക്കേണ്ടത്. മനുഷ്യർക്ക്‌ തുല്യ അവകാശമുണ്ടെന്നും അതു ഹനിക്കപ്പെട്ടാൽ ചോദ്യം ചെയ്യണമെന്നും തന്റെ ദേഹത്തു തൊടാനൊ ഉപദ്രവിക്കാനോ ശ്രമിച്ചാൽ തിരിച്ചടിക്കണമെന്നും ഇവിടെ ഒരു മാതാപിതാക്കളും സ്കൂൾ പുസ്തകങ്ങളും കുട്ടികളെ പഠിപ്പിക്കുന്നില്ല. പ്രതിരോധവും അവകാശബോധവും  മര്യാദയും പഠിപ്പിക്കാൻ മാതാപിതാക്കൾക്കും സമൂഹത്തിനും സർക്കാരിനും ബാധ്യതയുണ്ട്.
എന്തിനാണ് നമ്മൾ ജീവിക്കുന്നത്?
 ലക്ഷ്യങ്ങൾ  നേടാനും സുഖമായും സന്തോഷമായും ജീവിക്കാനുമാണ്.  ഇരുപതു വയസ്സുവരെയൊ അതിനുമുകളിലോ പഠിച്ചു ജോലിയിൽ കയറി അതിൽനിന്നു കിട്ടുന്ന വരുമാനവും, അച്ഛനും അമ്മയും ചോര നീരാക്കിയ പൊന്നും പണവും ഒരു അപരിചിതനു അടിയറവു വെച്ചു അന്നു മുതൽ അയാളുടെ ശാരീരികമാനസിക അക്രമണങ്ങൾക്ക് വിധേയയായി അടിമയായി ജീവിക്കുകയാണ് നീ ചെയ്യേണ്ടത് എന്നതു എന്തൊരു അത്ഭുത ചിന്തയുടെ ഫലമാണ്!
സാമാന്യ ബോധമുള്ള ആരെങ്കിലും ഇങ്ങനെയൊരു മണ്ടത്തരം ചെയ്യുമോ?
എന്നാൽ ഈ മണ്ടത്തരം നമ്മുടെ നാട്ടിൽ വീട്ടുകാരും നാട്ടുകാരും ചാർത്തികൊടുക്കുന്ന വിവാഹം എന്നബന്ധത്തിലൂടെ ആണെന്നതാണ് ഏറെ പരിഹാസ്യം!
വിവരം ഉണ്ടെന്നു അവകാശപ്പെടുന്ന വിവേകം തൊട്ടു തീണ്ടിയിട്ടിലാത്ത ഈ വർഗമാണ് വിവാഹ കച്ചവടം നടത്തി മറ്റൊരാളെ അടിമയാക്കി വെയ്ക്കുന്നത്.  വിവാഹത്തിലൂടെ പരസ്പരം തൊടാനുള്ള ലൈസൻസാണ് നിയമവും സമൂഹവും  സ്ത്രീക്കും പുരുഷനും കൊടുക്കുന്നതും.
വിവാഹം എന്ന മറവിലൂടെയുള്ള റേപ്പ് കുറ്റകൃത്യമാണ്. മാരെറ്റൽ റേപ്പ്, സ്വന്തം മൗലികാവകാശങ്ങൾ മറ്റൊരാൾ  ഇല്ലാതാക്കൽ, സ്വന്തം ഭക്ഷണവും വസ്ത്രവും  സൗഹൃദങ്ങളും മറ്റൊരാൾക്കും അയാളുടെ കുടുംബത്തിനും തീരുമാനിക്കാനുള്ള അവകാശം, സ്വകാര്യത ഇല്ലാതാക്കാനുള്ള അനുമതി,   ഇഷ്ടമില്ലാത്തപ്പോഴും അസുഖമുള്ളപ്പോഴും വിശ്രമിക്കാനുള്ള അവകാശം ഇല്ലാതാക്കാനുള്ള അനുമതി, തന്റെ സമ്മതമോ ഇഷ്ടമോ കൂടാതെ പ്രസവിക്കാനും ലൈംഗികതയ്ക്ക് വഴങ്ങികൊടുക്കാനുമുള്ള അവകാശം മറ്റൊരാൾ നേടൽ തുടങ്ങിയ കുറ്റകൃത്യങ്ങളാണ് വിവാഹത്തിലൂടെ നമ്മുടെ സമൂഹത്തിൽ നടക്കുന്നത്.
വിവാഹക്കമ്പോളവും വില്പനയും ജീവിതമായി കണ്ടല്ല സ്ത്രീ ജീവിക്കേണ്ടത്.
നമ്മുടെ കുടുംബങ്ങളിൽ എല്ലാ  മതത്തിലും വിവാഹത്തോടെ സ്ത്രീക്ക് ജന്മ ഗൃഹവും അന്യമാവുന്നു. പൊന്നും പണവും ഭൂമിയും വീട്ടുപകാരങ്ങളും കാറും മറ്റും മറ്റും നൽകി അവളെ മറ്റൊരാൾക്ക് വിൽക്കുകയാണ്. വില്പന എന്നു പറയാൻ പറ്റില്ല. വില്പന എങ്കിൽ ഇങ്ങോട്ടല്ലേ പൈസ കൊടുക്കേണ്ടത്. ക്രിസ്ത്യൻ കുടുംബങ്ങളിൽ ഭൂമിയുടെയും വീടിന്റെയും ഷെയർ പോലും ഉടനെ ഭർതൃവീട്ടുകാർ വാങ്ങിയെടുക്കുന്നു. മുസ്ലിം സമുദായത്തിലും ഹിന്ദുകുടുംബങ്ങളിലും  കെട്ടിച്ചുവിട്ടാൽ സ്ത്രീകൾക്ക് അഭിപ്രായം പറയാനുള്ള അവകാശം പോലും പലപ്പോഴും കിട്ടുന്നില്ല. പെൺകുട്ടിക്ക് അക്രമങ്ങൾ ഉണ്ടായാൽ സഹിച്ചു ജീവിക്കേണ്ടി വരുന്നു. കാരണം അവൾക്കു പോകാൻ ഇടമില്ല.
ഈ അവസ്ഥ മാറാൻ അവളെ ജനിപ്പിച്ച വീടാണ് മുൻകൈ എടുക്കേണ്ടത്.
ഉള്ളതെല്ലാം വിറ്റുപെറുക്കി മകളെ കെട്ടിച്ചയക്കുമ്പോൾ അവൾക്കവിടെ ബുദ്ധിമുട്ടുകൾ ഉണ്ടാവുമോ ഉണ്ടെങ്കിൽ എന്തു ചെയ്യണമെന്നു ഏതെങ്കിലും മാതാപിതാക്കൾ  പറഞ്ഞു കൊടുക്കുന്നുണ്ടോ?
വിവാഹം കഴിച്ചയച്ച മക്കൾക്ക്‌ അപകടം സംഭവിച്ചാൽ, അല്ലെങ്കിൽ അയാളുടെ പക്ഷത്തു നിന്നോ അയാളുടെ കുടുംബത്തിന്റെ ഭാഗത്തുനിന്നോ അല്പം പോലും അനിഷ്ടമുണ്ടാക്കുന്ന സമീപനം ഉണ്ടായാൽ   ഇറങ്ങി പോരണമെന്ന് ഒരു ‘ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചനോ ‘ ഫ്രീഡം അറ്റ് മിഡ്‌നെറ്റ്റോ കാണിച്ചല്ല മക്കളെ ബോധവൽക്കരിക്കേണ്ടത്.
സ്വന്തം കുടുംബത്തിൽനിന്നും അവളെ പഠിപ്പിക്കണം. സ്ത്രീയെ ബഹുമാനിക്കാൻ ആണിനെയും പഠിപ്പിക്കണം. അവൾക്കു സുരക്ഷിതത്വബോധം നൽകണം.
 പഠിച്ചുയർന്നു ജോലി നേടി ഒരു ഇണ വേണമെന്ന് തോന്നുമ്പോൾ  മാത്രം വിവാഹം കഴിച്ചോ കഴിക്കാതെയോ തെരഞ്ഞെടുപ്പു നടത്താനുള്ള സ്വാതന്ത്ര്യം ഇവിടെ ഉണ്ടെന്നും അതാണ്‌ യഥാർത്ഥത്തിൽ വേണ്ടതെന്നും ഇവിടെയൊരു സ്ത്രീ മനസ്സിലാക്കിയിട്ടുണ്ടോ?
വിവാഹത്തിലൂടെയാണെങ്കിൽപോലും ദേഹത്തു തൊടാൻ അനുവാദം വേണമെന്ന് നമ്മുടെ ഇടയിൽ വിദ്യാസമ്പന്നരായ എത്രപേർക്കറിയാം?
താൻ പഠിച്ചതു അടിസ്ഥാനമാക്കിയുള്ള ജോലിക്ക് പോകാൻ ഭർത്താവിന്റെ അനുവാദവും അവരുടെ കുടുംബം സമ്മതിക്കേണ്ട ആവശ്യവുമില്ലെന്നും
വിവാഹത്തിന്റെ ചെലവുകൾ പുരുഷനും സ്ത്രീയും തുല്യമായി വഹിക്കാൻ ബാധ്യസ്ഥരാണെന്നും സ്ത്രീകൾ മനസ്സിലാക്കണം. ആണും പെണ്ണും വിവാഹിതരായാൽ അവർക്കുണ്ടാകുന്ന എല്ലാ ഇടപാടുകളും പ്രസവവും കുഞ്ഞുങ്ങളെ വളർത്തലും തുല്യമായ അവകാശങ്ങളാണ്.
ഇതിനൊക്കെ കാശുണ്ടെങ്കിലേ രണ്ടുപേരും വിവാഹം കഴിക്കേണ്ടതുള്ളൂ.
ജോലിക്കുവിടാത്ത തന്നെ ബഹുമാനിക്കാൻ അറിയാത്ത താൻ കൊടുക്കുന്ന പരിഗണന തിരികെ നൽകാത്ത ഭർത്താവിനെ ഉപേക്ഷിക്കാൻ ഭാര്യ തയ്യാറാവണം.
സ്വന്തം ശമ്പളം സ്വന്തമാണെന്നും അതു വീട്ടുലോൺ അടക്കാനും കുട്ടികളെ നോക്കാനും ഭർത്താവിന്റെ ശമ്പളമായി ഷെയർ ചെയ്യാം എന്നല്ലാതെ തന്റെ വരുമാനം മുഴുവനും  മറ്റുള്ളവർക്കുവേണ്ടി മാത്രം ചെലവാക്കാനുള്ളതല്ല എന്നും സ്വന്തം ഇഷ്ടങ്ങൾക്കു  വേണ്ടിയുള്ളതാണെന്നുംകൂടി സ്ത്രീ മനസ്സിലാക്കണം. ഒരാളെ സഹായിക്കണമെന്നോ  അടുത്ത വീട്ടിലെ കുട്ടിക്ക് ഒരു ചോക്ലറ്റ് വാങ്ങികൊടുക്കണമെന്നോ കൂട്ടുകാരനെയൊ കൂട്ടുകാരിയെയോ ഫോൺ വിളിക്കണമെന്നോ അവരുടെ കുട്ടികളുടെ ബർത്തഡേ വന്നാൽ ചെറിയ സമ്മാനം കൊടുക്കണമെന്നോ തോന്നിയാൽപോലും അതിനുള്ള പണത്തിനു വേണ്ടി ഭർത്താവിനോട് കൈ നീട്ടേണ്ട ഗതികേടുള്ള ഉദ്യോഗസ്ഥരായ ഭാര്യമാരുണ്ട് നമ്മുടെ നാട്ടിൽ എന്നുള്ളതാണ് ഈ കഥയുടെ ഭീകരത!
സഹജീവിതം നല്ലതുതന്നെയാണ്.
മനുഷ്യന്റെ ഭാവിയുടെ രൂപീകരണത്തിനും  നല്ല സമൂഹത്തിനും അതെല്ലാം അനിവാര്യവുമാണ്.  കൂടുതൽ നല്ല സഹജീവിതം വളർത്തിയെടുക്കാനാണ് വിവാഹംകൊണ്ടും ഇണയെ തെരെഞ്ഞെടുക്കുന്നതുകൊണ്ടും ലക്ഷ്യമാക്കേണ്ടത്. അതിർവരമ്പുകൾ ഉള്ള സൗഹൃദമാണ് മനുഷ്യനിൽ നിലനിൽക്കുകയുള്ളൂ. അല്ലാതെ മേൽക്കോയ്മയും കടന്നുകയറ്റവും ഒരു ബന്ധത്തെ ശിഥിലമാക്കാൻ ആക്കം കൂട്ടുകയേയുള്ളൂ. രണ്ടു മനുഷ്യർക്കിടയിൽ അനന്തമായ അകലങ്ങളുടെ ആകാശങ്ങളുണ്ടെന്നു ജർമൻ ഓസ്ട്രിയൻ പോയറ്റ് റെയ്നർ റിൽകേ പറയുന്നു. രണ്ടു മനുഷ്യരുടെ പൂർണ്ണമായ സങ്കലനം ഭാവന മാത്രമാണ്. അങ്ങനെയൊന്നില്ല. എംപതറ്റിക് (Empathtic) ആവാൻ മാത്രമേ മനുഷ്യന് കഴിയൂ. നിന്റെ വേദന നിന്റെ സന്തോഷം നിന്റെ പ്രണയം ‘എന്റേതുംകൂടിയാണ്’ എന്നേ പറയാനും അനുഭവിക്കാനും പറ്റുകയുള്ളൂ. അല്ലാതെ ‘നീ’  പൂർണ്ണമായും ‘ഞാൻ’ ആവുക അസാധ്യമാണ്.
പക്വത എത്തിയതിനു ശേഷം വിവാഹത്തിലേക്കു പ്രവേശിച്ചാൽ മതി. ശാരീരിക ഫിറ്റ്നസ് പോലെ പ്രാധാനമാണ് മാനസികാരോഗ്യവും.  ഇണയെ സ്വീകരിക്കാൻ താൻ പ്രാപ്തനാണോ എന്നു ഓരോ പുരുഷനും ആത്മപരിശോധനയ്ക്ക്  വിധേയനാകണം. തനിക്ക് ഇപ്പോൾ വിവാഹം വേണോ എന്നും വിവാഹം കഴിച്ചാൽ തനിക്കതിൽ  സത്യസന്ധതയും പക്വതയും ഉത്തരവാദിത്തവും കാണിക്കാൻ കഴിയുമോ എന്നും ഇണയെ ബഹുമാനിക്കാൻ കഴിയുമോ എന്നും ഓരോ പുരുഷനും സ്ത്രീയും ആഴത്തിൽ ചിന്തിക്കണം. ഒറ്റയ്ക്ക് ജീവിക്കുന്ന ധാരാളം പുരുഷന്മാരും സ്ത്രീകളും നമ്മുടെ ലോകത്തുണ്ട്. അവർ അവരുടെ ജീവിതം സുന്ദരമാക്കിയവരും ലക്ഷ്യങ്ങൾ നേടിയവരും നേടാൻ ശ്രമിക്കുന്നവരും അതിൽ സന്തോഷം കണ്ടെത്തുന്നവരുമാണ്. അവരുടെ കഥകൾകൂടി മാധ്യമങ്ങളും ജനങ്ങളും കേൾക്കണം. എന്നിട്ടു തനിക്കിഷ്ടമുള്ളത് തെരെഞ്ഞെടുക്കാനുള്ള കഴിവും സ്വാതന്ത്ര്യവുമുണ്ടെന്നു മനസ്സിലാക്കി സമാധാനത്തോടെ ജീവിക്കാനുള്ള വഴിയാണ് ഈ തലമുറ തെരെഞ്ഞെടുക്കേണ്ടത്. അഭിമാനത്തോടെ ജീവിക്കുന്ന ജനതയായി മാറാണമെങ്കിൽ സ്വയം വിചിന്തനം കൂടാതെ കഴിയുകയില്ല.
The point of marriage is not to create a quick commonality by tearing down all boundaries; on the contrary, a good marriage is one in which each partner appoints the other to be the guardian of his solitude, and thus they show each other the greatest possible trust. A merging of two people is an impossibility, and where it seems to exist, it is a hemming-in, a mutual consent that robs one party or both parties of their fullest freedom and development. But once the realization is accepted that even between the closest people infinite distances exist, a marvelous living side-by-side can grow up for them, if they succeed in loving the expanse between them, which gives them the possibility of always seeing each other as a whole and before an immense sky.”
― Rainer Maria Rilke, Letters to a Young Poet

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker