BREAKING NEWSKERALA

സ്ത്രീ, ദളിത് പ്രാതിനിധ്യം ഉറപ്പുവരുത്തും, രാഷ്ട്രീയ വിദ്യാഭ്യാസത്തിനായി പാര്‍ട്ടി സ്‌കൂളും… കോണ്‍ഗ്രസില്‍ ഉടച്ചുവാര്‍ക്കല്‍

തിരുവനന്തപുരം: കോണ്‍ഗ്രസിലെ ജംബോ കമ്മിറ്റികള്‍ക്ക് അന്ത്യമാകുന്നു. ജംബോ കമ്മിറ്റികള്‍ പൊളിച്ചെഴുതാന്‍ തീരുമാനിച്ചതായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ വ്യക്തമാക്കി. കോണ്‍ഗ്രസിന്റെ പഴയകാല ചരിത്രത്തെ അനുസ്മരിക്കുന്ന രീതിയിലാകും കമ്മിറ്റികളെന്ന് രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ ധാരണയായെന്നും സുധാകരന്‍ വ്യക്തമാക്കി. ഇതനുസരിച്ച് 51 അംഗങ്ങള്‍ അടങ്ങിയ ഭാരവാഹി കമ്മിറ്റി നിലവില്‍ വരും. രാഷ്ട്രീയകാര്യ സമിതി യോഗത്തിന് ശേഷമുള്ള വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കെപിസിസി പ്രസിഡന്റ്, മൂന്ന് വര്‍ക്കിങ് പ്രസിഡന്റ്, മൂന്ന് വൈസ് പ്രസിഡന്റ്, 15 ജനറല്‍ സെക്രട്ടറി, ഒരു ട്രഷറര്‍ എന്ന നിലയിലാകും പുതിയ കെപിസിസിയിലെ ഭാരവാഹികളെന്നും സുധാകരന്‍ അറിയിച്ചു. കെപിസിസിയില്‍ സ്ത്രീ, ദളിത് പ്രാതിനിധ്യം ഉറപ്പുവരുത്തും. സ്ത്രീകള്‍ക്കും എസ്.സി/എസ്.ടി വിഭാഗത്തിലെ നേതാക്കന്‍മാര്‍ക്കും 10 ശതമാനം സംവരണം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. നിയമസഭാ തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്താന്‍ മൂന്ന് അംഗങ്ങള്‍ വീതമുള്ള അഞ്ച് മേഖല കമ്മിറ്റികളെ നിശ്ചയിക്കുമെന്നും സുധാകരന്‍ പറഞ്ഞു.പാര്‍ട്ടിയില്‍ അച്ചടക്കരാഹിത്യം ഒരുകാരണവശാലും അനുവദിക്കില്ല. അച്ചടക്കം ഉറപ്പാക്കാന്‍ ജില്ലാ തലത്തില്‍ അച്ചടക്ക സമിതിയും സംസ്ഥാന തലത്തില്‍ അപ്പീല്‍ അച്ചടക്ക സമിതിയും രൂപീകരിക്കാന്‍ തീരുമാനിച്ചതായും സുധാകരന്‍ വിശദീകരിച്ചു.
പാര്‍ട്ടിയുടെ താഴേത്തട്ടിലുള്ള ഘടകമായി അയല്‍ക്കൂട്ടം കമ്മിറ്റികള്‍ പ്രവര്‍ത്തിക്കും. 30-50 വീടുകളെ ഉള്‍പ്പെടുത്തി അയല്‍ക്കൂട്ടം കമ്മിറ്റികള്‍ രൂപീകരിക്കും. ഇത് പാര്‍ട്ടി സെമി കേഡര്‍ സംവിധാനത്തിലേക്ക് മാറുന്നതിന് സഹായിക്കുമെന്നും രാഷ്ട്രീയ വിദ്യാഭ്യാസത്തിനായി കെപിസിസി പൊളിറ്റിക്കല്‍ സ്‌കൂള്‍ ആരംഭിക്കാന്‍ തീരുമാനിച്ചതായും സുധാകരന്‍ വ്യക്തമാക്കി.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker