കോഴിക്കോട്: സ്ഥലം വാങ്ങിയതിനേ തുടര്‍ന്നുള്ള തര്‍ക്കത്തില്‍ പോലീസുകാരനും സുഹൃത്തും ചേര്‍ന്ന് പോക്സോ കേസില്‍ കുടുക്കിയ 70കാരനെ അഞ്ച് വര്‍ഷത്തിന് ശേഷം കോടതി വെറുതെ വിട്ടു. കോഴിക്കോട് പ്രിന്‍സിപ്പല്‍ പോക്സോ കോടതിയാണ് പേരാമ്പ്ര എരവട്ടൂര്‍ സ്വദേശിയായ കൊയ്യൂക്കണ്ടിയില്‍ ബാലനെ വെറുതെ വിട്ടത്. കേസില്‍ പ്രതി അമ്പത് ദിവസത്തോളം വിചാരണ തടവുകാരനായി ജയിലില്‍ കിടന്നിരുന്നു.
2017ല്‍ ആയിരുന്നു കേസിനാസ്പദമായ സംഭവം. ഒമ്പത് വയസ്സുകാരിയെ പ്രതി 2015 മുതല്‍ 2017 വരെ അഞ്ച് തവണ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നായിരുന്നു കേസ്. ഇയാള്‍ക്കെതിരേ പേരാമ്പ്ര പോലീസായിരുന്നു 2017 ജനുവരി 24 ന് പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ വ്യക്തി വൈരാഗ്യത്തിന്റെ പേരില്‍ പേരാമ്പ്ര സ്റ്റേഷനില്‍ അന്ന് ജോലി ചെയ്തിരുന്നു പോലീസുകാരന് കേസില്‍ കുടുക്കുകയായിരുന്നുവെന്ന് പ്രതിഭാഗം അഭിഭാഷകര്‍ വാദിച്ചു. ഇത് കോടതി അംഗീകരിക്കുകയായിരുന്നു.
കേസില്‍ കുടുക്കിയ പോലീസുകാരന്റേയും പ്രതിയായ ബാലന്റേയും വീടിന് ഇടയിലുള്ള മറ്റൊരു സ്ഥലം ബാലനും കേസിലെ പെണ്‍കുട്ടിയുടെ അച്ഛനും പോലീസുകാരനും ചേര്‍ന്ന് വാങ്ങാന്‍ താല്പര്യപ്പെട്ടിരുന്നു. എന്നാല്‍ ബാലന് സ്ഥലം തന്റെ മകളുടെ ഭര്‍ത്താവിന്റെ പേരില്‍ ആദ്യം വാങ്ങിച്ചതിലെ വൈരാഗ്യമാണ് കേസിന് കാരണമായതെന്ന് പ്രതിഭാഗം അഭിഭാഷകരായ അഡ്വ.ടി.ഷാജിത്ത്, അഡ്വ.എം അശോകന് എന്നിവര്‍ വാദിച്ചു.
ഈ വാദം കണക്കിലെടുത്താണ് പ്രോസിക്യൂഷന് കുറ്റം തെളിയിക്കാന്‍ കഴിയാതെ പോയെന്ന് കോഴിക്കോട് പ്രിന്‍സിപ്പല്‍ പോക്സോ ജഡ്ജ് സി.ആര് ദിനേശ് കണ്ടെത്തിയത്. തുടര്‍ന്ന് പ്രതിയെ വെറുതെവിട്ടുകൊണ്ടുള്ള നിര്‍ണായക വിധി പുറപ്പെടുവിക്കുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ആക്ഷന്‍ കമ്മിറ്റിയടക്കം രൂപീകരിച്ച് പ്രതിഷേധവും നടന്നിരുന്നു. പ്രോസിക്യൂഷന് വേണ്ടി ഒന്ന് മുതല്‍ 19 വരെയുള്ള സാക്ഷികളെ വിസ്തരിച്ചു. മറ്റ് സാക്ഷികള്‍ക്ക് പുറമെ ആക്ഷന്‍ കമ്മിറ്റി അംഗങ്ങളും പ്രതിക്കെതിരേ തെളിവ് കൊടുത്തിരുന്നു. പ്രതിഭാഗം അന്വേഷണ സമയത്ത് പേരാമ്പ്ര മജിസ്ട്രേറ്റായ ആന്മേരി കുര്യുക്കോസ് അടക്കമുള്ള അഞ്ച് സാക്ഷികളെ വിസ്തരിച്ചിരുന്നു.