തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് ഹൈക്കോടതി വിധി ലംഘിച്ച് ശിക്ഷായിളവ് നല്‍കാനുള്ള സര്‍ക്കാര്‍ നടപടി സംബന്ധിച്ച് കെ.കെ രമ നല്‍കിയ അടിയന്തിര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചു കൊണ്ട് സ്പീക്കര്‍ നടത്തിയ പരാമര്‍ശത്തിലെ അനൗചിത്യം ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് കത്ത് നല്‍കി. പ്രതിപക്ഷം ഉന്നയിച്ച വിഷയത്തെ കുറിച്ച് മറുപടി പറയേണ്ടത് ആഭ്യന്തര- ജയില്‍ വകുപ്പുകളുടെ ചുമതലയുള്ള മുഖ്യമന്ത്രിയാണ്. ഇത് സംബന്ധിച്ച ഫയലുകള്‍ കൈകാര്യം ചെയ്യുന്നതും ആഭ്യന്തര വകുപ്പാണ്.
സര്‍ക്കാര്‍ ഫയലുകള്‍ സംബന്ധിച്ച് ലെജിസ്ലേച്ചര്‍ സെക്രട്ടേറിയറ്റിന് യാതൊരു ബന്ധവും ഇല്ലെന്നിരിക്കെ, മുഖ്യമന്ത്രി പറയേണ്ട മറുപടി സ്പീക്കര്‍ പറഞ്ഞതിലെ അനൗചിത്യം പ്രതിപക്ഷം സഭയില്‍ ചൂണ്ടിക്കാട്ടിയിരുന്നതാണ്. സര്‍ക്കാരിന്റെ മറുപടിയുടെ അടിസ്ഥാനത്തില്‍ അടിയന്തിര പ്രമേയ നോട്ടീസിന് അവതരണാനുമതി നിഷേധിക്കാം എന്നല്ലാതെ സര്‍ക്കാര്‍ പറയേണ്ട മറുപടി സ്പീക്കര്‍ പറഞ്ഞത് ഉചിതമായില്ലെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ വ്യക്തമാക്കി. സമൂഹ മന:സാക്ഷിയെ ഞെട്ടിച്ച ഒരു രാഷ്ട്രീയ കൊലപാതക കേസിലെ പ്രതികള്‍ക്ക് ഹൈക്കോടതി വിധി ലംഘിച്ചുകൊണ്ട് ശിക്ഷാ ഇളവ് നല്‍കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചതിന്റെ രേഖകള്‍ പുറത്തുവന്നതിനെ തുടര്‍ന്നു പൊതുസമൂഹത്തില്‍ ഉളവായിട്ടുള്ള ആശങ്ക പ്രതിഫലിപ്പിക്കുന്നതിനാണ് നിയമസഭ നടപടിക്രമം അനുസരിച്ച് പ്രസ്തുത നോട്ടീസ് നല്‍കിയത്.
എന്നാല്‍, സംസ്ഥാനത്തെ മുഴുവന്‍ മാധ്യമങ്ങളും തെളിവുകള്‍ സഹിതം റിപ്പോര്‍ട്ട് ചെയ്ത പ്രസ്തുത സംഭവം അഭ്യൂഹം ആണെന്ന സര്‍ക്കാരിന്റെ അഭിപ്രായം മുന്‍കാലങ്ങളില്‍ ഇല്ലാത്ത വിധം സ്പീക്കര്‍ തന്നെ സഭയില്‍ പറഞ്ഞുകൊണ്ട് നോട്ടീസിന് അനുമതി നിഷേധിക്കുന്ന ദൗര്‍ഭാഗ്യകരമായ സാഹചര്യമാണുണ്ടായതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
1,087 1 minute read