തിരുവനന്തപുരം: സ്പ്രിങ്ക്ളര്‍ ഇടപാടില്‍ സര്‍ക്കാര്‍ പുതിയ അന്വേഷണ സമിതിയി നിയോഗിച്ചത് അസാധാരണമായ നടപടിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അന്വേഷണത്തിനായി ആദ്യം നിയോഗിച്ച മാധവന് നമ്പ്യാര്‍ സമിതിയുടെ കണ്ടെത്തല്‍ മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും വാദങ്ങള്‍ക്ക് എതിരാണ്. സര്‍ക്കാരിന്റെ മുഖം നഷ്ടപ്പെടുത്തുന്ന ആ റിപ്പോര്‍ട്ട് പുറത്തുവിടാതെ പുതിയൊരു കമ്മിറ്റിയെ നിയോഗിച്ചത് അസാധാരണമായ നടപടിയാണെന്നും ചെന്നിത്തല പറഞ്ഞു.
സ്പ്രിങ്ക്ളര്‍ ഇടപാടുമായി ബന്ധപ്പെട്ട് അനുകൂലമായ ഒരു റിപ്പോര്‍ട്ട് വരണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. മാധവന് നമ്പ്യാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ അട്ടിമറിക്കാനാണ് പുതിയ കമ്മിറ്റി രൂപീകരിച്ചത്. ആദ്യ കമ്മിറ്റി പരിഗണിച്ച കാര്യങ്ങള്‍ തന്നെയാണ് പുതിയ കമ്മിറ്റിയും പരിഗണിക്കുന്നത്. ആദ്യ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സര്‍ക്കാര്‍ തയാറാകണം. ജനങ്ങള്‍ അത് ചര്‍ച്ച ചെയ്യട്ടെയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.