BREAKINGNATIONAL

സ്മൃതി ഇറാനി ഡല്‍ഹി രാഷ്ട്രീയത്തിലേക്ക്; കെജ്‌രിവാളിനെ നേരിടാന്‍ ഇറങ്ങിയേക്കും

ന്യൂഡല്‍ഹി: കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ അമേഠിയില്‍ കോണ്‍ഗ്രസില്‍നിന്ന് വന്‍ തിരിച്ചടിയേറ്റ ബി.ജെ.പി. നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനി വീണ്ടും സജീവരാഷ്ട്രീയത്തിലേക്ക്. ഡല്‍ഹി കേന്ദ്രീകരിച്ച് പ്രാദേശികതലത്തിലാണ് പ്രവര്‍ത്തനം തുടങ്ങിയത്. അടുത്തവര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിക്കും അരവിന്ദ് കെജ്രിവാളിനുമെതിരേ ശക്തമായ പോര്‍മുഖം തീര്‍ക്കുകയെന്നതാണ് ദൗത്യമെന്ന് പാര്‍ട്ടിവൃത്തങ്ങള്‍ പറയുന്നു.
അമേഠിയിലെ തോല്‍വിക്കുശേഷം കുറച്ചുകാലം നിശ്ശബ്ദമായിരുന്ന സ്മൃതി ദക്ഷിണ ഡല്‍ഹിയില്‍ പുതിയ വീടെടുത്തത് ഈ ലക്ഷ്യത്തോടെയാണ്. ഈ മാസം രണ്ടിന് തുടങ്ങിയ ബി.ജെ.പി. അംഗത്വപ്രചാരണത്തില്‍ അവര്‍ സജീവമായി പങ്കെടുക്കുന്നുണ്ട്. ഡല്‍ഹിയില്‍ 14 ജില്ലകളില്‍ ഏഴിടത്ത് സ്മൃതിയുടെ മേല്‍നോട്ടത്തിലാണ് അംഗത്വപ്രചാരണം നടക്കുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പില്‍ എ.എ.പി.ക്കെതിരേ കരുത്തുറ്റ നേതാവിനെ ഉയര്‍ത്തിക്കാട്ടി മത്സരത്തിനിറങ്ങണമെന്ന് പാര്‍ട്ടിയില്‍ ഒരുവിഭാഗം ആവശ്യപ്പെടുന്നുണ്ട്. 2020-ലെ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാതെയാണ് ബി.ജെ.പി മത്സരിച്ചത്. 70-ല്‍ എട്ടുസീറ്റുകള്‍ മാത്രമേ നേടാനായുള്ളൂ. ബാക്കിയുള്ളത് മുഴുവന്‍ എ.എ.പി സ്വന്തമാക്കി.
നേതാവിനെ മുന്‍നിര്‍ത്തി തിരഞ്ഞെടുപ്പു നേരിടാന്‍ തീരുമാനമായാല്‍ എം.പി.മാരായ മനോജ് തിവാരി, ബാംസുരി സ്വരാജ്, ഡല്‍ഹി ബി.ജെ.പി അധ്യക്ഷന്‍ വീരേന്ദ്ര സച്ച്‌ദേവ, പശ്ചിമഡല്‍ഹി മുന്‍ എം.പി. പര്‍വേഷ് വര്‍മ തുടങ്ങിയ നേതാക്കള്‍ പരിഗണനയിലെത്താനിടയുണ്ട്. അവര്‍ക്കൊപ്പം സ്മൃതി ഇറാനി മുന്‍നിരയില്‍ ശക്തമായ സാന്നിധ്യമാകുമെന്നാണ് പാര്‍ട്ടിവൃത്തങ്ങള്‍ പറയുന്നത്. മദ്യനയക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്്രിവാളിന് ജാമ്യം ലഭിച്ച സാഹചര്യത്തില്‍ ഈ വിഷയം വരുംദിവസങ്ങളില്‍ ബി.ജെ.പിയില്‍ ചര്‍ച്ചയാകാനാണ് സാധ്യത.
2015-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കിരണ്‍ബേദിയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ബി.ജെ.പി മത്സരിപ്പിച്ചിരുന്നെങ്കിലും ദയനീയമായി പരാജയപ്പെട്ടിരുന്നു. ഏതെങ്കിലും വ്യക്തിക്കുകീഴില്‍ തിരഞ്ഞെടുപ്പു നേരിടുന്നതിനെ എതിര്‍ക്കുന്നവര്‍ ഇക്കാര്യമാണ് ചൂണ്ടിക്കാട്ടുന്നത്.അതിനിടെ ഹരിയാണ നിയമസഭാതിരഞ്ഞെടുപ്പില്‍ ബി.ജെ.പി താരപ്രചാരകരുടെ പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കുമൊപ്പം സ്മൃതി ഇറാനിയും ഉള്‍പ്പെട്ടിട്ടുണ്ട്. പ്രൊപ്പോസല്‍ തേടുകയാണോ? കേരള മാട്രിമോണിയില്‍ രജിസ്‌ട്രേഷന്‍ സൗജന്യം!

Related Articles

Back to top button