കൊച്ചി: കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ ഇന്‍കുബേറ്റ് ചെയ്ത റിയാഫൈ ടെക്നോളജീസിന് ലോകത്തിലെ ഏറ്റവും വലിയ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ ഹുവാവിയുടെ നാല് അന്താരാഷ്ട്ര പുരസ്ക്കാരങ്ങള്‍.
170 ഓളം രാജ്യങ്ങളില്‍ നിന്ന് 1.4 ദശലക്ഷം ഡെവലപര്‍മാര്‍ പങ്കെടുത്ത ഹുവാവി എച് എം എസ് ആപ്പ് ഇനോവേഷന്‍ മത്സരത്തില്‍ നിന്നാണ് റിയാഫൈക്ക് നാല് പുരസ്ക്കാരങ്ങള്‍ ലഭിച്ചത്. മികച്ച ആപ്പ്, ഏറ്റവും ജനപ്രീതിയാര്‍ജ്ജിച്ച ആപ്പ്, രണ്ട് ബഹുമതി പരാമര്‍ശങ്ങള്‍ എന്നിവയാണ് റിയാഫൈക്ക് ലഭിച്ചത്.
ലേണ്‍ ക്രാഫ്റ്റ്സ് ആന്‍ഡ് ഡിഐവൈ ആര്ട്ട്സിനാണ് മികച്ച ആപ്പിനുള്ള പുരസ്ക്കാരം ലഭിച്ചത്. റിയാഫൈ നിര്‍മ്മിച്ച ഈ ആപ്പ് വഴി സ്വന്തം നൈപുണ്യം വികസിപ്പിക്കാനും ആപ്പിലൂടെ അത് പങ്ക് വയ്ക്കാനും സാധിക്കും. അഞ്ച് ലക്ഷത്തിലധികം യൂസര്‍മാരുള്ള ഈ ആപ് 150 ഓളം രാജ്യങ്ങളില്‍ ഉപയോഗിച്ചു വരുന്നു.
കേക്ക് റെസിപ്പിയാണ് ഏറ്റവും ജനപ്രീതിയാര്‍ജ്ജിച്ച ആപ്പായി തെരഞ്ഞെടുക്കപ്പെട്ടത്. ഇതിനു പുറമെ ബഹുമതി പരാമര്‍ശവും ഈ ആപ്പ് കരസ്ഥമാക്കി. 10 ലക്ഷം യൂസര്‍മാരുള്ള ഈ ആപ്പ് 100 ലധികം രാജ്യങ്ങളില്‍ 15 അന്താരാഷ്ട്ര ഭാഷകളിലും ലഭ്യമാണ്. വിവിധ തരം കേക്കുകള്‍ ഉണ്ടാക്കാനും, അതിന്റെ വാണിജ്യപരവും ഗാര്‍ഹികവുമായ സാധ്യതകളും ഈ ആപ്പിലൂടെ ലഭിക്കുന്നു.
ഭക്ഷണം ഇഷ്ടപ്പെടുന്നവരുടെ പ്രിയപ്പെട്ട ആപ്പാണ് കുക്ക്ബുക്ക് റെസിപ്പി. ഹുവാവി മത്സരത്തില്‍ രണ്ടാമത്തെ ബഹുമതി പരാമര്‍ശം ലഭിച്ചതും ഈ ആപ്പിനാണ്. 60 ലക്ഷം യൂസര്‍മാരുള്ള ഈ ആപ്പ് 23 ഭാഷകളിലായി 157 രാജ്യങ്ങളില്‍ ലഭ്യമാണ്. പാചകവുമായി ബന്ധപ്പെട്ട സമസ്ത വിവരങ്ങളും അടങ്ങുന്നതാണ് ഈ ആപ്പ്.
നിര്‍മ്മിത ബുദ്ധി, മെഷീന് ലേണിംഗ് തുടങ്ങിയ അത്യാധുനിക സാങ്കേതിക വിദ്യ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സംരംഭമാണ് റിയാഫൈ ടെക്നോളജീസ്. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ സംരംഭം, ഗൂഗിള്‍, ആപ്പിള്‍, സാംസങ്, സോണി, സീമെന്‍സ് തുടങ്ങിയ കമ്പനികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നു. റിയാഫൈ യുടെ ആപ്പുകള്‍ക്ക് ആഗോളതലത്തില്‍ സ്വീകാര്യതയുണ്ട്. 160 രാജ്യങ്ങളിലായി 6 കോടിലേറെ യൂസര്‍മാരാണ് റിയാഫൈ ആപ്പുകള്‍ ഉപയോഗിക്കുന്നത്. 23 ആഗോള ഭാഷകളിലും ഇത് ലഭ്യമാണ്.
2018 ലെ പ്രളയ രക്ഷാപ്രവര്‍ത്തനത്തിലും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും റിയാഫൈ ഏറെ സാങ്കേതിക സേവനങ്ങള്‍ നല്‍കിയിരുന്നു. സുഹൃത്തുക്കളായ ആറ് എന്‍ജിനീയര്‍മാര്‍ ചേര്‍ന്ന് 2013 ലാണ് റിയാഫൈ ആരംഭിച്ചത്.