തിരുവനന്തപുരം: ശബരിമലയില്‍ സ്റ്റീല്‍ പാത്രങ്ങള്‍ വാങ്ങിയത് ഉള്‍പ്പെടെ 1.82 കോടി രൂപയുടെ ക്രമക്കേട് നടത്തിയ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറി വി.എസ്.ജയകുമാറിന്റെ പെന്ഷന് വെട്ടിക്കുറച്ചു. പെന്ഷന് 50 ശതമാനം സ്ഥിരമായി തടയാനും ടെര്‍മിനല്‍ സറണ്ടര്‍ ആനുകൂല്യം നിഷേധിക്കാനുമാണ് ദേവസ്വം ബോര്‍ഡ് തീരുമാനിച്ചിരിക്കുന്നത്. മുന്‍ ദേവസ്വം വകുപ്പ് മന്ത്രി വി.എസ് ശിവകുമാറിന്റെ സഹോദരനാണ് ജയകുമാര്‍.
ക്രമക്കേടുമായി ബന്ധപ്പെട്ട് ജയകുമാറിനെ സസ്പെന്‍ഡ് ചെയ്തിരുന്ന കാലയളവ്, സബ്സിസ്റ്റന്‍സ് അലവന്‍സിന് ഒഴികെ ഒരു സര്‍വീസ് ആനുകൂല്യങ്ങള്‍ക്കും കണക്കാക്കേണ്ടെന്നും തീരുമാനിച്ചു. സസ്പെന്‍ഷനില്‍ തുടരുമ്പോള്‍ 2018 ജൂലൈയില്‍ ജയകുമാര്‍ സര്‍വീസില്‍ നിന്നു വിരമിച്ചു.ശബരിമല എക്സിക്യൂട്ടീവ് ഓഫിസര്‍ ആയിരിക്കെ, ജയകുമാര്‍ വ്യാജ ബില്ലുകള്‍ നല്കി ക്രമക്കേടു നടത്തിയെന്ന സംസ്ഥാന ഓഡിറ്റ് വിഭാഗത്തിന്റെ 2015ലെ റിപ്പോര്‍ട്ടിനെ തുടര്‍ന്നു ദേവസ്വം ബോര്‍ഡിന്റെ വിജിലന്‍സ് ആന്‍ഡ് സെക്യൂരിറ്റി വിഭാഗം അന്വേഷണം നടത്തിയിരുന്നു.