ന്യൂഡല്‍ഹി: രണ്ടുദിവസത്തെ സന്ദര്‍ശനത്തിനെത്തിയ ബ്രിട്ടീഷ് വിദേശകാര്യമന്ത്രി ഡേവിഡ് ലാമിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ചര്‍ച്ചനടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താന്‍ എല്ലാസഹായവും പ്രധാനമന്ത്രി വാഗ്ദാനംചെയ്തു. ദേശസുരക്ഷ, സാമ്പത്തികവികസനം തുടങ്ങിയ കാര്യങ്ങളില്‍ സാങ്കേതികവിദ്യയുടെ വര്‍ധിച്ചുവരുന്ന പ്രാധാന്യം തിരിച്ചറിഞ്ഞ് ഇന്ത്യയും ബ്രിട്ടനും തമ്മില്‍ പുതിയ സാങ്കേതികസുരക്ഷാസംരംഭം (ടെക്‌നോളജി സെക്യൂരിറ്റി ഇനീഷ്യേറ്റീവ്) ആരംഭിക്കും. അധികാരമേറ്റശേഷമുള്ള ലാമിയുടെ ആദ്യ ഇന്ത്യാസന്ദര്‍ശനമാണിത്. ഇന്ത്യ-ബ്രിട്ടന്‍ സ്വതന്ത്രവ്യാപാരക്കരാറിനായുള്ള ചര്‍ച്ചകള്‍ പുനരുജ്ജീവിപ്പിക്കുകയാണ് സന്ദര്‍ശനത്തിന്റെ പ്രധാന ഉദ്ദേശ്യം.
ഇരുരാജ്യങ്ങളും തമ്മിലുള്ള സമഗ്രമായ തന്ത്രപ്രധാന പങ്കാളിത്തം വിപുലവും ആഴത്തിലുള്ളതുമാക്കാന്‍ ബ്രിട്ടന്‍ നല്‍കുന്ന മുന്‍ഗണനയെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ബ്രിട്ടീഷ് വിദേശകാര്യമന്ത്രിയുമായി ചര്‍ച്ചനടത്താനായതില്‍ സന്തോഷമുണ്ടെന്ന് മോദി പിന്നീട് ‘എക്‌സി’ല്‍ കുറിച്ചു. പരസ്പരബന്ധം മുന്നോട്ടുകൊണ്ടുപോകാന്‍ പ്രതിബദ്ധതയോടെ നിലകൊള്ളാനും മോദി ആഹ്വാനംചെയ്തു.
യൂറോപ്യന്‍ യൂണിയനില്‍നിന്ന് പിരിഞ്ഞശേഷം ബദല്‍ വിപണികള്‍ തേടുന്ന ബ്രിട്ടന്‍ ഏറെ പ്രതീക്ഷയോടെ കാണുന്ന സ്വതന്ത്രവ്യാപാരക്കരാറിനായുള്ള ചര്‍ച്ചകള്‍ രണ്ടുവര്‍ഷത്തിലധികമായി നടക്കുന്നുണ്ട്. ബ്രിട്ടനില്‍നിന്ന് ഇറക്കുമതിചെയ്യുന്ന ഉത്പന്നങ്ങളുടെ തീരുവ കുറയ്ക്കുന്നതിനുപകരം ഇന്ത്യന്‍ പൗരര്‍ക്ക് കൂടുതല്‍ വിസ ലഭ്യമാക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നുണ്ട്.
സന്ദര്‍ശനത്തിനിടെ ലാമി ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര്‍, കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ എന്നിവരുമായും കൂടിക്കാഴ്ച നടത്തുന്നുണ്ട്. പരിസ്ഥിതി, ബിസിനസ് രംഗങ്ങളിലെ പ്രമുഖരെയും ലാമി നേരില്‍ക്കാണും.
68 Less than a minute