BREAKINGNATIONAL

സ്വന്തമായി വീടില്ല, ഔദ്യോഗിക വസതി ഒഴിഞ്ഞശേഷം ജനങ്ങള്‍ക്കൊപ്പം കഴിയും- കെജ്രിവാള്‍

ന്യൂഡല്‍ഹി: സ്വന്തമായി വീടില്ലാത്തതിനാല്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി ഒഴിഞ്ഞശേഷം ജനങ്ങള്‍ക്കൊപ്പം അവരുടെ വീട്ടില്‍ കഴിയുമെന്ന പ്രഖ്യാപനവുമായി ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്രിവാള്‍. ജന്തര്‍മന്തറില്‍ നടന്ന ജനതാ കി അദാലത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
‘ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍തന്നെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി ഒഴിയും. എനിക്ക് സ്വന്തമായി വീടില്ല. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ജനങ്ങളുടെ ആദരവും സ്നേഹവും മാത്രമാണ് നേടാന്‍ കഴിഞ്ഞത്. ജനങ്ങള്‍ അവരുടെ വസതികള്‍ എനിക്ക് നല്‍കാമെന്ന് വാഗ്ദാനം ചെയ്യുന്നുണ്ട്. നിങ്ങളില്‍ ഒരാളുടെ വീട്ടിലേക്ക് ഞാന്‍ വരും’ അദ്ദേഹം പറഞ്ഞു.
‘മുഖ്യമന്ത്രിക്കസേര ആഗ്രഹിച്ചോ അഴിമതി നടത്തുന്നതിനോ അല്ല രാഷ്ട്രീയത്തിലേക്ക് വന്നത്. രാഷ്ട്രീയ രംഗത്ത് മാറ്റങ്ങള്‍ കൊണ്ടുവരാനാണ് വന്നത്. പണം ഉണ്ടാക്കണമായിരുന്നെങ്കില്‍ ആദായ നികുതി വകുപ്പില്‍ ജോലിചെയ്തിരുന്ന സമയത്താകാമായിരുന്നു.
രാഷ്ട്രീയക്കാര്‍ നല്ല തൊലിക്കട്ടി ഉള്ളവരാണ്. ആരോപണങ്ങളൊന്നും അവര്‍ കാര്യമാക്കാറില്ല. എന്നാല്‍ താന്‍ അഴിമതിക്കാരനും കള്ളനുമാണെന്ന ബിജെപിയുടെ ആരോപണം തന്റെ ഹൃദയം തകര്‍ത്തുകളഞ്ഞു. ജനം ചിന്തിക്കുന്നത് എന്താണെന്ന് എനിക്കറിയണം. ഞാനാണോ കള്ളന്‍, എന്നെ ജയിലില്‍ അടച്ചവരാണോ കള്ളന്മാര്‍ ? ഞാന്‍ കള്ളനായിരുന്നെങ്കില്‍ ഞാന്‍ സൗജന്യ വൈദ്യുതി നല്‍കുകയും മികച്ച സ്‌കൂളുകള്‍ സ്ഥാപിക്കുകയും ചെയ്യുമായിരുന്നോ ? സൗജന്യ വൈദ്യുതിയും വെള്ളയും മികച്ച വിദ്യാഭ്യാസവും നല്‍കിയതോടെ ഞങ്ങളെ പരാജയപ്പെടുത്തണമെങ്കില്‍ ഞങ്ങളുടെ സത്യസന്ധതയ്ക്കുനേരെ ആക്രമണം നടത്തണമെന്ന് പ്രധാനമന്ത്രി മോദിക്ക് മനസിലായി. എന്നെയും സിസോദിയയേയും പോലെയുള്ളവരെ ജയിലിലടച്ചത് അതുകൊകൊണ്ടാണ്’ കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button