ആലപ്പുഴ: ആലപ്പുഴ കളര്‍കോട് കാറപകടത്തില്‍ മരിച്ച മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ സംസ്‌കാര ചടങ്ങുകള്‍ വിവിധയിടങ്ങളിലായി നടക്കും. പാലക്കാട് സ്വദേശി ശ്രീദീപിന്റെ സംസ്‌കാര ചടങ്ങുകള്‍ ശേഖരിപുരം ചന്ദ്രനഗര്‍ ശ്മശാനത്തില്‍ വൈകിട്ട് 6 മണിയോടെ നടക്കും. മലപ്പുറം കോട്ടക്കല്‍ സ്വദേശി ദേവനന്ദന്റെ സംസ്‌കാരം കോട്ടയം പാലയിലെ കുടുംബ വീട്ടിലും മുഹമ്മദ് അബ്ദുല്‍ ജബ്ബാറിന്റെ സംസ്‌കാരം കണ്ണൂരില്‍ രാത്രി 9 മണിക്ക് മാട്ടൂല്‍ വേദാമ്പര്‍ ജുമാ മസ്ജിദ് ഖബര്‍ സ്ഥാനിലും നടക്കും. ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിമിന്റെ സംസ്‌കാര ചടങ്ങുകള്‍ എറണാകുളം ടൗണ്‍ ജുമാ മസ്ജിദില്‍ വൈകിട്ട് നടന്നു. അതേസമയം, കോട്ടയം സ്വദേശി ആയുഷ് ഷാജിയുടെ സംസ്‌കാരം കാവാലത്ത് നാളെയാണ് നടക്കുക. ഇന്‍ഡോറിലുള്ള മാതാപിതാക്കള്‍ എത്തിയാല്‍ മാത്രമേ സംസ്‌കാരം നടക്കൂ.
ആലപ്പുഴ കളര്‍കോട് അപകടത്തില്‍പ്പെട്ട് മരിച്ച 5 മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടേയും പൊതുദര്‍ശനം വണ്ടാനം മെഡിക്കല്‍ കോളേജില്‍ നടന്നു. പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്ക് ശേഷമാണ് മൃതദേഹങ്ങള്‍ വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് എത്തിച്ചത്. പൊതുദര്‍ശത്തിന് ശേഷം നാല് പേരുടെ മൃതദേഹങ്ങള്‍ സ്വദേശത്തേക്ക് കൊണ്ടുപോകും. ലക്ഷദ്വീപ് വിദ്യാര്‍ഥിയുടെ കബറടക്കം എറണാകുളം ടൗണ്‍ ജുമാ മസ്ജിദില്‍ 3 മണിയോടെ നടന്നു.
ഇന്നലെ രാത്രിയായിരുന്നു നാാടിനെയാകെ നൊമ്പരത്തിലാഴ്ത്തിയ ദാരുണമായ അപകടം ഉണ്ടായത്. ആലപ്പുഴയിലേക്ക് സിനിമയ്ക്ക് പോകുകയായിരുന്ന വണ്ടാനം മെഡിക്കല്‍ കോളേജിലെ ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥികള്‍. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം തെറ്റി എതിരെ വന്ന കെഎസ് ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കാര്‍ വെട്ടിപ്പൊളിച്ചാണ് വിദ്യാര്‍ത്ഥികളെ പുറത്ത് എടുത്തത്. കാറില്‍ 11 പേരുണ്ടായിരുന്നു. മറ്റു ആറു പേര്‍ ചികിത്സയില്‍ തുടരുകയാണ്. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. ബസ് യാത്രക്കാരായ രണ്ട് സ്ത്രീകളും ചികിത്സയിലുണ്ട്.
അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ക്ക് മികച്ച ചികിത്സ സര്‍ക്കാര്‍ ഉറപ്പാക്കുമെന്ന് മന്ത്രി പി പ്രസാദ് അറിയിച്ചു. അതീവ ദു:ഖകരമായ സംഭവമാണ് ഉണ്ടായത്. അപകടത്തില്‍ വിശദമായ അന്വേഷണം നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പരിക്കേറ്റവരുടെ ചികിത്സക്കായി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കും. പരിക്കേറ്റവരുടെ മുഴുവന്‍ ചികിത്സാ ചെലവും ഏറ്റെടുക്കുമെന്നും ആരോഗ്യ സര്‍വ്വകലാശാലയും വ്യക്തമാക്കിയിട്ടുണ്ട്.
57 1 minute read