സ്വർണ്ണക്കടത്ത് കേസിൽ സംസ്ഥാന സർക്കാരിനെ വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സോളാർ കേസിൽ സരിതയുടെ പരാതിയിൽ സിബിഐ അന്വേഷണം പ്രഖ്യാപിച്ചത് പോലെ സ്വപ്ന സുരേഷിൻറെ വെളിപ്പെടുത്തലിൽ സിബിഐ അന്വേഷണം നടത്താൻ സർക്കാരിന് ധൈര്യമുണ്ടോ എന്ന് സതീശൻ ചോദിച്ചു. സ്വർണക്കടത്ത് കേസ് അട്ടിമറിക്കാൻ നീക്കം നടക്കുന്നുവെന്നാരോപിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിൽ നിയമസഭയിൽ ചർച്ച ചെയ്യുമ്പോൾ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു കഥയും യുഡിഎഫ് മെനഞ്ഞതല്ല, എല്ലാം കൊണ്ട് വന്നത് സർക്കാർ നിയമിച്ച സ്വപ്ന സുരേഷാണെന്ന് വി ഡി സതീശൻ വിമർശിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിൽ സർവ്വ സ്വാതന്ത്രം ഉള്ള ആളായിരുന്നു സ്വപ്ന. സ്വന്തം സെക്രെട്ടറി എല്ലാ ദിവസവും വൈകീട്ട് എവിടെ പോയി എന്ന് ഇന്റലിജിൻസ് റിപ്പോർട്ട് ഉണ്ടായിരുന്നോ എന്നും സതീശൻ വിമർശിച്ചു. ഒന്നര ലക്ഷം രൂപ ശമ്പളത്തിൽ സ്വപ്നയെ വെച്ചപ്പോഴും മുഖ്യമന്ത്രി ഒന്നും അറിഞ്ഞില്ലേ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
കെ ടി ജലീൽ കൊടുത്ത കേസിലെ സാക്ഷി നിരവധി തട്ടിപ്പ് കേസിലെ പ്രതിയായ സരിത എസ് നായരാണെന്നും പരിഹസിച്ച സതീശൻ, സോളാർ കേസ് മൂന്ന് ഉദ്യോഗസ്ഥർ അന്വേഷിച്ചിട്ടും എന്തായെന്നും ചോദിച്ചു. സരിതയെ വിളിച്ച് വരുത്തി ഉമ്മൻചാണ്ടിക്കെതിരെ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട മുഖ്യമന്ത്രി സ്വപ്നയെ സംശയിക്കുമ്പോൾ ചിരിക്കുക അല്ലാതെ എന്ത് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, സ്വർണ്ണക്കടത്ത് കേസിലെ മറ്റൊരു പ്രതി ശിവശങ്കർ പുസ്തകം എഴുതിയപ്പോൾ ഒരു നടപടിയും സ്വീകരിച്ചില്ല. ഒരേ കേസിൽ 2 പ്രതികൾക്ക് രണ്ട് നീതിയാണ് നടപ്പാക്കിയതെന്നും വി ഡി സതീശൻ വിമർശിച്ചു. മറ്റൊരു പ്രതി സ്വപ്ന രഹസ്യമൊഴി നൽകിയപ്പോൾ കേസെടുത്തു. ഇതെല്ലാം നടക്കുമ്പോൾ പ്രതിപക്ഷം മിണ്ടാതിരിക്കണോ എന്നും അദ്ദേഹം ചോദിച്ചു. സോളാർ ഓർമിപ്പിച്ചു കൊണ്ടായിരുന്നു പ്രതിപക്ഷ നേതാവിൻറെ വിമർശനം. കാലം കണക്ക് ചോദിക്കുകയാണെന്ന് വി ഡി സതീശൻ കുറ്റപ്പെടുത്തി.
പേടി ഇല്ലെങ്കിൽ പിന്നെന്തിനാണ് എഡിജിപിയെ ഇടനിലക്കാരൻറെ അടുത്തേക്ക് പറഞ്ഞുവിട്ടതെന്നും എന്ത് കൊണ്ട് ഷാജിനെ അറസ്റ്റ് ചെയ്യുന്നില്ലെന്നും വി ഡി സതീശൻ ചോദിച്ചു. സ്വപ്നയുടെ വെളിപ്പെടുത്തലിൽ സിബിഐ അന്വേഷനത്തിന് ശുപാർശ ചെയ്യാൻ സർക്കാരിന് ധൈര്യം ഉണ്ടോ എന്ന് ചോദിച്ച പ്രതിപക്ഷ നേതാവ്, അഡ്വക്കേറ്റ് കൃഷ്ണരാജുമായിള്ള ബന്ധത്തെ പറ്റിയുള്ള ആരോപണത്തിന് മറുപടിയും പറഞ്ഞു. കോളേജിൽ പഠിച്ച കൃഷ്ണരാജുമായി മുപ്പത്തിലേറെ വർഷത്തെ ബന്ധമുണ്ടെന്നായിരുന്നു അദ്ദേഹത്തിൻറെ മറുപടി. കൂപമണ്ഡൂകം എന്ന വാക്കിന് ചെറിയ ലോകത്ത് നിന്ന് ചിന്തിക്കുന്ന ആൾ എണ്ണർത്ഥമേ ഉള്ളൂ എന്നും അദ്ദേഹം വിശദീകരിച്ചു. മുഖ്യമന്ത്രിയെ അപമാനിച്ചിട്ടില്ലെന്നും അങ്ങനെ ആവരുത് എന്നാണ് പറഞ്ഞതെന്നും സതീഷൻ കൂട്ടിച്ചേർത്തു. സോണിയ ഗാന്ധിയെ കുറിച് അസത്യം പറഞ്ഞതിനെതിരെയായിരുന്നു പരാമർശം എന്നും അദ്ദേഹം വ്യക്തമാക്കി. സ്വർണ്ണക്കടത്ത് കേസിൽ വിശ്വാസ്യത ഉണ്ടാക്കിയത് സർക്കാർ വെപ്രാളം പിടിച്ചു എടുത്ത നിയമ വിരുദ്ധ നടപടിയാണെന്ന് പറഞ്ഞ വി ഡി സതീശൻ സ്വപ്നയുടെ പരാതിയിൽ സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു.