BREAKING NEWSKERALALATEST

സ്വപ്‌ന സുരേഷിന്റെ നിയമനത്തില്‍ ഒരു മാറ്റവുമില്ല: പ്രോജക്ട് ഡയറക്ടര്‍

തിരുവനന്തപുരം: സ്വപ്‌ന സുരേഷിന് ഹൈറേഞ്ച് റൂറല്‍ ഡെവലപ്‌മെന്റ് സൊസൈറ്റിയില്‍ ജോലി നല്‍കിയതില്‍ ഒരു പുനര്‍വിചിന്തനവുമില്ലെന്ന് പ്രോജക്ട് ഡയറക്ടര്‍ ബിജു കൃഷ്ണന്‍. ഡോ. എസ് കൃഷ്ണകുമാറിന് സ്ഥാപനവുമായി യാതൊരു ബന്ധവുമില്ല. സാമ്പത്തിക ക്രമക്കേട് നടത്തിയതിന്റെ പേരില്‍ കൃഷ്ണകുമാറിനെ പുറത്താക്കിയതാണ്. എച്ച്.ആര്‍.ഡിഎസിന് രാഷ്ട്രീയ ബന്ധമില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
അഞ്ച് വര്‍ഷം മുന്‍പാണ് എസ് കൃഷ്ണകുമാറിനെ പ്രസിഡന്റായി നിയമിച്ചത്. അദ്ദേഹത്തിന് 87 വയസ്സുണ്ട്. പ്രായാധിക്യവും ഓര്‍മക്കുറവും ആരോഗ്യപ്രശ്‌നങ്ങളും കൂടെ സാമ്പത്തിക തട്ടിപ്പ് ആരോപണങ്ങളും ഉയര്‍ന്നപ്പോള്‍ 2021 ഓഗസ്ത് 30ന് ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗം ചര്‍ച്ച ചെയ്ത് അദ്ദേഹത്തെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കി.
സ്ഥാപനത്തിന്റെ ഡയറക്ടര്‍ ബോര്‍ഡ് ചര്‍ച്ച ചെയ്താണ് സ്വപ്‌ന സുരേഷിന്റെ നിയമനം നടത്തിയത്. സ്ഥാപനം ഒരു അംഗീകൃത എന്‍ജിഒ ആണ്. നിരവധി രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ വിശ്വസിക്കുന്നവരും പ്രവര്‍ത്തിക്കുന്നവരും സ്ഥാപനത്തിലുണ്ടെങ്കിലും സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് രാഷ്ട്രീയത്തിന്റെ ചായ്‌വുകളൊന്നുമില്ല. ഇപ്പോള്‍ സ്ഥാപനത്തില്‍ നിന്ന് പുറത്തുപോയ ആളാണ് കുറ്റം പറയുന്നത്.
ബയോഡാറ്റ പരിശോധിച്ചപ്പോള്‍ കഴിവുള്ള ആളാണ് സ്വപ്‌ന സുരേഷ് എന്ന് മനസ്സിലായി. അവര്‍ക്ക് അഞ്ച് ഭാഷ അനായാസേനെ കൈകാര്യം ചെയ്യാന്‍ കഴിയും. കോണ്‍സുലേറ്റിലും സര്‍ക്കാരിന്റെ ഐടി വകുപ്പിലുമടക്കം ജോലി ചെയ്ത പരിചയം സ്വപ്‌നയ്ക്കുണ്ട്. നിയമനം ആലോചിക്കുമ്പോഴും അവരുടെ കേസിനെ കുറിച്ച് ആലോചിട്ടില്ല, സ്വപ്‌ന സുരേഷ് കുറ്റാരോപിതയാണെന്നും അദ്ദേഹം പറഞ്ഞു. സ്ഥാപനത്തിന്റെ എല്ലാം അംഗങ്ങളുടേയും പരിപൂര്‍ണ അംഗീകാരത്തോടെയാണ് കമ്പനിയുടെ സ്ത്രീ ശാക്തീകരണത്തിന്റേയും സിഎസ്ആറിന്റേയും ചുമതല നല്‍കിയതെന്നും അദ്ദേഹം വിശദീകരിച്ചു.
സ്വര്‍ണക്കടത്തു കേസിലെ മുഖ്യപ്രതി സ്വപ്നാ സുരേഷിന് ജോലിനല്‍കിയ ഹൈറേഞ്ച് റൂറല്‍ ഡെവലപ്‌മെന്റ് സൊസൈറ്റി (എച്ച്.ആര്‍.ഡി.എസ്)ക്കെതിരേ ചെയര്‍മാനും മുന്‍ കേന്ദ്രമന്ത്രിയുമായ എസ്. കൃഷ്ണകുമാര്‍ നേരത്തെ രംഗത്തെത്തിയിരുന്നു. സെക്രട്ടറി അജികൃഷ്ണന്‍ സൊസൈറ്റി റാഞ്ചിയിരിക്കുകയാണ്. നിയമനം അസാധുവാണ്. സൊസൈറ്റിയുടെ ഔദ്യോഗിക അംഗീകാരമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.
നീതി ആയോഗ് ഉള്‍പ്പെടെയുള്ള കേന്ദ്രസര്‍ക്കാര്‍ ഏജന്‍സികള്‍ക്കും സൊസൈറ്റി രജിസ്ട്രാറിനും മുമ്പാകെയുള്ള രേഖകളില്‍ താനാണ് ഇപ്പോഴും അധ്യക്ഷന്‍. എന്നാല്‍, ഈയിടെ ഏതാനും ജീവനക്കാരുമായി ഒത്തുകളിച്ച് അജികൃഷ്ണന്‍ സൊസൈറ്റിയുടെ അധികാരം പിടിച്ചു. സ്വപ്നാ സുരേഷിന്റെ നിയമനത്തില്‍ ചെയര്‍മാനെന്ന നിലയില്‍ തനിക്ക് അറിവോ ബന്ധമോ ഇല്ല. അധ്യക്ഷനെന്ന നിലയില്‍ തന്റെയോ ബോര്‍ഡിന്റെയോ അംഗീകാരമില്ലാതെ അജികൃഷ്ണന്‍ നടത്തിയതാണ് ആ നിയമനം. അജികൃഷ്ണന്റെ നേതൃത്വത്തില്‍ എച്ച്.ആര്‍.ഡി.എസില്‍ നടക്കുന്ന നിയമവിരുദ്ധക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നും കൃഷ്ണകുമാര്‍ ആവശ്യപ്പെട്ടിരുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker