BREAKINGKERALA

സ്വഭാവ ദൂഷ്യക്കാരിയെന്ന് പ്രചരിപ്പിക്കല്‍: സ്ത്രീത്വത്തെ അപമാനിച്ചതായി കാണാനാകില്ല -ഹൈക്കോടതി

rtകൊച്ചി: സ്വഭാവ ദൂഷ്യക്കാരിയെന്ന് മറ്റുള്ളവരോട് പറഞ്ഞതിനെ സ്ത്രീത്വത്തെ അപമാനിച്ചതായി കാണാനാകില്ലെന്ന് ഹൈക്കോടതി. സ്വഭാവദൂഷ്യക്കാരിയെന്ന് മറ്റുള്ളവരോട് പറഞ്ഞതിന്റെ പേരില്‍ സ്ത്രീത്വത്തെ അപമാനിച്ചു എന്നാരോപിച്ചെടുത്ത കേസ് റദ്ദാക്കിയ ഉത്തരവിലാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ നിരീക്ഷണം. സ്വഭാവ ദൂഷ്യക്കാരിയെന്ന് പരാതിക്കാരിയെ നേരിട്ട് വിളിച്ചില്ലെന്നതിന്റെ അടിസ്ഥാനത്തിലാണ് കേസ് റദ്ദാക്കിയത്.
എറണാകുളം പൂക്കാട്ടുപടി സ്വദേശികളായ ഐ.ജെ. ആന്‍സണ്‍, രാഹുല്‍ ജോര്‍ജ്, ഡൈവിന്‍ കുരുവിള എല്‍ദോസ് എന്നിവര്‍ക്കെതിരേ കാക്കനാട് മജിസ്ട്രേറ്റ് കോടതിയിലെ തുടര്‍നടപടികളാണ് റദ്ദാക്കിയത്.
ഒരേ ഫ്‌ലാറ്റിലെ താമസക്കാരാണ് ഹര്‍ജിക്കാരും പരാതിക്കാരിയും. സ്വഭാവദൂഷ്യക്കാരിയെന്ന് പലരോടും പറഞ്ഞെന്ന സ്ത്രീയുടെ പരാതിയിലാണ് പോലീസ് സ്ത്രീത്വത്തെ അപമാനിച്ചെന്ന വകുപ്പ് ചുമത്തി കോടതിയില്‍ റിപ്പോര്‍ട്ട് ഫയല്‍ ചെയ്തത്.
എന്നാല്‍, പരാതിക്കാരിയോട് നേരിട്ടുപറഞ്ഞാല്‍ മാത്രമേ സ്ത്രിത്വത്തെ അപമാനിച്ചെന്ന കുറ്റം നിലനില്‍ക്കൂ എന്നതായിരുന്നു ഹര്‍ജിക്കാരുടെ വാദം. ഫ്‌ളാറ്റിലെ മറ്റ് അന്തേവാസികളോടും സമീപത്തെ കടയുടമകളോടും സ്വഭാവദൂഷ്യക്കാരിയാണെന്ന് പറഞ്ഞെന്നായിരുന്നു പരാതിയിലെ ആരോപണം.
പരാതിക്കാരിയെ സ്വഭാവദൂഷ്യക്കാരിയെന്ന് നേരിട്ട് വിളിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ സ്ത്രീത്വത്തെ അപമാനിച്ചെന്നകുറ്റം നിലനില്‍ക്കില്ലെന്ന് കോടതി വിലയിരുത്തി. മറ്റ് കുറ്റങ്ങള്‍ ഒരുപക്ഷേ, ബാധകമായിരിക്കുമെന്നും കോടതി പറഞ്ഞു. റെസിഡന്‍സ് അസോസിയേഷനിലെ അഭിപ്രായ ഭിന്നതയാണ് സംഭവത്തിനു പിന്നില്ലെന്നും നിരീക്ഷിച്ചു

Related Articles

Back to top button