BREAKINGINTERNATIONAL

‘സ്വയം വിവാഹം’ ചെയ്തു, വര്‍ഷം ഒന്ന് കഴിഞ്ഞപ്പോള്‍ ബോറടി, ‘വിവാഹ മോചന ഹര്‍ജി’ ഫയല്‍ ചെയ്ത് യുവതി

സാധാരണക്കാരുടെ ചിന്തകള്‍ക്ക് അപ്പുറത്താണ് പലപ്പോഴും ചിലരുടെ പ്രവര്‍ത്തികള്‍. ജീവിതത്തില്‍ വ്യത്യസ്തതയ്ക്കും വാര്‍ത്തകളില്‍ ഇടം തേടാനുമായി പലരും ചെയ്തു കൂട്ടുന്ന കാര്യങ്ങള്‍ അത്രമാത്രം വിചിത്രമായതാണ്. കഴിഞ്ഞ ദിവസം ഇത്തരത്തില്‍ വിചിത്രമായൊരു കാര്യം ഏറെ വൈറലായി. സ്വയം വിവാഹം കഴിച്ച ഒരു സ്ത്രീ തന്റെ കുടുംബ ജീവിതം ബോറടിച്ചെന്നും അതിനാല്‍ വിവാഹമോചനം നേടുകയാണെന്നും അറിയിച്ചതാണ് സംഗതി. കേട്ടപ്പോള്‍ തന്നെ ഇതെന്ത് എന്ന ചോദ്യം നിങ്ങളുടെ മനസില്‍ തോന്നിയെങ്കിലും സമൂഹ മാധ്യമത്തിലും ഇതേ ചോദ്യമായിരുന്നു കാഴ്ചക്കാരില്‍ പലരും ചോദിച്ചതും.
ബ്രസീലില്‍ നിന്നുള്ള മോഡലും ഇപ്പോള്‍ ലണ്ടനില്‍ താമിസിക്കുന്ന സമൂഹ മാധ്യമ ഇന്‍ഫ്‌ലുവന്‍സറുമായ 36 കാരിയായ സുല്ലെന്‍ കാരിയാണ് താരം. കഴിഞ്ഞ വര്‍ഷം ലണ്ടനില്‍ സ്വയം വിവാഹിതയായി വാര്‍ത്തകളില്‍ ഇടം നേടിയ സുല്ലെന്‍ കാരി ലോകശ്രദ്ധ നേടിയിരുന്നു. അതുവരെ കേട്ട് കേള്‍വിയില്ലാത്ത ഒന്നായിരുന്നു അവര്‍ ചെയ്തതെന്നത് തന്നെ കാര്യം. അവനവനെ തന്നെ വിവാഹം കഴിക്കുക. സുല്ലെന്‍ കാരിയുടെ ഈ വിചിത്രമായ വിവാഹത്തിന് പക്ഷേ. സമൂഹ മാധ്യമ ഉപയോക്താക്കളുടെ പൂര്‍ണ്ണ പിന്തുണയുമുണ്ടായിരുന്നു. സ്വയം സ്‌നേഹത്തിന്റെയും സ്വയം ബഹുമാനത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ധീരമായ പ്രവര്‍ത്തിയായി സമൂഹ മാധ്യമ ഉപയോക്താക്കള്‍ സുല്ലെന്‍ കാരിയുടെ നടപടിയെ പുകഴ്ത്തി. എന്നാല്‍ ഈ സ്വയം വിവാഹത്തിന് ഒരു വര്‍ഷത്തിന് ശേഷം തനിക്ക് ബോറടിച്ചെന്നും അതിനാല്‍ താന്‍ തന്നില്‍ നിന്ന് തന്നെ വിവാഹമോചനം നേടാന്‍ തീരുമാനിച്ചതായും സുല്ലെന്‍ പ്രഖ്യാപിച്ചത് ഏവരെയും അത്ഭുതപ്പെടുത്തി.
തന്റെ സ്വയം വിവാഹ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതിനായി ഏറെ ശ്രമിച്ചിരുന്നെന്നും സുല്ലെന്‍ അവകാശപ്പെട്ടു. ദമ്പതികളുടെ തെറാപ്പി സെഷനുകളില്‍ പങ്കെടുക്കുക എന്നതടക്കമുള്ള വിവാഹജീവിതം കാര്യക്ഷമമാക്കാനുള്ള നിരന്തര ശ്രമങ്ങള്‍ തന്റെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നെന്നാണ് സുല്ലെന്‍ അവകാശപ്പെടുന്നത്. പക്ഷേ, ഈ ബന്ധം ഇനി മുന്നോട്ട് കൊണ്ട് പോകേണ്ടതില്ലെന്നാണ് സുല്ലെന്റെ തീരുമാനം. സ്വയം വിവാഹം കഴിക്കാനുള്ള തീരുമാനത്തില്‍ ആദ്യം സംതൃപ്തി ഉണ്ടായിരുന്നു. പക്ഷേ, പോകെ പോകെ തനിക്ക് ഏകാന്തത അനുഭവപ്പെട്ടു, അങ്ങനെയാണ് ബുദ്ധിമുട്ടുള്ള ആ തീരുമാനം താന്‍ എടുത്തത്. അവനവനോടും കുടുംബത്തോടും ഒരേസമയം പ്രതിബന്ധത നിലനിര്‍ത്തുക പ്രയാസകരമാണ് എന്നായിരുന്നു എന്നാണ് സുല്ലെന്‍ അഭിപ്രായപ്പെട്ടത്.
പത്ത് തെറാപ്പി സെഷനുകള്‍ക്ക് ശേഷമാണ് താന്‍ വിവാഹമോചനത്തിനുള്ള കഠിനമായ തീരുമാനം എടുത്തത്. ഈ സെഷനുകളില്ലെല്ലാം തന്റെ ഏകാന്ത വിവാഹത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ ആത്യന്തികമായി, വിവാഹം അവസാനിപ്പിക്കുക എന്നത് സ്വയം മുന്നോട്ട് പോകാനുള്ള ഒരേയൊരു വഴിയാണെന്ന് തനിക്ക് മനസിലായെന്നും സുല്ലെന്‍ പറയുന്നു. ഒരു പുതിയ പങ്കാളിയെ കണ്ടെത്തുന്നതിനുള്ള സാധ്യതകള്‍ ഉള്‍പ്പെടെയുള്ള പുതിയ സാധ്യതകളിലേക്ക് താനിപ്പോള്‍ പാകപ്പെട്ട് വരികയാണെന്നും സുല്ലെന്‍ കൂട്ടിചേര്‍ത്തു. സുല്ലെന്റെ വെളിപ്പെടുത്തല്‍ സമൂഹ മാധ്യമ ഉപയോക്താക്കളില്‍ കുടുംബ ജീവിതം രണ്ട് പേര്‍ ചേര്‍ന്നുള്ള ഒന്നാണെന്നും അതില്‍ ഒരാള്‍ക്ക് മാത്രമായി ഒന്നും ചെയ്യാനില്ലെന്നുമുള്ള ചൂടേറിയ ചര്‍ച്ചകള്‍ക്കാണ് തുടക്കം കുറിച്ചത്.

Related Articles

Back to top button