കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ കോണ്‍ഗ്രസ്, ബിജെപി നേതാക്കളുടെ പേര് പറയാന്‍ സമ്മര്‍ദമെന്നു പരാതി. പ്രതി സരിത്ത് എന്‍ഐഎ കോടതിയിലും സരിത്തിന്റെ അമ്മ കസ്റ്റംസിനും പരാതി നല്കി. കെ.സുരേന്ദ്രന്, വി.മുരളീധരന്, രമേശ് ചെന്നിത്തല എന്നിവരുടെ പേരു പറയാനാണ് സമ്മര്‍ദം. സരിത്തിനെ ശനിയാഴ്ച നേരിട്ട് ഹാജരാക്കണമെന്ന് എന്‍ഐഎ കോടതി നിര്‍ദേശിച്ചു.
സ്വര്‍ണക്കടത്തു കേസിനോട് അനുബന്ധമായി ഡോളര്‍ക്കടത്തിലും കസ്റ്റംസ് കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു. ഡോളര്‍ക്കടത്തില്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടെന്നു സരിത്ത് മൊഴി നല്‍കിയിട്ടുണ്ട്. ആ മൊഴി കസ്റ്റംസ് ഭീഷണിപ്പെടുത്തിയാണ് പറയിച്ചത് എന്നു പറയാന്‍ സമ്മര്‍ദമുണ്ടെന്നും പരാതിയില്‍ പറയുന്നു.
കഴിഞ്ഞ ദിവസം റിമാന്‍ഡ് പുതുക്കുന്നതിനായി എന്‍ഐഎ കോടതിയില്‍ ഓണ്‍ലൈന്‍ വഴി ഹാജരാക്കിയപ്പോഴാണ് സരിത്ത് പരാതി ഉന്നയിച്ചത്. ജയില്‍ അധികൃതര്‍ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. എല്ലാ കാര്യങ്ങളും ഓണ്‍ലൈന്‍ വഴി പറയാനാകില്ലെന്നും നേരിട്ടു ഹാജരാകാന്‍ അനുവദിക്കണമെന്നും പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ അടിയന്തരമായി സരിത്തിനെ ശനിയാഴ്ച ഹാജരാക്കാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു.