BREAKING NEWSKERALA

സ്വര്‍ണക്കടത്തുകാര്‍ പാര്‍ട്ടി അംഗങ്ങളല്ല, സഹായിച്ചവരെ പുറത്താക്കി, ക്രിമിനലുകള്‍ക്ക് സംരക്ഷണമില്ല: എ വിജയരാഘവന്‍

തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസില്‍ ഉള്‍പ്പെട്ടവരാരും സിപിഎം പ്രവര്‍ത്തകരോ അംഗങ്ങളോ അല്ലെന്നു സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍. പ്രതികളെ സഹായിച്ചെന്ന ആരോപണം നേരിട്ട പാര്‍ട്ടി അംഗത്തെ പുറത്താക്കി. ക്രിമിനല്‍ പ്രവര്‍ത്തനം നടത്തുന്ന ആര്‍ക്കും പാര്‍ട്ടിയുടെ സംരക്ഷണമോ സഹായമോ കിട്ടില്ല. ഇത്തരക്കാര്‍ക്കു നിയമപരമായ ശിക്ഷ ഉറപ്പാക്കുന്നതിനായിരിക്കും പാര്‍ട്ടി നിലകൊള്ളുകയെന്നും പാര്‍ട്ടി പത്രത്തിലെഴുതിയ ലേഖനത്തില്‍ അദ്ദേഹം വ്യക്തമാക്കി.
നിയമസഭാ തിരഞ്ഞെടുപ്പിലെ ഇടതുപക്ഷ വിജയവും നയതന്ത്ര ബാഗേജ് വഴി നടന്ന കള്ളക്കടത്തിന്റെ പേരില്‍ സര്‍ക്കാരിനെയും പാര്‍ട്ടിയെയും പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള ശ്രമം പൊളിഞ്ഞതും ബിജെപിയുടെ പ്രമുഖ നേതാക്കള്‍ക്കു കൊടകര കുഴല്‍പ്പണക്കേസുമായുള്ള ബന്ധം പുറത്തുവന്നതുമാണ് സിപിഎമ്മിനെതിരെയുള്ള ആരോപണങ്ങള്‍ക്കു പിന്നിലെന്നു ലേഖനത്തില്‍ പറയുന്നു.
കേന്ദ്ര ഏജന്‍സികളുടെ ചുമതലയിലാണ് വിമാനത്താവളങ്ങളുടെ സുരക്ഷ. കള്ളക്കടത്ത് തടയാന്‍ നിയോഗിക്കപ്പെട്ട ഏജന്‍സിയാണ് കസ്റ്റംസ്. കള്ളക്കടത്ത് നിര്‍ബാധം നടക്കുന്നുണ്ടെങ്കില്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തം കേന്ദ്ര ഏജന്‍സികള്‍ക്കാണ്. സംസ്ഥാനത്തെ നാലു വിമാനത്താവളം വഴിയും കള്ളക്കടത്തായി സ്വര്‍ണം ഒഴുകുന്നുണ്ട്. ഈ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പിടിക്കപ്പെടുന്നതില്‍ അധികവും ബിജെപി, കോണ്‍ഗ്രസ്, മുസ്‌ലിം ലീഗ് പ്രവര്‍ത്തകരാണ്.
പാര്‍ട്ടിയുടെ അടിസ്ഥാന ധാരണകളെപ്പറ്റിയും ലക്ഷ്യങ്ങളെപ്പറ്റിയും മനസ്സിലാക്കാന്‍ പുതുതായി പാര്‍ട്ടിയിലേക്കു വരുന്നവര്‍ക്കു കഴിയുന്നില്ല; അല്ലെങ്കില്‍ ശ്രമിക്കുന്നില്ലെന്നും ലേഖനത്തില്‍ പറയുന്നു. പാര്‍ട്ടി അംഗങ്ങളുടെ വ്യക്തി ജീവിതവും സംശുദ്ധമായിരിക്കണമെന്നു നിര്‍ബന്ധമുള്ള പ്രസ്ഥാനമാണ് സിപിഎം. ജനങ്ങള്‍ക്കിടയില്‍ സ്വാര്‍ഥ താല്‍പര്യങ്ങളില്ലാതെ ത്യാഗപൂര്‍വം പ്രവര്‍ത്തിക്കുന്ന ലക്ഷക്കണക്കിനു പ്രവര്‍ത്തകരാണ് പാര്‍ട്ടിയുടെ കരുത്ത്.
ഇവരുടെ ആത്മാര്‍ഥതയും ലളിത ജീവിതവും സഹായമനസ്സുമാണ് കൂടുതല്‍ ജനപിന്തുണ ആര്‍ജിക്കാന്‍ പാര്‍ട്ടിയെ സഹായിക്കുന്നത്. നേതാക്കള്‍ക്കോ പ്രവര്‍ത്തകര്‍ക്കോ കമ്യൂണിസ്റ്റ് മൂല്യങ്ങള്‍ വ്യക്തി ജീവിതത്തില്‍ പുലര്‍ത്താന്‍ കഴിയുന്നില്ലെങ്കില്‍ അത് പാര്‍ട്ടിയുടെ പ്രതിച്ഛായയ്ക്കു വലിയ കളങ്കമുണ്ടാക്കുമെന്നു വ്യക്തമായി തിരിച്ചറിഞ്ഞ പാര്‍ട്ടിയാണ് സിപിഎം. അതുകൊണ്ടാണ് അംഗങ്ങളുടെ തെറ്റായ പ്രവണതകള്‍ക്കെതിരെ പാര്‍ട്ടി നിരന്തരം പോരാടുന്നതെന്നും ലേഖനത്തില്‍ പറയുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker