BREAKING NEWSKERALALATEST

സ്വര്‍ണക്കടത്ത്: അര്‍ജുന്‍ ആയങ്കി അറസ്റ്റില്‍

കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്തു കേസില്‍ അര്‍ജുന്‍ ആയങ്കി അറസ്റ്റില്‍. കൊച്ചിയിലെ കസ്റ്റംസ് സംഘമാണ് അര്‍ജുന്റെ അറസ്റ്റു രേഖപ്പെടുത്തിയത്. ഒമ്പതു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനുശേഷമാണ് അറസ്റ്റ്. തിങ്കളാഴ്ച രാവിലെയാണ് അര്‍ജുന്‍ ചോദ്യംചെയ്യലിനു കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഓഫീസില്‍ ഹാജരായത്. അഭിഭാഷകര്‍ക്കൊപ്പം എത്തിയ അര്‍ജുനെ പിന്നീട് കസ്റ്റംസ് കസ്റ്റിയിലെടുക്കുകയായിരുന്നു.
രാമനാട്ടുകരയില്‍ അഞ്ചു പേരുടെ മരണത്തിനിടയായ വാഹനാപകടവും കരിപ്പൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസ് പിടിച്ച രണ്ടരക്കിലോ സ്വര്‍ണവും തമ്മിലുള്ള ചങ്ങലക്കൊളുത്താണ് അര്‍ജുന്‍ ആയങ്കി. 2.33 കിലോ സ്വര്‍ണവുമായി പിടിയിലായ മലപ്പുറം സ്വദേശി മുഹമ്മദ് ഷെഫീക്കിന്റെ മൊഴിയില്‍ നിന്നാണ് അര്‍ജുന്‍ ആയങ്കിയുടെ പേര് പുറത്തു വന്നത്. എത്തിച്ച സ്വര്‍ണം കൊടുവള്ളി സംഘത്തിന്റേതായിരുന്നെങ്കിലും അര്‍ജുന് കൈമാറാനായിരുന്നുവെന്ന് ഷെഫീക്കിന്റെ മൊഴിയിലുണ്ട്.
സ്വര്‍ണക്കടത്തില്‍ അര്‍ജുന്‍ ആയങ്കിക്ക് നിര്‍ണായക പങ്കുണ്ടെന്നാണ് ഷഫീഖിന്റെ വെളിപ്പെടുത്തല്‍. കാരിയറായി പ്രവര്‍ത്തിച്ച ഷഫീഖിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് കസ്റ്റംസ് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിക്കു നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇതു സംബന്ധിച്ച വിവരങ്ങളുള്ളത്. ഇയാളെ കോടതി കസ്റ്റംസ് കസ്റ്റഡിയില്‍ വിട്ടു.
സ്വര്‍ണവുമായി വിമാനത്താവളത്തിലെത്തിയ ഷഫീഖിനു നിര്‍ദേശങ്ങള്‍ നല്‍കിയത് അര്‍ജുന്‍ ആയിരുന്നുവെന്ന് കസ്റ്റംസ് റിപ്പോര്‍ട്ടില്‍ പറയുന്നു. വിമാനത്താവളത്തില്‍ എത്തുമ്പോള്‍ എങ്ങനെ പെരുമാറണം എന്നതുള്‍പ്പടെയുള്ള നിര്‍ദേശങ്ങള്‍ അര്‍ജുന്‍ ഷഫീഖിനു നല്‍കി. സ്വര്‍ണക്കടത്തിനു പിന്നില്‍ ദുബായ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന മാഫിയയാണ്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker