BREAKING NEWSKERALA

സ്വര്‍ണ്ണക്കടത്തും സ്വപ്‌നയുടെ ഇടപെടലും… എല്ലാം ശിവശങ്കറിന്റെ അറിവോടെ: കസ്റ്റംസ്

കണ്ണൂര്‍: തിരുവനന്തപുരം കാര്‍ഗോ കോംപ്ലക്‌സില്‍ കള്ളക്കടത്തു സ്വര്‍ണമടങ്ങിയ നയതന്ത്ര പാഴ്‌സല്‍ തടഞ്ഞുവച്ചതു മുതല്‍ സ്വപ്ന സുരേഷിനെ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ നിരന്തരം വിളിച്ചിരുന്നുവെന്നു കസ്റ്റംസ്. സ്വര്‍ണക്കടത്തു കേസില്‍ നല്‍കിയ കാരണം കാണിക്കല്‍ നോട്ടിസിലാണ് ഈ ആരോപണമുള്ളത്.
സന്തോഷ് ഈപ്പന്‍ വാങ്ങിയ ഐഫോണിനു പുറമേ, ലാപ്‌ടോപ്, 2 വാച്ച് എന്നിവയും ശിവശങ്കറിനു ജന്മദിന സമ്മാനങ്ങളായി സ്വപ്ന നല്‍കിയിട്ടുണ്ടെന്നും നോട്ടിസില്‍ പറയുന്നു. ജൂലൈ 12നു ബെംഗളൂരുവില്‍ വച്ച് സ്വപ്ന എന്‍ഐഎയുടെ പിടിയിലാകുന്നതു വരെ ശിവശങ്കര്‍ അവരെ നിരന്തരം വിളിച്ചിരുന്നു. 2020 ജൂലൈ ഒന്നിനാണു പാഴ്‌സല്‍ തടഞ്ഞത്.
‘അറസ്റ്റ് ഭയന്നു ബെംഗളൂരുവിലേക്കു സ്വപ്നയും കുടുംബവും യാത്ര ചെയ്യുന്നതിനിടെ, സ്വപ്നയെ വാട്‌സാപ് വഴി ശിവശങ്കര്‍ വിളിച്ചിരുന്നുവെന്ന് ഒപ്പമുണ്ടായിരുന്ന സന്ദീപിന്റെ മൊഴിയിലുണ്ട്. സ്വപ്നയുടെ വീട്ടില്‍ നടന്ന പാര്‍ട്ടികളില്‍ ശിവശങ്കര്‍ പങ്കെടുത്തിട്ടുണ്ട്. കോണ്‍സല്‍ ജനറലിന്റെ സംശയകരമായ ചില ഇടപാടുകളെപ്പറ്റി അറിഞ്ഞ ഏക വ്യക്തി സ്വപ്നയാണെന്നതിനാലാണ് അവര്‍ക്കു കോണ്‍സുലേറ്റിലെ ജോലി രാജിവയ്‌ക്കേണ്ടി വന്നതെന്നു ശിവശങ്കറിന്റെ മൊഴിയുണ്ട്. ഇത്തരം ഇടപാടുകള്‍ സ്വപ്നയിലൂടെ തന്റെ പിന്‍ഗാമി അറിയരുതെന്നു കോണ്‍സല്‍ ജനറലിനു നിര്‍ബന്ധമുണ്ടായിരുന്നു. എല്ലാ വിശദാംശങ്ങളും ശിവശങ്കറിനോടു സ്വപ്ന പങ്കുവച്ചിരുന്നു.
നയതന്ത്ര ചാനല്‍ വഴിയുള്ള കള്ളക്കടത്തിനെപ്പറ്റി ശിവശങ്കറിന് അറിയാമായിരുന്നു. കോണ്‍സുലേറ്റ് വഴി കള്ളക്കടത്തു നടക്കുന്നതായി സംസ്ഥാന ഇന്റലിജന്‍സിനു വിവരമുണ്ടെന്നും സൂക്ഷിക്കണമെന്നും തങ്ങളോടു ശിവശങ്കര്‍ പറഞ്ഞതായി സ്വപ്നയും സരിത്തും മൊഴി നല്‍കിയിട്ടുണ്ട്. കള്ളക്കടത്തു നിര്‍ത്തിയാല്‍ വിദേശത്തെ സ്റ്റാര്‍ട്ടപ്പില്‍ ജോലി ശരിയാക്കിത്തരാമെന്നു ശിവശങ്കര്‍ വാഗ്ദാനം നല്‍കിയതായും സരിത്തിന്റെ മൊഴിയിലുണ്ട്.
സാനിറ്ററിവെയര്‍ ഡീലര്‍ഷിപ് ശരിയാക്കാമെന്നു ശിവശങ്കര്‍ സരിത്തിനു വാഗ്ദാനം നല്‍കിയെന്ന മൊഴി മുഖ്യമന്ത്രിയുടെ മുന്‍ ഐടി ഫെലോ അരുണ്‍ ബാലചന്ദ്രനും ശരിവയ്ക്കുന്നു. അതേസമയം, കോണ്‍സുലേറ്റില്‍ ചില രഹസ്യ ഇടപാടുകള്‍ നടക്കുന്നുവെന്നു സ്വപ്ന സൂചിപ്പിച്ചതല്ലാതെ കോണ്‍സുലേറ്റ് വഴി നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി ഒരു സൂചനയും ലഭിച്ചിട്ടില്ലെന്നാണു ശിവശങ്കറിന്റെ മൊഴിയെന്നും– നോട്ടിസില്‍ പറയുന്നു

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker