BREAKING NEWSKERALALATEST

സ്വര്‍ണ്ണ ചുരുളിലെ ‘സ്വപ്‌നാടനം’


വാര്‍ത്തകള്‍… ഒരിക്കല്‍ എഴുതിയാല്‍ പിന്നീട് ഒരിക്കലും എഴുതാന്‍ സാധിക്കാത്ത ഒന്നാണ് വാര്‍ത്ത. ഇതിനര്‍ത്ഥം വീണ്ടും അതേ വാര്‍ത്ത ഉണ്ടാകുന്നില്ല എന്നല്ല. സന്ദര്‍ഭവും സ്ഥലവും രീതിയും മാറുന്നു എന്നര്‍ത്ഥം. ഒരാള്‍ വാര്‍ത്ത താരമാകുന്നത് വളരെ പെട്ടെന്നാണ്. അത് നല്ല വാര്‍ത്തയാകാം മറ്റുചിലപ്പോള്‍ വിവാദമാകാം. എന്തായാലും ആ ആളോ സംഭവമോ ആവും ആ ദിനങ്ങളിലെ മുഖ്യചര്‍ച്ച. ഏതാനും മാസങ്ങള്‍ക്കു മുന്‍പ് പത്രങ്ങളിലും ചാനലുകളിലും സോഷ്യല്‍ മീഡിയകളിലും നിറഞ്ഞു നിന്ന രണ്ട് വ്യക്തികളുണ്ട്. ഒന്ന് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കര്‍, മറ്റൊരാള്‍ യുഎഇ കോണ്‍സുലേറ്റ് ജീവനക്കാരിയായിരുന്ന സ്വപ്‌ന സുരേഷ്. ഏറെ സംഭവബഹുലവും നാടകീയവുമായിരുന്നു ഇരുവരുമായി ബന്ധപ്പെട്ട ഓരോ വാര്‍ത്തകളും. വിമാനത്താവളത്തിലെ സ്വര്‍ണ്ണക്കടത്തില്‍ തുടങ്ങി സെക്രട്ടേറിയറ്റും മന്ത്രിമാരും സ്പീക്കറും അവരുടെ ഔദ്യോഗികം മാത്രമല്ല വ്യക്തിജീവിതം വരെ ഉള്‍പ്പെട്ട ട്വിസ്റ്റുകള്‍ നിറഞ്ഞതായിരുന്നു ഓരോ ദിവസത്തെയും വാര്‍ത്തകള്‍. പിന്നീട് ആഴ്ചകള്‍ പിന്നിട്ടതോടെ ആ വാര്‍ത്തകള്‍ക്ക് പ്രാധാന്യം കുറഞ്ഞുവന്നു. കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിഞ്ഞിരുന്ന പ്രതികള്‍ ഓരോരുത്തരായി ജാമ്യം ലഭിച്ചു പുറത്തിറങ്ങിയതോടെ വാര്‍ത്തയുടെ പ്രാധാന്യകുറഞ്ഞു ഉള്‍പേജുകൡ ലേക്കും ഒറ്റക്കോളത്തിലേക്കും പതിയെ വിസ്മൃതിയിലേക്കും നീങ്ങി.
വീണ്ടുമിതാ ശാന്തമായി നിന്ന അഗ്നിപര്‍വ്വതം പൊടുന്നനെ പൊട്ടി ലാവ പുറത്തുവരും പോലെ സ്വപ്‌നയും ശിവശങ്കറുമെല്ലാം വാര്‍ത്തതാരമായിരിക്കുന്നു. ഇതിനെല്ലാം കാരണഭൂതമായാത് ‘ അശ്വത്ഥാമാവ് വെറും ഒരു ആന’ ആണ്. എം ശിവശങ്കര്‍ സ്വന്തം ഭാഗം ന്യായീകരിക്കാന്‍ എഴുതിയ പുസ്തകത്തിലെ വരികള്‍ പുറത്തുവന്നതോടെ കഥാപാത്രങ്ങള്‍ പഴയതെങ്കിലും കഥാസന്ദര്‍ഭങ്ങളും സാരാംശവും മാറിമറിയുന്ന ട്വിസ്റ്റിലൂടെയാണ് വാര്‍ത്തകള്‍ കടന്നു പൊയ്‌ക്കൊണ്ടിരിക്കുന്നത്. സ്വയം മാന്യനാകാന്‍ കൂട്ടാളിയെ ചവിട്ടിത്താഴ്ത്തുന്ന അടവുനയം പ്രയോഗിച്ച ശിവശങ്കറിനെ, ഒഴിഞ്ഞുമാറി വെട്ടിവീഴ്ത്തിയിരിക്കുകയാണ് സ്വപ്‌ന സുരേഷ്. എല്ലാക്കുറ്റവും സ്വപ്‌നയ്ക്കു നല്‍കാന്‍ ശ്രമിച്ചെങ്കിലും അവര്‍ താനുള്‍പ്പെട്ട കേസില്‍ ശിവശങ്കറിനുള്ള പങ്ക് ലോകത്തോട് വിളിച്ചു പറഞ്ഞ് കൂടുതല്‍ ചേര്‍ത്തു പിടിച്ചിരിക്കുന്നു. ഇനിയെന്ത് എന്നറിയാന് കാത്തിരിക്കുകയാണ് മലയാളികള്‍.
2020 ജൂലൈ 5 നാണ് സംഭവങ്ങളുടെ തുടക്കം. തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റിലെ അറ്റാഷെയ്ക്കായി ദുബായില്‍ നിന്ന് എത്തിയ നയതന്ത്ര ബാഗേജില്‍ കസ്റ്റംസ് 13.5 കോടി വിലവരുന്ന 30 കിലോ സ്വര്‍ണം കണ്ടെത്തുന്നു. ഇതിനെത്തുടര്‍ന്ന് സ്വപ്‌നയിലേക്കും സന്ദീപിലേക്കും സരിത്തിലേക്കും പിന്നീട് ശിവശങ്കറിലേക്കും എത്തുന്നു. ഇവരെല്ലാം തന്നെ ഒന്നിനു പിറകെ ഒന്നായി കാരാഗ്രഹത്തിനുള്ളിലായി. മന്ത്രിഭയില്‍ മുഖ്യന്റെ ഓഫീസിനു പുറമേ സ്പീക്കര്‍ മന്ത്രി കെ ടി ജലീല്‍ എന്നിവരുടെ ഓഫീസുകളും വിവാദചുരുളില്‍ മുങ്ങി.
സ്വര്‍ണ്ണക്കടത്തു കേസിലെ വിവാദങ്ങള്‍ ഏറെ നിറഞ്ഞു നിന്നത് സ്വപ്‌ന എന്ന കേന്ദ്ര ബിന്ദുവിലായിരുന്നു. യുഎഇ കോണ്‍സുലേറ്റിലെ ഒരു ജീവനക്കാരി എന്നതിലുപരി അധികാരസിരാകേന്ദ്രങ്ങളിലെ ഇടനിലക്കാരിയായി സ്വപ്‌ന മാറി. വാര്‍ത്തകള്‍ക്ക് റേറ്റിങ് കുടും എന്നതുകൊണ്ടുതന്നെ മാധ്യമങ്ങള്‍ എല്ലാം തന്നെ സ്വപ്‌നയ്ക്ക് പ്രാധാന്യം കൊടുത്തു.സ്വപ്നയുടെ സ്വകാര്യജീവിതം വരെ മുടിനാഴിരകീറി വാര്‍ത്തയാക്കി. അതില്‍ ശിവശങ്കറുമൊത്തു ഫ്‌ലാറ്റില്‍ നടന്ന ആഘോഷങ്ങളും മുന്‍സ്പീക്കര്‍ ശ്രീരാമകൃഷ്ണനുമൊത്തുള്ള ബന്ധങ്ങളും മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത പരിപാടിയിലെ സംഘടകയായതും മുഖ്യന്റെ കുടുംബവുമായുളള ബന്ധങ്ങളും വിദ്യാഭ്യാസവും ജോലിയും എന്നു വേണ്ട സകലതും പരിശോധിക്കപ്പെട്ടു. കേസിലകപ്പെട്ട് ഒളിവില്‍ കഴിഞ്ഞിരുന്ന സ്വപ്‌ന, ലോക്ഡൗണില്‍ രാജ്യം മുഴുവന്‍ അടച്ചിടപ്പെട്ടപ്പോള്‍ തിരുവനന്തപുരത്തു നിന്ന് ബംഗളൂരു വരെ ഒരു പോലീസ് ചെക്കിങ്ങില്‍ പോലും പെടാതെ ഒളിവില്‍ കഴിയാനായി യാത്ര ചെയ്തതൊക്കെ പൊടിപ്പും തൊങ്ങലും വച്ചു വാര്‍ത്തയായെങ്കിലും എങ്ങനെ അത് സംഭവിച്ചു എന്നത് തെളിയാതെ നില്‍ക്കുന്ന ഒന്നു മാത്രമാണ്.
ശിവശങ്കര്‍ എന്ന വൃക്തി അയാളുടെ സ്ത്രീ സുഹ്യത്തിന് ജോലി വാങ്ങിക്കൊടുക്കുന്നത് തെറ്റല്ല.. പക്ഷേ അതിനു വേണ്ടി തന്റെ പദവി ഉപയോഗിച്ച് അധികാരദുര്‍വിനിയോഗം നടത്തുക, വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കുക എന്നതൊക്കെ ക്രിമിനല്‍ കുറ്റമല്ലേ.കള്ളക്കടത്തുകാരിയും അനധികൃതമായി സ്വാധീനം മാത്രം ഉപയോഗിച്ച് ഉന്നത സ്ഥാനങ്ങള്‍ നേടിയ ഒരാള്‍ മാത്രമായിരുന്നു സ്വപ്‌ന ഇന്നലെ വരെ. എന്നാല്‍ ഇന്ന് ഒരു ഇരയുടെ പരിവേഷം വന്നിരിക്കുന്നു എവര്‍ക്ക്. ശിവശങ്കര്‍ പുറത്തുവിട്ട ‘വെറുമൊരു ആന’ ഇന്ന് ഇന്ദ്രന്റെ വാഹനമായ ഐരാവതം ആയിരിക്കുകയാണ് സ്വപ്‌നയ്ക്ക്. ഒരു പുരുഷന്‍ തന്നെ ചതിച്ചു, എക്‌സ്‌പ്ലോയിറ്റ് ചെയ്തു എന്നൊക്കെ അദ്ദേഹത്തിന്റെ സുഹൃത്തായിരുന്ന സ്ത്രീ എപ്പോള്‍ വെളിപ്പെടുത്തിയാലും, അത് ഗൗരവമായ നിയമപ്രശ്‌നങ്ങള്‍ക്ക് വഴി വെയ്ക്കില്ലേ? പ്രത്യേകിച്ചും ആ പുരുഷന്‍ ഒരു ഉയര്‍ന്ന ഐഎഎസ് ഓഫീസര്‍ കൂടിയാകുമ്പോള്‍.
എത്ര വിദഗ്ധമായി മൂടി വയ്ക്കപ്പെടുന്ന സത്യവും കാലത്തിന്റെ നീതിയില്‍ ഒരിക്കല്‍ പുറത്തു വരികയും പല ബിംബങ്ങളും ഉടയുകയും കാരണക്കാരായവര്‍ സമൂഹത്തിനു മുന്നില്‍ വിചാരണ ചെയ്യപ്പെടുകയും എന്നത് വീണ്ടും തെളിയിക്കപ്പെടുകയാണ് പുതിയ കാലത്ത് പുറത്തു വരുന്ന പല വെളിപ്പെടുത്തലുകളും.
വിളിച്ചുപറയാന്‍ അവസരം കാത്തിരുന്ന സ്വപ്‌ന ചാനലായ ചാനലുകളിലൂടെയെല്ലാം സ്വയം ഒരു ഇരയുടെ പരിവേഷം നല്‍കി നിറഞ്ഞു നില്‍ക്കുന്നു, വാര്‍ത്തയിലെ ഈ ദിവസത്തെ താരമായി. നമുക്ക് കാത്തിരിക്കാം ഇനിയൊരു ട്വിസ്റ്റിനായി….

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker