തിരുവനന്തപുരം: സര്‍ക്കാര്‍ സംഘടിപ്പിച്ച സ്വീകരണപരിപാടി മാറ്റിയതറിയാതെ ഒളിമ്പിക്‌സ് മെഡല്‍ ജേതാവ് ശ്രീജേഷ് തിരുവനന്തപുരത്തെത്തി. തിങ്കളാഴ്ച സ്വീകരണമുണ്ടാകുമെന്ന് നേരത്തേയറിയിച്ച പ്രകാരമാണ് ശ്രീജേഷ് കുടുംബസമേതം ഞായറാഴ്ച എത്തിയത്.
എന്നാല്‍, ശനിയാഴ്ച രാത്രിയാണ് പരിപാടി റദ്ദാക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. ഇക്കാര്യം കൃത്യമായി ശ്രീജേഷിനെ അറിയിച്ചില്ല. ഞായറാഴ്ച എത്തിയപ്പോഴാണ് മാറ്റിവെച്ചകാര്യം അറിയുന്നത്. തുടര്‍ന്ന് തിങ്കളാഴ്ച നാട്ടിലേക്ക് മടങ്ങാനും അദ്ദേഹം തീരുമാനിച്ചു. എന്നാല്‍, സംഭവത്തെക്കുറിച്ച് ഇപ്പോള്‍ പ്രതികരിക്കാനില്ലെന്ന് ശ്രീജേഷ് പറഞ്ഞു.
വിദ്യാഭ്യാസ വകുപ്പില്‍ ജോയിന്റ് ഡയറക്ടറായ ശ്രീജേഷിനു സ്വീകരണം നല്‍കാനുള്ള ഉത്തരവാദിത്വം തങ്ങള്‍ക്കാണെന്നാണ് മന്ത്രി ശിവന്‍കുട്ടിയുടെ നിലപാട്. സ്വീകരണം നടക്കുമെന്ന് ശനിയാഴ്ച വൈകീട്ടും അദ്ദേഹം അറിയിച്ചിരുന്നു. എന്നാല്‍, ഒളിമ്പിക് മെഡല്‍ ജേതാവിന് സ്വീകരണം നല്‍കേണ്ടത് കായിക വകുപ്പാണെന്ന് മന്ത്രി അബ്ദുറഹിമാന്‍ നിലപാടെടുത്തു. തര്‍ക്കമുണ്ടായതോടെ മുഖ്യമന്ത്രി ഇടപെട്ടാണ് ചടങ്ങ് മാറ്റിവെക്കാന്‍ തീരുമാനിച്ചത്. ചടങ്ങിന്റെ ഭാഗമായി ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കള്‍ക്ക് വിദ്യാഭ്യാസ വകുപ്പില്‍ നിയമനോത്തരവ് നല്‍കാനും തീരുമാനിച്ചിരുന്നു. 24-നായിരുന്നു ആദ്യം പരിപാടി തീരുമാനിച്ചത്. എന്നാല്‍, മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവരുടെ സൗകര്യം കണക്കിലെടുത്താണ് 26-ലേക്ക് മാറ്റിയത്.
48 Less than a minute