BREAKINGKERALA

സൗദി പൗരനെ അടിച്ചുകൊലപ്പെടുത്തിയ മലയാളിയുടെ വധശിക്ഷക്ക് നടപ്പാക്കി

റിയാദ്: സൗദി പൗരനെ അടിച്ചുകൊലപ്പെടുത്തിയ കേസില്‍ മലയാളിയെ റിയാദില്‍ വധശിക്ഷക്ക് വിധേയമാക്കി. യൂസുഫ് ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ ഫഹദ് അല്‍ ദാഖിര്‍ എന്ന സ്വദേശി പൗരനെ ദൃഢമായ വസ്തു കൊണ്ട് പല തവണ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് റിയാദിലെ ജയിലില്‍ കഴിഞ്ഞിരുന്ന പാലക്കാട് ചേറുമ്പ സ്വദേശി അബ്ദുല്‍ ഖാദര്‍ അബ്ദുറഹ്‌മാന്‍ (63) എന്നയാളുടെ ശിക്ഷയാണ് വ്യാഴാഴ്ച രാവിലെ നടപ്പാക്കിയതെന്ന് സൗദി ആഭ്യന്തരമന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
കൊലപാതകം നടന്നയുടന്‍ പൊലീസ് കസ്റ്റഡിയിലായ പ്രതിക്ക് സൗദി ശരീഅ കോടതി വധശിക്ഷ വിധിക്കുകയായിരുന്നു. ശിക്ഷയില്‍ ഇളവ് തേടി സുപ്രീം കോടതിയെയും റോയല്‍ കോര്‍ട്ടിനെയും സമീപിച്ചെങ്കിലും രണ്ട് നീതിപീഠങ്ങളും അപ്പീല്‍ തള്ളി ശരീഅ കോടതി വിധി ശരിവെക്കുകയായിരുന്നു.
സൗദി വടക്കുപടിഞ്ഞാറന്‍ മേഖലയിലെ തബൂക്കില്‍ മയക്കുമരുന്നായ ആംഫറ്റാമിന്‍ ഗുളികകള്‍ കടത്തിയ കേസില്‍ പിടിയിലായ ഈദ് ബിന്‍ റാഷിദ് ബിന്‍ മുഹമ്മദ് അല്‍ അമീരി എന്ന സൗദി പൗരെന്റ വധശിക്ഷയും വ്യാഴാഴ്ച രാവിലെ നടപ്പാക്കിയെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഈ കേസിലും സുപ്രീം കോടതിയെയും റോയല്‍ കോര്‍ട്ടും അപ്പീല്‍ തള്ളി ശരീഅ കോടതി വിധി ശരിവെക്കുകയായിരുന്നു.

Related Articles

Back to top button