BREAKING NEWSNATIONAL

സൗന്ദര്യമത്സരം, റാംപില്‍ ചുവടുവച്ച് പോലീസ്; വീഡിയോ വൈറലായതോടെ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി

ചെന്നൈ: സൗന്ദര്യമത്സരത്തിനിടെ റാംപില്‍ ചുവടുവച്ച സ്‌പെഷ്യല്‍ അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് ഉള്‍പ്പെടെ അഞ്ച് പോലീസുകാരെ സ്ഥലം മാറ്റി. മയിലാടുംതുറൈ ജില്ലയിലെ സെമ്പനാര്‍കോവിലില്‍ ഒരു സ്വകാര്യ സംഘടന നടത്തിയ സൗന്ദര്യമത്സരത്തില്‍ പങ്കെടുത്ത പോലീസ് ഉദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റിയത്. നാഗപട്ടണം പോലീസ് സൂപ്രണ്ട് സ്ഥലംമാറ്റ ഉത്തരവ് പുറത്തിറക്കി.
സെമ്പനാര്‍കോവില്‍ പോലീസ് സ്റ്റേഷനില്‍ ജോലി ചെയ്തിരുന്ന സ്‌പെഷല്‍ അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ സുബ്രഹ്മണ്യന്‍, രേണുക, അശ്വിനി, നിത്യശീല, ശിവനേശന്‍ എന്നിവരെയാണ് സ്ഥലം മാറ്റിയത്. ഉദ്യോഗസ്ഥര്‍ റാംപില്‍ ചുവടുവച്ചതിന് പിന്നാലെയാണ് ഉത്തരവ് പുറത്തുവന്നത്. കഴിഞ്ഞ ഞായറാഴ്ചയാണ് സുരക്ഷയൊരുക്കാന്‍ എത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ റാംപില്‍ ചുവടുവച്ചത്.
നടി യാഷിക ആനന്ദ് പ്രത്യേക ക്ഷണിതാവായി പങ്കെടുത്ത സൗന്ദര്യമത്സരത്തില്‍ വിജയ് നായകനായ തമിഴ് ചിത്രം ‘തെരി’യിലെ ഗാനത്തിനാണ് പോലീസുകാര്‍ റാംപ് വാക്ക് നടത്തിയത്. സംഘാടകരുടെ നിര്‍ബന്ധം മൂലമാണ് പോലീസ് ഉദ്യോഗസ്ഥര്‍ റാംപില്‍ ചുവടുവച്ചതെന്ന് ചില പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സൗന്ദര്യമത്സരത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ പങ്കെടുത്ത വിവരം സമൂഹമാധ്യമങ്ങളിലടക്കം ചര്‍ച്ചയായിരുന്നു. വിമര്‍ശനം ശക്തമായതോടെയാണ് നടപടിയുണ്ടായത്. ചടങ്ങിന് സുരക്ഷ നല്‍കാന്‍ എത്തിയ പോലീസുകാരാണ് സൗന്ദര്യമത്സരത്തില്‍ പങ്കെടുത്തത്. സൗന്ദര്യമത്സരത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker