തിരുവനന്തപുരം: ബ്രഹ്‌മപുരം വിഷയത്തില്‍ പ്രതികരണവുമായി മന്ത്രി എം ബി രാജേഷിന്റെ പ്രതികരണം വരും. ഹരിത ട്രൈബുണലിന്റെ ഉത്തരവ് കോര്‍പ്പറേഷന് ലഭിച്ചുവെന്ന് എംബി രാജേഷ് പറഞ്ഞു. ഉത്തരവ് ഗൗരവത്തോടെ കാണുന്നുവെന്നും മന്ത്രി പറഞ്ഞു.
‘28,000 കോടി രൂപ വിവിധ സംസ്ഥാനങ്ങള്‍ക്ക് ട്രൈബ്യൂണല്‍ നേരത്തെ പിഴ ചുമത്തിയിരുന്നു. അപ്പോള്‍ കേരളത്തെ ഒഴിവാക്കുകയാണ് ചെയ്തത്. മാലിന്യ സംസ്‌കരണത്തില്‍ കേരളം സ്വീകരിച്ച നടപടികള്‍ അംഗീകരിച്ചാണ് ട്രൈബ്യൂണല്‍ അങ്ങനെയൊരു തീരുമാനമെടുത്തത്. ഇപ്പോള്‍ വന്ന ഉത്തരവ് ഗൗരവത്തോടെ കാണുന്നു. ബ്രഹ്‌മപുരം വിഷയത്തില്‍ സര്‍ക്കാര്‍ കൃത്യമായി ഇടപെട്ടു’- മന്ത്രി എംബി രാജേഷ് പറഞ്ഞു. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന നിര്‍ദ്ദേശത്തില്‍ ഉത്തരവ് വിശദമായി പഠിച്ച ശേഷം കൂടുതല്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
യുദ്ധ കാലാടിസ്ഥാനത്തില്‍ പരിഹരിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. കോടതിയെ സമീപിക്കുമെന്ന മേയറുടെ പ്രതികരണം ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. ആദ്യ പരിഗണന പ്രശ്നം പരിഹരിക്കുന്നതിനാണ്.
‘സംസ്ഥാനത്ത് ആകെ മാലിന്യ സംസ്‌കരണ പദ്ധതികള്‍ ഊര്‍ജ്ജിതമാക്കും. ഹരിത കര്‍മ്മ സേനയുടെ യൂസര്‍ ഫീ നിര്‍ബന്ധമാക്കും. ഫീസ് നല്‍കിയില്ലെങ്കില്‍ വസ്തു നികുതിയോടൊപ്പം ഈടാക്കും. മെയ് 31ന് മുന്‍പ് 10 മാലിന്യ സംസ്‌കരണം പ്ലാന്റുകള്‍ കമ്മീഷന്‍ ചെയ്യും’ മന്ത്രി പറഞ്ഞു.